തിരുവല്ല: അനുകൂലമായ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് നിയോജകമണ്ഡലത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാര്‍ത്ഥികളെ മത്സരിപ്പിച്ച് ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് നീക്കം. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും ഇക്കുറി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തുന്ന പുതിയ പ്രവര്‍ത്തകരും ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷികളായ പി.സി. തോമസ് വിഭാഗം, രാംവിലാസ് പാസ്വാന്റെ എല്‍ജെഡി, കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ്, ആര്‍എസ്പി താമരാക്ഷന്‍ വിഭാഗം എന്നിവരെ ഉള്പ്പടുത്തിയും എസ്എന്‍ഡിപിയുമായി സഹകരിച്ചും ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. വിശ്വകര്‍മ്മസഭ ഉള്‍പ്പെടെയുള്ള മറ്റു സാമുദായിക സംഘടനകളുമായി സഹകരിക്കാനും തീരുമാനമുണ്ട്.
നഗരസയിലെ 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞതവണ അഞ്ചു സീറ്റുകളിലാണ് ബിജെപിക്ക് വിജയിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണംപിടിക്കാനും ലക്ഷ്യമിടുന്നുണ്ട്. മുന്‍ വൈസ്ചെയര്‍മാന്‍ അഡ്വ. വി. ജിനചന്ദ്രന്, മുന്‍ കൗണ്‍സിലര്‍മാരായ സുരേഷ് ഓടയ്ക്കല്‍, എം.എസ്. മനോജ്കുമാര്‍, രാധാകൃഷ്ണ ന് വേണാട്ടില്‍ എന്നിവരെയും മത്സര രംഗത്തിറക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. രാമകൃഷ്ണപിള്ള പുളിക്കീഴ് ഡിവിഷനിലും മത്സരിക്കുവാന്‍ തീരുമാനമായി.
നെടുമ്പ്രം, കുറ്റൂര്‍, കവിയൂര്‍, ആനിക്കാട് എന്നീ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
പെരിങ്ങരയില്‍ ഇക്കുറി നാല് മുതല്‍ ഏഴ് സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ നിലവിലെ മെമ്പര്‍ ആശാദേവിയെയും, ന്യൂനപക്ഷ മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി പി.ജി. പ്രകാശിനെ 11 -ാം വാര്‍ഡിലേക്കും, 14-ാം വാര്‍ഡില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.വേണുഗോപാല്‍, കാരയ്ക്കല്‍ ബ്ലോക്ക് ഡിവിഷനിലേക്ക് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്ന സി. രവീന്ദ്രനാഥ്, ചാത്തങ്കരി ബ്ലോക്ക് ഡിവിഷനിലേക്ക് കേരള വിശ്വകര്‍മ്മസഭ താലൂക്ക് സെക്രട്ടറിയും എല്‍ജെപി ജില്ലാ പ്രസിഡന്റുമായ അഭികുമാര്‍ എന്നിവരെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
നെടുമ്പ്രം, കുറ്റൂര്‍, കവിയൂര്‍, ആനിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിലവിലുളള സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ‘ഭരണം പിടിച്ചടക്കാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമാദേവി വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവിസതീഷ്കുമാര്, ന്യുനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം റിന്സണ് തോമസ് എന്നിവര്‍ നെടുമ്പ്രം പഞ്ചായത്തിലും മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രസന്ന സതീഷിനെ കുറ്റൂരിലും, മുന്‍ ജില്ലാപ്രസിഡന്റ് ശ്രീദേവി താമരാക്ഷനെ കടപ്രയിലും മത്സരിപ്പിക്കും.
സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 12ന് മുമ്പ് ഉണ്ടാകും. 15 നകം വാര്‍ഡ് കണ്‍വന്‍ഷനുകളും 20നകം നഗരസാ ജില്ലാ പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടത്താനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുപ്പിച്ച് പ്രചരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: