കണ്ണൂര്‍: യുപിഎ ഭരണകാലത്ത് കണ്ണൂരില്‍ റെയില്‍വേയുടെ സ്ഥലത്ത് നിര്‍മിച്ച വാണിജ്യ കെട്ടിടങ്ങള്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കാതെ ഇടനിലക്കാര്‍ക്ക് സബ് ലീസിനു നല്കിയതു വഴി വ്യാപക ക്രമക്കേട്. കണ്ണൂരില്‍ 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മുപ്പതു വര്ഷക്കാലത്തേക്കു സ്വകാര്യ വ്യക്തികള്‍ക്ക് നല്കിയ ലീസില്‍ റെയില്‍വേയുടെ 24220 ചതുരശ്ര അടി(അമ്പത്തിയഞ്ചര സെന്റ്) സ്ഥലത്താണ് കണ്ണൂരിലെ എംഎഫ്സി നിര്‍മിച്ചിരിക്കുന്നത്. 13915 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബേസ്മെന്റില്‍ 32 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 13210 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ 21 കടമുറികള്‍, 4 ആങ്കര്‍ ഷോപ്പുകള്‍ ഫുഡ് കോര്‍ട്, റിസപ്ഷന് ലോബി പൊതുലോബി എന്നിവയുണ്ട്. ഒന്നാം നിലയില്‍ 19 കടമുറികളും 3 ആങ്കര്‍ സ്റ്റോറുകളും യാത്രക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ആറു മുറികളും റസ്റ്റോറണ്ടുമുണ്ട്. രണ്ടാം നിലയില്‍ 28 ഹോട്ടല്‍ മുറികളാണുള്ളത്. ഒന്നും രണ്ടും നിലകളുടെ വിസ്തീര്‍ണം 23785 ചതുരശ്ര മീറ്ററാണ്.
കെട്ടിടത്തിന്റെ വിസ്തീര്‍ണം ആകെ 50,910 ചതുരശ്ര അടിയാണ്. ഇത് വെറും 1,25,000 രൂപ പ്രതിമാസ വാടക നിശ്ചയിച്ചാണ് ഇടനിലക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്. കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയശേഷം നഗരസഭയില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പിച്ച് (ഒക്യുപന്‍സി) കെട്ടിട നമ്പരുകള്‍ നേടിയ ശേഷം മാത്രമേ മുറികള്‍ മറുപാട്ടത്തിനു നല്‍കാവൂ. എന്നാല്‍ നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാര്‍ക്ക് മറുപാട്ടത്തിനും അവര്‍ കച്ചവടക്കാര്‍ക്ക് മേല്‍ വാടകയ്ക്കും നല്‍കിയത്. ഇതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കെ.എ.ഷാജ് പ്രശാന്ത് നല്കിയ പരാതിയില്‍ നഗരസഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഒരു മാസത്തെ വാടകയാണ് കെട്ടിടങ്ങളില്‍ നിന്നും നഗരസഭയ്ക്ക് കെട്ടിട നികുതിയായി ലഭിക്കേണ്ടത്. നികുതി വെട്ടിപ്പ് ഒഴിവാക്കുന്നതിന് വാടകയുടെ നിരക്കും കണക്കാക്കപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിനു മുന്നിലെ റോഡിന്റെ വീതിയും സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്ത് കണ്ണൂരിലെ കെട്ടിടത്തിന് മാത്രം ചതുരശ്ര അടിക്ക് 189 രൂപയാണ് വാടക കണക്കാക്കിയിട്ടുള്ളത്. ഇത് 50,910 ചതുരശ്ര അടിക്ക് 96ലക്ഷത്തി21990 രൂപ വരും. എന്നാല്‍ റെയില്‍വേ പ്രതിമാസം 12,25000/രൂപയ്ക്കാണ് നിലവിലുള്ള ഇടനിലക്കാര്‍ക്ക് വാടകയ്ക്കു നല്‍കിയിട്ടുള്ളത്. ഇത് നഗരസഭ കണക്കാക്കിയ നിരക്കിന്റെ ഏഴിലൊന്നിനും താഴെയാണ്. നഗരസഭ നിശ്ചയിച്ച നിരക്കിനും മുകളിലാണ് ഇപ്പോള്‍ ഇടനിലക്കാര്‍ വാടകക്കാരില്‍ നിന്നും പിരിക്കുന്ന പ്രതിമാസ വാടക.
നഗരസഭ നിയമാനുസരണം കണക്കാക്കിയ വാടകയും, ഇര്‍കോണ്‍ ഐഎസ്എല്‍ ഇടനിലക്കാരുമായുണ്ടാക്കിയ മറുപാട്ടക്കരാറിലെ വാടകയും തമ്മില്‍ പ്രതിമാസം 8396990 രൂപയുടെ വ്യത്യാസമുണ്ട്. ഇത് 10 കോടി 8 ലക്ഷം രൂപയോളം വരും. മുപ്പതു വര്‍ഷത്തേക്കാണ് മറുപാട്ട കരാര്‍ ഈ കാലയളവില്‍ കാലാകാലങ്ങളില്‍ ഉണ്ടാകാവുന്ന വാടക വര്‍ദ്ധനവ് കണക്കാക്കാതെ തന്നെ 302 കോടി 29 ലക്ഷം രൂപയോളം വരും. കണ്ണൂരില്‍ മ3ത്രം 302 കോടി 29 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്.
റെയില്‍വേക്കുണ്ടായ നഷ്ടത്തിനു പുറമേയാണിത്. റെയില്‍വേ സ്റ്റേഷന് കെട്ടിടങ്ങള്‍ക്കു മാത്രം അര്‍ഹതപ്പെട്ട ഇളവ് ദുരുപയോഗപ്പെടുത്തി നഗരസഭകളില്‍ നിന്നും കെട്ടിട നമ്പര്‍ വാങ്ങിക്കാതെ കെട്ടിടം മറുപാട്ടം നല്‍കിയതില്‍ നടന്ന നികുതി വെട്ടിപ്പ്. കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കി ആദ്യ ടെന്റര്‍ ക്ഷണിച്ച 2012 ഒക്ടോബര്‍ മുതലുള്ള കാലയളവില്‍ നികുതി നല്‍കേണ്ടതുണ്ട്. പ്രതിവര്‍ഷം രൂപ 96 ലക്ഷത്തി 21990 രുപ പ്രകാരം നാലു വര്‍ഷത്തേക്ക് ഇത് 3,48,7960 രൂപ വരും. നഗരസഭയില്‍ നിന്നും അനുമതി ലഭിക്കുന്നതുവരെ ഈ കെട്ടിടം അനധികൃത കെട്ടിടമാണെന്നതിനാല്‍ ഈ കാലയലവില്‍ ഇതിന്റെ മൂന്നിരട്ടി നികുതി ഈടാക്കാവുന്നതാണ്. ക്രമപ്പെടുത്തലിനു പ്രത്രേക ഫീസും നല്‍കണം.
ക്രമക്കേട് സംബന്ധിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ ഗ്രീവന്‍സ് സെല്ലിനു നല്കിയ പരാതിക്കുള്ള മറുപടിയില്‍ കെട്ടിടത്തിന്റെ പണി മാത്രമാണ് ഇര്‍കോണ്‍ ഐഎസ്എല്‍ ചെയ്തിട്ടുള്ളതെന്നും ലിഫ്റ്റ് ഫര്‍ണിച്ചറുകള്‍ ഫര്‍ണിഷിങ്ങ് ട്രാന്സ്ഫൊര്മര്, ജനറേറ്റര്‍ തുടങ്ങിയവയെല്ലാം ഇടനിലക്കാരാണു സ്ഥാപിച്ചതെന്നും വൈദ്യുതി കണക്ഷന് നേടിയതും വര്‍ഷം തോറുമുള്ള മെയിന്റനന്‍സും വാടകയ്ക്കു നല്‍കലുമെല്ലാം അവരുടെ ചുമതലയാണെന്നും പറയുന്നു. അതുകൊണ്ടാന് ഓരോ മുറികളായി വാടകയ്ക്കു നല്‍കാതെ ഇത്തരത്തില്‍ ഇടനിലക്കാര്‍ക്കു നല്‍കിയതെന്നാണ് ഇര്‍കോണ്‍ ഐഎസ്ആറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി.കെ.നയ്യാര്‍ നല്കുന്ന വിശദീകരണം. സാധാരണ എല്ലാ വാണിജ്യ കെട്ടിടങ്ങളിലും വാടകക്കാര്‍ തന്നെയാണ് നിലവില്‍ ഇക്കാര്യങ്ങളിലേറെയും ചെയ്തു വരുന്നത്.
യുപിഎ ഭരണകാലത്ത് രാജ്യത്തെ തെരഞ്ഞെടുത്ത അമ്പതു റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേയുടെ സ്ഥലത്ത് നിര്‍മിച്ച വാണിജ്യ കെട്ടിടങ്ങള്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കാതെ ഇടനിലക്കാര്‍ക്ക് സബ് ലീസിനു നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: