പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള മെമ്പര്‍മാരില്‍ ആര്‍ക്കും മത്സരിക്കാന്‍ സിറ്റിംഗ് വാര്‍ഡുകളില്ല. സമീപ വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടികളുടെ അനുമതി നേടാനുള്ള ഓട്ടത്തിലാണ് ഇവരില്‍ പലരും. വനിതയടക്കം സംവരണ വാര്‍ഡുകളായി മാറിയതാണ് മെമ്പര്‍മാര്‍ക്ക് വിനയായത്. ഇപ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോര്‍ജ്ജ്,ഡോ.സജി ചാക്കോ,അഡ്വ.ഹരിദാസ് ഇടത്തിട്ട എന്നിവരടക്കം 16 മെമ്പര്‍മാരും സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനാകാത്ത സ്ഥിതിയിലാണ്. 16 മണ്ഡലങ്ങളില്‍ എട്ടെണ്ണം വനിതാ സംവരണവും ഒരെണ്ണം പട്ടികജാതി മണ്ഡലവുമായി. വനിതാ വാര്‍ഡുകളില്‍ ഒരെണ്ണം പട്ടികജാതി വനിതക്കുള്ളതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ടയുടെ കോന്നി മണ്ഡലം വനിതാ സംവരണമായി. ചിറ്റാര്‍,കൊടുമണ്‍ മണ്ഡലങ്ങളാണ് ഹരിദാസിനു മത്സരിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതിനു പാര്‍ട്ടി തീരുമാനം ആവശ്യമാണ്. കോന്നിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് അബുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ചിറ്റാറില്‍ നിലവിലുള്ള മെമ്പര്‍ സിപിഎമ്മിലെ കോമളം അനിരുദ്ധനും മണ്ഡലം നഷ്ടമായി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് അലക്സ് സ്ഥാനാര്‍ത്ഥിയായേക്കും. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനാണ് റാന്നി മണ്ഡലം. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ മലയാലപ്പുഴ മണ്ഡലം പട്ടികജാതി വനിതാ സംവരണമായി. ബാബു ജോര്‍ജ്ജിന് മത്സരിക്കാന്‍ കൊടുമണ്‍ മണ്ഡലമാണ് ആശ്രയം. റോബിന് പീറ്റര്‍ വിജയിച്ച പ്രമാടം വനിതാ മണ്ഡലമായി. ഇവിടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീല രാജന്റെ പേരുയര്‍ന്നു വന്നിട്ടുണ്ട്.
എല്‍ഡിഎഫില്‍ കോന്നിയില്‍ സിപിഐയും പ്രമാടത്ത് സിപിഎമ്മുമാണ് മത്സരിച്ചിരുന്നത്. കൊടുമണ്ണിലെ സിറ്റിംഗ് മെമ്പര്‍ പി.വിജയമ്മ ഏനാത്ത് മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന് സൂചനയുണ്ട്. പഴകുളം മധു പ്രതിനിധീകരിച്ചിരുന്ന ഏനാത്ത് മണ്ഡലവും സംവരണ പട്ടികയിലാണ്. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശോശാമ്മ തോമസ് പ്രതിനിധീകരിക്കുന്ന ആനിക്കാട് മണ്ഡലവും ജനറലായി. എല്‍ഡിഎഫിലെ ശാന്തി പി നായര്‍ പ്രതിനിധാനം ചെയ്യുന്ന മല്ലപ്പള്ളി ജനറല്‍ വാര്‍ഡായി മാറി. കോയിപ്രം വനിതാ സംവരണവും കോഴഞ്ചേരി ജനറല്‍ മണ്ഡലവുമായി. അങ്ങാടി മണ്ഡലം പട്ടികജാതി സംവരണമായതോടെ സിറ്റിംഗ് മെമ്പര്‍ മറിയാമ്മ ചെറിയാനും സീറ്റ് നഷ്ടമായി. കുളനടയിലെ ആര്.അജയകുമാറും പള്ളിക്കല്‍ മണ്ഡലത്തിലെ ശ്രീലതാ രമേശും മത്സര രംഗത്തുണ്ടാകില്ല. പുളിക്കീഴ് ജനറല്‍ മണ്ഡലമായതോടെ സിറ്റിംഗ് മെമ്പര്‍ അംബികാ മോഹനനും സീറ്റ് നഷ്ടമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാ പാര്‍ട്ടികളും പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: