കണ്ണൂര്‍: സംസ്ഥാനത്ത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സ്ഥലം കുട്ടികളുടെ മാനസികോല്ലാസാവശ്യങ്ങള്ക്ക് നീക്കിവെച്ചിട്ടുണ്ടെങ്കില്‍ അത് ആ ആവശ്യത്തിനുമാത്രമായാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശം നല്കി. മറ്റു സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ ആവശ്യത്തിനായി പാട്ടത്തിനു നല്കിയിട്ടുളള കേസുകളിലും നിര്‍ദ്ദേശം ബാധകമാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറിയും ആരംഭിക്കാനായി കോഴിക്കോട് കോര്പ്പറേഷന് റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈ സ്റ്റിന് നല്കിയ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ഡോ. എ.അച്യുതന് നല്കിയ പരാതിയിലാണ് ചെയര്‍ പേഴ്സണ്‍ ശ്രീമതി ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരടങ്ങിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ കച്ചേരി വില്ലേജില്‍ ചക്കോരത്തുകുളത്തെ സ്ഥലം കോഴിക്കോട് കോര്പ്പറേഷന് 1974-ല്‍ കുട്ടികളുടെ ലൈബ്രറിയും ട്രാഫിക് പാര്‍ക്കും സ്ഥാപിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റിന് നല്‍കിയെന്ന് പരാതിക്കാരന് ബോധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ലൈബ്രറിയും ട്രാഫിക് പാര്‍ക്കും പ്രവര്‍ത്തിക്കുന്നില്ലെന്നും കരാറിന് വിപരീതമായി അവിടെ ഹാള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്കി വരികയാണെന്നുമാണ് പരാതി. കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കത്തക്കതരത്തില് പുതിയ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുവെന്ന് കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറി ഉറപ്പു വരുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. പാര്‍ക്കിന്റെ ചുറ്റുമതില്‍ നീക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജ്ജീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവിടെയുളള ലൈബ്രറി കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന രൂപത്തില്‍ റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് സജ്ജമാക്കണം. ലൈബ്രറിക്ക് ആവശ്യമായ പുസ്തകം, ലൈബ്രേറിയന്‍, ആവശ്യമായ മറ്റു സാഹചര്യങ്ങള്‍ എന്നിവ കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറി ഉറപ്പുവരുത്തണം. ലൈബ്രേറിയന്റെ സേവനം ഉറപ്പാക്കേണ്ടതും പുതിയ പുസ്തകങ്ങളും മറ്റും സജ്ജീകരിക്കേണ്ടതും റോട്ടറി ക്ലബ്ബ് ആണ്. പാര്‍ക്കിന്റെ പരിസരത്തെ മാലിന്യനിക്ഷേപം തടയേണ്ടതും പരിസരം ശുചിയായി സൂക്ഷിക്കേണ്ടതും കോര്പ്പറേഷന് സെക്രട്ടറിയുടെ ഉത്തരവാദിത്തമായിരിക്കും. ഉത്തരവ് നടപ്പാക്കിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: