തൊടുപുഴ : സമഗ്ര റോഡ് സുരക്ഷാ സര്‍വ്വേയുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡിന്റെയും ജെആര്സിയുടേയും നേതൃത്വത്തിലാണ് ഏകദിന സര്‍വ്വേ നടന്നത്. നഗരസഭ ചെയര്മാന് ഉദ്ഘാടനം ചെയ്ത പ്രോഗ്രാം നഗരത്തിലെ തിരക്കേറിയ എട്ടോളം ഇടങ്ങളിലാണ് നടന്നത്. കുട്ടികള്‍ ഇത്തരം ഒരു സര്‍വ്വേയുമായി എത്തിയത് ഓട്ടോ തൊഴിലാളികളേയും കാല്‍നട യാത്രക്കാരെയും കൗതുകത്തിലാഴ്ത്തി. പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, സിവില്‍ സ്റ്റേഷന് സമീപം, ഗാന്ധി സക്വയറിന് സമീപം, ഹൈറേഞ്ച് ജംഗ്ഷന്, കോതായിക്കുന്ന് ബൈപ്പാസ്, ധന്വന്തരി ജംഗ്്ഷന്, കാഡ്സ് ജംഗ്്ഷന്, പുതിയപാലം, കോതായിക്കുന്ന് ബൈപാസ് എന്നിവിടങ്ങളിലാണ് നാല് വ്യത്യസ്ത സമയങ്ങളിലായി 15 മിനിട്ട് വീതം സര്‍വ്വേ നടന്നത്. ഈ സമയം ഇതുവഴി കടുന്നുപോകുന്ന വാഹനങ്ങള്‍ ഇനം തിരിച്ച് കണക്കെടുത്തു കുരുന്നുകള്‍. വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും 50 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. നഗരത്തിലെ ഗതാഗത പരിഷ്കാരത്തിനായി ഇതില്‍ പൊതുജനങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ ക്രോഡീകരിച്ച് കടന്നുപോകുന്ന വാഹനങ്ങളുടേയും നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും പഠിച്ച് വിലയിരുത്തി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് സ്കൂളിലെ അദ്ധ്യാപകര്‍ പറഞ്ഞു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് 60 കുട്ടികള്‍ അടങ്ങുന്ന സംഘം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്. 10 ദിവസത്തിനകം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നഗരസഭയ്ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: