കാല്‍പ്പന്ത് കളിയിലെ ഇന്ത്യന്‍ എഡിഷന് അരങ്ങുണരാന്‍ ഇനി പതിനൊന്ന് നാള്. ആദ്യ സീസണിലൂടെത്തന്നെ കളിമികവും ആരാധക പിന്തുണയും കൊണ്ട് ലീഗ് ഫുട്ബോളിന്റെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിന് ഒക്ടോബര്‍ മൂന്നിന് വിസില്‍ മുഴങ്ങും; രാത്രി ഏഴിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍. ഏഷ്യയുടെ മാത്രമല്ല, യൂറോപ്പിന്റെയും അമെരിക്കയുടെയുമെല്ലാം ശ്രദ്ധയില്‍ ഇനി കുറച്ചുനാള്‍ ഇനി ഇന്ത്യയുമുണ്ടാകും. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തയും സെമിയില്‍ വീണതിന്റെ നഷ്ടബോധം തീര്‍ക്കാന്‍ കച്ചമുറുക്കുന്ന ചെന്നൈയിന് എഫ്സിയും ആദ്യ അങ്കത്തില്‍ നേര്‍ക്കുനേര്‍ എത്തും. ഡിസംബര്‍ 20 വരെയുള്ള രണ്ടര മാസത്തോളും ഇനിയെല്ലാം ഫുട്ബോളിന്റെ വഴിക്ക്…
ലോകത്തെ പുകള്‍പെറ്റ ഫുട്ബോള്‍ ലീഗുകളുടെ പട്ടികയിലേക്കാണ് ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പ്രവേശിച്ചത്. ക്രിക്കറ്റിന് മാത്രമേ ഇന്ത്യയില്‍ ആരാധകരെ കിട്ടൂയെന്ന ചീത്തപ്പേരും ഐഎസ്എല്‍ തിരുത്തി. സ്റ്റേഡിയത്തിലെത്തി കളികണ്ടവരുടെ എണ്ണം ലീഗിനെ ലോകശ്രദ്ധയിലെത്തിച്ചു. നേരിട്ട് കളികാണാനെത്തുന്നവരുടെ എണ്ണത്തില്‍ ലീഗ് ആദ്യ സീസണില്‍ തന്നെ ലോകത്ത് നാലാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ 61 മത്സരങ്ങളില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകള്‍ സ്റ്റേഡിയങ്ങളിലെത്തി. കാണികളുടെ പിന്തുണയില്‍ ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് ജര്‍മനിയിലെ ബുന്ദസ് ലിഗാ. പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്. പണക്കൊഴുപ്പിലും പാരമ്പര്യത്തിലും ഏറെ മുന്നിലുള്ള ഈ ലീഗുകള്‍ക്ക് ഒപ്പമൊപ്പമെത്തി ആദ്യ സീസണില്‍ ഐഎസ്എല്‍. ശരാശരി 26,505 പേര് ഓരോ മത്സരവും നേരിട്ട് കണ്ടു. ടിവിയിലൂടെ കണ്ടവരുടെ എണ്ണവും കൂട്ടിയാല്‍ ഇതു കോടികളിലെത്തും.
ഏഷ്യയിലെ ഏറ്റവും വലിയ ലീഗെന്ന ഖ്യാതിയും ആദ്യ എഡിഷനിലൂടെ ഐഎസ്എല്‍ സ്വന്തമാക്കി. ഉദ്ഘാടന മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ കാണികളെത്തിയത്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അത്ലറ്റികോ കൊല്‍ക്കത്ത-മുംബൈ സിറ്റി എഫ്സി മത്സരം കണ്ടത് 65,000 പേര്. എന്നാല്‍, കാണികളുടെ ശരാശരിയില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുന്നില്‍. ഇവിടെ നടന്ന കളികള്‍ കാണാന്‍ ശരാശരി അന്‍പതിനായിരത്തോളം കാണികള്‍ ഒഴുകിയെത്തി.
ആദ്യ സീസണില്‍ ഇരുപാദ സെമിഫൈനലുകളും ഫൈനലും ഉള്‍പ്പെടെ മൊത്തം 61 വാശിയേറിയ പോരാട്ടങ്ങള്‍. ഇത്രയും കളികളില്‍ നിന്ന് 2.11 ശരാശരിയില്‍ ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 129 ഗോളുകള്‍. സ്വന്തം തട്ടകത്തില്‍ ഏറ്റവും മികച്ച വിജയം നേടിയത് മുംബൈ സിറ്റി എഫ്സി. 2014 ഒക്ടോബര്‍ 18ന് പൂനെ സിറ്റിയെ 5-0ന് തുരത്തി. ഈ മത്സരത്തില്‍ മുംബൈയുടെ ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്സ് ചാമ്പ്യന്‍ഷിപ്പിലെ ഏക ഹാട്രിക്കും സ്വന്തമാക്കി.
അതേസമയം, എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത് ഗോവ എഫ്സി. നവംബര്‍ 13ന് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദല്‍ഹി ഡൈനാമോസിനെ കീഴടക്കി. ഏറ്റവും ഗോളുകള്‍ പിറവിയെടുത്തത് ചെന്നൈയിന് എഫ്സി-മുംബൈ സിറ്റി എഫ്സി മത്സരത്തില്‍. ഈ കളിയില്‍ പിറന്നത് ആറ് ഗോളുകള്‍.
ആദ്യ പതിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ എതിരാളികളുടെ വല ചലിപ്പിച്ചത് ചെന്നൈയിന് എഫ്സി. ആദ്യ റൗണ്ടിലെ പതിനാലും, രണ്ട് സെമിഫൈനലും ഉള്‍പ്പെടെ 16 കളികളില്‍ നിന്ന് അവര്‍ 28 ഗോളുകള്‍ അടിച്ചുകൂട്ടി. ഏറ്റവും കുറവ് ഗോളുകള്‍ നേടിയതും വഴങ്ങിയതും കേരള ബ്ലാസ്റ്റേഴ്സ്. 16 കളികളില്‍ നേടിയത് 13 ഗോളുകള്‍, വഴങ്ങിയത് 14. പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയത് മുംബൈ സിറ്റി എഫ്സി. 14 കളികളില്‍ നിന്ന് 21 ഗോളുകള്‍. സെമി ഉള്‍പ്പെടെയുള്ളത് കണക്കിലെടുത്താല്‍ ചെന്നൈയിന് എഫ്സി 24 ഗോളുകള്‍ വഴങ്ങി.
ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിച്ച മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇല്ല. ആരാധക ഹൃദയം കവര്‍ന്ന ഈ താരത്തെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. ഒരു കാലത്ത് തങ്ങളുടെ കാലുകള്‍ കൊണ്ട് പന്തിനെ അമ്മാനമാടിയ അലക്സാന്ദ്രെ ഡെല്‍പിയറോ, എലാനോ, ജോണ്‍ കേപ്ഡിവിയ, നിക്കോളാസ് അനല്‍ക്ക, ഡേവിഡ് ട്രസഗ്വറ്റ്, ലൂയിസ് ഗാര്‍ഷ്യ, റോബര്‍ട്ട് പിറസ്, ഫ്രെഡ്രിക് ലുങ്ബര്‍ഗ്, കോസ്റ്റാസ് കറ്റ്സോറാനിസ്, ഡേവിഡ് ജെയിംസ്, മാര്‍ക്കോ മറ്റരാസി തുടങ്ങിയ ലോകോത്തര താരങ്ങളാണ് വിവിധ ടീമുകളുടെ മാര്‍ക്വീ താരങ്ങളായി വന്നത്. ഇവരെ നേരില്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടിയ അവസരം സ്റ്റേഡിയങ്ങളില്‍ ആഘോഷമാക്കി ആരാധകര്‍.
ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം ബ്രസീലിന്റെ മുന്‍ സ്റ്റോപ്പര്‍ ബാക്ക് റോബര്‍ട്ടോ കാര്‍ലോസ്. ദല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വീതാരവും പരിശീലകനുമായാണ് കാര്‍ലോസ് ഇന്ത്യയിലെത്തുന്നത്. ഇത്തവണയും എട്ട് ടീമുകള്‍ മൈതാനത്തെ തീപിടിപ്പിക്കാന്‍ അണിനിരക്കും. ചാമ്പ്യന്മാര് അത്ലറ്റികോ ഡി കൊല്‍ക്കത്ത, റണ്ണേഴ്സപ്പ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്, സെമിഫൈനലിസ്റ്റുകള്‍ ചെന്നൈയിന് എഫ്സി, ഗോവ എഫ്സി, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംയുക്ത ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, പൂനെ സിറ്റി എഫ്സി, ദല്‍ഹി ഡൈനാമോസ് എന്നിവ. ടീമുകളെല്ലാംതന്നെ വിദേശങ്ങളിലും നാട്ടിലുമായി കഠിന പരിശീലനത്തില്‍.
സൗഹൃദ മത്സരങ്ങളിലൂടെ കുറ്റങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് ആവനാഴിയിലെ അസ്ത്രങ്ങള്‍ തേച്ചുമിനുക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു തുടങ്ങി ടീമുകള്‍.
കഴിഞ്ഞ സീസണിലെ മാര്‍ക്വീ താരങ്ങളും മറ്റ് പ്രധാന വിദേശികളും പ്രായമേറിയവരായിരുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ലീഗിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിനു കാരണമായത്. ആശങ്കകളൊഴിഞ്ഞതോടെ മാര്‍ക്വീ താരങ്ങളൊഴികെ വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി യുവതാരങ്ങളെയാണ് എല്ലാ ടീമുകളും സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് താരം ഹെല്‍ഡര്‍ പോസ്റ്റിഗ (അത്ലറ്റികോ ഡി കൊല്‍ക്കത്ത), ബ്രസീലിയന്‍ താരങ്ങളായ എലാനോ (ചെന്നൈയിന് എഫ്സി), റോബര്‍ട്ടോ കാര്‍ലോസ് (ദല്‍ഹി ഡൈനാമോസ്), ലൂസിയോ (എഫ്സി ഗോവ), സ്പാനിഷ് താരം കാര്‍ലോസ് മര്‍ച്ചേന (കേരള ബ്ലാസ്റ്റേഴ്സ്), ഫ്രഞ്ച് താരം നിക്കോളാസ് അനല്‍ക (മുംബൈ സിറ്റി എഫ്സി), പോര്‍ച്ചുഗലിന്റെ സിമാവോ സംബ്രോസ (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), റുമാനിയയുടെ അഡ്രിയാന്‍ മുട്ടു (പൂനെ സിറ്റി) എന്നിവരാണ് ഇൗ സീസണിലെ മാര്‍ക്വീ താരങ്ങള്‍.
പതിനൊന്ന് ദിവസത്തെ കാത്തിരിപ്പ് രണ്ടാം പതിപ്പിന് പന്തുരുളാന്‍. ഇനി മനസും കണ്ണും കാതുമെല്ലാം ലോക ഫുട്ബോളിലെ മിന്നും താരങ്ങളുടെ ഡ്രിബ്ലിങ്ങിനും ടാക്ലിങ്ങിനും പിന്നാലെ. സുന്ദര മനോഹര ഗോളുകള്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: