തളിപ്പറമ്പ്: ശിഖരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കൂട് തകര്‍ന്ന് നിലത്തുവീണ കാക്കക്കുഞ്ഞുങ്ങള്‍ക്ക് മൃഗക്ഷേമ പ്രവര്‍ത്തകരുടെ സാന്ത്വനം. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലെ തേക്കുമരത്തിന്റെ ശിഖരങ്ങള്‍ യാതൊരാവശ്യവുമില്ലാതെ വെട്ടിമാറ്റിയപ്പോഴാണ് മരത്തില്‍ കൂടുകൂട്ടിയ കാക്കയുടെ കൂടിനൊപ്പം കുഞ്ഞുങ്ങളും നിലത്ത് വീണത്. നഗരസഭ ടൗണ്‍ സ്ക്വയറിന്റെ മേല്‍പ്പുര നിര്‍മ്മാണത്തിന് തടസ്സമായ തേക്കുമരം ഞായറാഴ്ച്ച രാത്രിയിലാണ് മുറിച്ചുനീക്കിയത്. എന്നാല്‍ ഇതോടൊപ്പം ആ പരിസരത്ത് നിന്ന് ഏറെ മാറി നില്ക്കുന്ന മറ്റൊരു തേക്ക്് മര ശിഖരം കൂടി വെട്ടിമാറ്റിയതാണ് മരത്തില്‍ വര്‍ഷങ്ങളായി കൂടുകൂട്ടിയ കാക്കക്കും കുഞ്ഞുങ്ങള്‍ക്കും വിനയായത്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വീണു കിടന്ന ചിറകുമുളക്കാത്ത കുഞ്ഞുങ്ങളെ നോക്കി ശിഖരങ്ങളില്ലാതായ തേക്കുമരത്തിന്റെ മുകളിലിരുന്ന് കരഞ്ഞുവിളിക്കുന്ന തള്ളക്കാക്ക ഏത് കഠിന ഹൃദയന്റെയും ഉള്ളുലക്കുന്നതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പിലെ മൃഗക്ഷേമ പ്രവര്‍ത്തകരായ ആനിമല്‍ ആന്‍ഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന തറയില്‍ നിന്ന് മാറ്റിയശേഷം റബ്ബര്‍ കൂട്ട കൊണ്ടുവന്ന് കാക്കക്കുഞ്ഞുങ്ങളെ കൂട്ടയിലാക്കി മരത്തിന്റെ ശിഖരത്തിലേക്ക് കയറ്റിവെക്കുകയായിരുന്നു. ട്രസ്റ്റ് സെക്രട്ടറി കടച്ചി രഞ്ജിത്ത്, പി.രാജന്, വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുഭാഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് കാക്കക്കുഞ്ഞുങ്ങലെ രക്ഷപ്പെടുത്തിയത്. ടൗണ്സ്്ക്വയറിന്റെ മേല്‍പ്പുര നിര്‍മ്മാണത്തിന് തടസ്സം നില്ക്കുന്ന തേക്കുമരം മുറിക്കുന്നതിന് നാട്ടുകാര്‍ സര്‍വ്വാത്മനാ പിന്തുണയറിയിച്ചത് മുതലെടുത്ത് വര്‍ഷങ്ങളായി ബസ്റ്റാന്റ് പരിസരത്ത് യാത്രക്കാര്‍ക്ക് തണല്‍ നല്കുന്ന ആരെയും ഒരുതരത്തിലും ബാധിക്കാത്ത തേക്കുമരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ഈ മരവും മുറിക്കുക എന്ന ഗൂഢലക്ഷ്യം ശിഖരം മുറിച്ചതിന് പിറകിലുണ്ടന്ന സംശയത്തിലാണ് നാട്ടുകാരും പ്രകൃതിസ്നേഹികളും. ഞായറാഴ്ച്ച രാത്രി പൂര്‍ണ്ണമായും മുറിച്ച തേക്കുമരം നഗരസഭാ വളപ്പിലെത്തിച്ചിട്ടുണ്ട്. സാമൂഹ്യവനവല്‍ക്കരണ വിഭാഗം നല്കിയ എസ്റ്റിമേറ്റില്‍ മുറിച്ചുനീക്കിയ മരത്തിന് രണ്ടുലക്ഷത്തോളം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഇത് കാരണം ലേലം നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: