തൊടുപുഴ : കുഴികള്‍ നിറഞ്ഞ് തൊടുപുഴ നഗരം. വാട്ടര്‍ അതോരിറ്റി പൈപ്പ് മാറിയിടുന്നതിനായി കുഴിച്ച കുഴികളാണ് ദുരിതമായി മാറിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഒട്ടുമിക്ക റോഡുകളിലും ഗതാഗതകുരുക്ക് വാഹനയാത്രക്കാരെ വലയ്ക്കുന്നു. ഇടുക്കി റോഡില്‍ ഗാന്ധി സ്ക്വയര്‍ മുതല്‍ പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയുള്ള ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. അമ്പലം ബൈപ്പാസ്, പാല റോഡ്, മാര്‍ക്കറ്റ് റോഡ്, മുവാറ്റുപുഴ റോഡ്, കുട്ടപ്പാസ് റോഡ്, കിഴക്കേയറ്റം, മങ്ങാട്ടുകവല ജംഗ്ഷന്, കാഞ്ഞിരമറ്റം ജംഗ്ഷന്, അമ്പലം റോഡ്, കാരിക്കോട് – പേട്ട റോഡ്, ഐഎംഎ റോഡ്, മങ്ങാട്ടുകവല -കാരിക്കോട് റോഡ്, മങ്ങാട്ടുകവല മുതലക്കോടം റോഡ് തുടങ്ങിയ റോഡുകള്‍ തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ആയിട്ടില്ല. മൂന്നാര്‍ മോഡല്‍ സമരമാണ് ഇവിടെയും നടത്തേണ്ടതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. റോഡിന്റെ ഇരുവശവും കുഴിച്ചതിന് പിന്നാലെ പ്രധാന ജംഗ്ഷനുകളിലെല്ലാം റോഡിന്റെ നടുവെ കുഴിച്ചിരിക്കുന്നത് ഇരുചക്ര, കാര്‍ യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. മങ്ങാട്ടുകവല – കാഞ്ഞിരമറ്റം ബൈപ്പാസ് തുടങ്ങുന്നിടത്തും ഇവിടെനിന്നും മുതലക്കോടം റോഡ് തുടങ്ങുന്നിടത്തും റോഡ് നെടുകെ മുറിച്ചിട്ടിരിക്കുകയാണ്. തിരക്കേറിയ സമയങ്ങളില്‍ ഇവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കില്‍ നിരവധി വാഹനങ്ങളാണ് കുരുങ്ങുന്നത്. മങ്ങാട്ടുകവല – മുതലക്കോടം റോഡില്‍ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് കുഴിയായി കിടക്കുകയാണ്. മിക്ക റോഡുകളിലും താല്‍ക്കാലികമായി നിരത്തിയ പാറമക്കും ഒലിച്ചുപോയതോടെ കുഴികള്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.
ദുരിതമായി പൈപ്പ് പൊട്ടല്‍
പൊട്ടിയ പൈപ്പുകള്‍ നന്നാക്കാതെ കുഴിയടച്ച് തടിതപ്പുകയാണ് വാട്ടര്‍ അതോരിറ്റി കരാര്‍ ജീവനക്കാര്‍ നഗരത്തില്‍ ചെയ്യുന്നത്. പൈപ്പ് പൊട്ടിയ ഇടങ്ങളില്‍ വീണ്ടും വീണ്ടും തകരാറുകള്‍ ഉണ്ടാകുന്നത് നഗരത്തിലെ നിത്യ കാഴ്ചയാണ്. പണി പൂര്‍ത്തിയാകാതെ കിഴക്കേയറ്റത്ത് കുഴി മൂടാന്‍ ശ്രമിച്ചത് ഓട്ടോതൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവിടെയുള്ള ഉറവയാണ് വെള്ളം ഒഴുകുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
മഴ മാറാതെ പണി ആരംഭിക്കാനാവില്ല
മഴ മാറാതെ പണി നടത്താനാവില്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. വാട്ടര്‍ അതോരിറ്റിയുടെ പണികള്‍ പൂര്‍ണ്ണമായും തീരാത്തതാണ് മറ്റൊരു പ്രശ്നം. നഗരത്തില്‍ ഇനിയും പണികള്‍ അവസാനിക്കാനുണ്ട്. കുട്ടപ്പാസ് റോഡിലാണ് ഇനി പണി തീരാനുള്ളത്. 8 കോടി രൂപയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോരിറ്റി സമര്‍പ്പിച്ചെങ്കിലും 5.30 കോടിയോളം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. ഈ പണം ട്രഷറിയില്‍ നിന്ന് മടക്കികിട്ടാത്തതാണ് പണി തുടങ്ങാന്‍ തടസമായിരിക്കുന്നത്.
പണികള്‍ വേഗം തീര്‍ക്കും
ജനങ്ങളുടെ യാത്രാദുരിതത്തിന് പരമാവധി വേഗം പരിഹാരം കാണുമെന്ന് അധികൃതര്‍ പറയുന്നു. ട്രഷറിയില്‍ നിന്നും ചെക്ക് മാറിക്കിട്ടുന്ന മുറയ്ക്ക് പണികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: