കണ്ണൂര്‍: മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ക്കുള്ള വരുമാനപരിധി 2 ലക്ഷം രൂപയില്‍ നിന്ന 6 ലക്ഷം രൂപയാക്കണമെന്ന് കണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച സമുന്നതി സൗഹൃദവേദി ആവശ്യപ്പെട്ടു. വരുമാനപരിധി 2 ലക്ഷമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നാമമാത്രമായി മാത്രമേ ലഭിക്കുന്നുള്ളൂ. ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതരത്തില്‍ വരുമാന പരിധിയുടെ കാര്യത്തില്‍ മുന്നോക്ക സമുദായങ്ങളെയും പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ മേഖല ഓഫീസ് കണ്ണൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.മാധവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന് പ്രസിഡണ്ട് എന്‍.ഒ.നാരായണന് നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി വി.കെ.കൃഷ്ണന് നമ്പൂതിരി, യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി എം.പി.രാധാകൃഷ്ണന്, വാര്യര്‍ സമാജം ജില്ലാ പ്രസിഡണ്ട് ടി.ഗംഗാധരന് വാര്യര്‍, ടി.ഉണ്ണികൃഷ്ണന്, എ.കെ.രാമകൃഷ്ണന്, പി.സൂര്യദാസ്, അഡ്വ.പി.വിജയന്, പി.കെ.ജയന് എന്നിവര്‍ പ്രസംഗിച്ചു. ശിവദാസന്‍ കരിപ്പാല്‍ സ്വാഗതം പറഞ്ഞു.
സമുന്നതി സൗഹൃദ വേദി ചെയര്‍മാനായി പി.മാധവന് മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി ശിവദാസന്‍ കരിപ്പാലിനേയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍ എ.കെ.രാമകൃഷ്ണന്, വി.വി.മുരളീധരവാര്യര്‍, വി.കെ.കൃഷ്ണന് നമ്പൂതിരി (വൈസ് ചെയര്മാന്), അഡ്വ.പി.പി.വിജയന്, പി.കെ.ജയന് (കണ്‍വീനര്‍), ടി.ഉണ്ണികൃഷ്ണന് (ട്രഷറര്‍)
പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍വഴിയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമുന്നതി സൗഹൃദവേദിയുടെ നേതൃത്വത്തില്‍ നടക്കും. മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതികളും നടപ്പാക്കും. ജില്ലാതലത്തിലും യൂണിറ്റ് തലത്തിലും കമ്മറ്റികള്‍ തുടങ്ങാനും സൗഹൃദവേദിക്ക് പരിപാടിയുണ്ട്. മുന്നോക്ക ക്ഷേമ കോര്പ്പറേഷന് ഡയറക്ടറായി നിയമിതനായ എം.പി.മുരളിക്ക് 25ന് 9 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍വെച്ച് സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: