സ്വച്ഛഭാരതതിന്റെ തനിമയും സ്വഭാവവും അറിയണമെങ്കില്‍ ആധ്യാത്മിക ചൈതന്യത്തിനൊപ്പം മാനവികത കളിയാടുന്ന ബേലൂര്‍ മഠത്തിലും പരിസരങ്ങളിലുമെത്തണം. പാര്‍ക്കിങ് സ്ഥലം വരെ സുന്ദരം. സ്വച്ഛ്ഭാരതിന് സ്വാഗതമോതിയുള്ള ബാനറും എഴുത്തും പലയിടത്തും കാണാം. ഹൗറ മുനിസിപ്പാലിറ്റിയില്‍പ്പെട്ട ബേലൂര്‍ മഠത്തിന്റെ വിശാലമായ കവാടം കടക്കുമ്പോള്‍ തന്നെ അലൗകികമായ ഒരു ശാന്തി നമ്മെ പുണര്‍ന്നു കടന്നുപോകും.
പ്രധാന കേന്ദ്രത്തിലേക്കെത്തുമ്പോള് മാസ്മരികമായ ഒരു ലോകം മുന്നില്‍. ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും നിശബ്ദസാന്നിധ്യം നമ്മെ സദാ ആരോ ഓര്‍മ്മിപ്പിക്കുന്നു. വിവേകാനന്ദ സര്‍വകലാശാലയും ഈ കേന്ദ്രത്തിലുണ്ട്. പ്രധാന കെട്ടിടത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് പ്രണാമമര്‍പ്പിക്കാനുള്ള തിരക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ആ പ്രശാന്ത വ്യക്തിത്വങ്ങളുടെ പാദസ്പര്ശമേറ്റയിടത്ത് ശാന്തിയുടെ അവാച്യസുന്ദരമായ അവസ്ഥാവിശേഷം ഹൃദയത്തില്‍ പകര്‍ത്തിയെടുക്കുന്നു. അവിടെ കുറച്ചുനേരം ധ്യാനനിമഗ്നരാവുന്നു.
അറിയാത്ത ഏതൊക്കെയോ അനുഭൂതികളില്പെട്ട് തരളിതരാവുന്നവരുടെ മുഖഭാവം കണ്ടാലറിയാം അവരന്വേഷിക്കുന്നത് കണ്ടെത്താനുള്ള വഴിയറിഞ്ഞുവെന്ന്. നിശബ്ദതയുടെ ശക്തിയും സൗന്ദര്യവും എത്രയുണ്ടെന്നും എങ്ങനെയാണെന്നും അവിടെ അഞ്ചുമിനിറ്റ് ധ്യാനത്തിലിരുന്നാല്‍ അറിയാം. ഒരു വശത്ത് ഗംഗ അതിന്റെ എല്ലാ ഗൗരവവും പതഞ്ഞു ചിതറിക്കുന്നു. അവിടെ സ്നാനം ചെയ്യാനും കൈകാല്‍ കഴുകാനും എത്തുന്നവര്‍ അനേകം. ഹിമാലയത്തില്‍ നിന്ന് പരമശിവന്റെ അനുഗ്രഹം വാങ്ങി അലറിക്കുതിച്ചെത്തുന്ന ഗംഗ, സമുദ്രത്തെ ആലിംഗനം ചെയ്യാന്‍ കൊല്‍ക്കത്ത തെരഞ്ഞെടുത്തതുകൊണ്ടാവാം ഫലഭൂയിഷ്ഠമായ ഭൂമിയാണിവിടം. വളക്കൂറുള്ള എക്കല്‍ മണ്ണിന്റെ സാന്നിധ്യമാണ് എവിടെയും. അതിനാണെങ്കിലോ മിനുപ്പ് കൂടുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കില്‍ തെന്നി വെള്ളത്തില്‍ വീഴാന്‍ അധിക സമയം എടുക്കില്ല.
ലോക ശ്രദ്ധയിലേക്ക്
ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഭാരതത്തെ എടുത്തുയര്‍ത്തിയ സ്വാമിവിവേകാനന്ദന് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ അതിന്റെ തനിമയോടെയും ആദരവോടെയും സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഒരു കോരിത്തരിപ്പുതന്നെയാണുണ്ടായത്. അദ്ദേഹം ആ കസേരയിലിരുന്ന് ചിന്തിച്ചതും എഴുതിയതും ആശങ്കപ്പെട്ടതും ഗംഗയില്‍ നിന്നെത്തിയ ഇളം കാറ്റിനൊപ്പം ഹൃദയത്തിലേക്ക് പടര്‍ന്നു കയറി. ഒരധ്യാത്മിക പരിവേഷത്തിനപ്പുറം മാനവഹൃദയങ്ങളെ ഒന്നായിക്കണ്ട ദയാപൂര്‍ണമായ സമീപനത്തിന്റെ അനുരണനങ്ങളാണ് ചുറ്റിലുമെന്നു തോന്നി. പൂവും തീര്‍ത്ഥജലവും സാമ്പ്രാണിയും ആ മുറിക്കുള്ളില്‍ അലൗകികമായ ഒരന്തരീക്ഷമുണ്ടാക്കിയതിന്റെ നേര്‍ക്കാഴ്ചയിലേക്ക് തനിയെ മനസ്സും ഊളിയിട്ടുപോയി. അവിടങ്ങളിലൊക്കെ ഫോട്ടോഗ്രാഫി നിരോധിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുകയും ചെയ്തു. ശ്രീരാമകൃഷ്ണമിഷന്റെ ആദ്യപ്രസിഡണ്ടിന്റെ സമാധിയുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ആദരവോടെ വണങ്ങുന്നതും നിശബ്ദരായി നടന്നുനീങ്ങുന്നതും ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. വിവേകാനന്ദ സ്മൃതിക്കു വേണ്ടിയുള്ള സ്ഥലത്തെ കൂവളമരം മുറിച്ച് പകരം മറ്റൊരിടത്ത് നട്ടു. ആ കൂവളം പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. അതില്‍ വലിയ കായകള്‍ ഉണ്ടായിരിക്കുന്നു. ആ മരത്തില്‍ വിവേകാനന്ദന്റെ സാന്നിധ്യമുണ്ടെന്നാണത്രെ സന്ന്യാസിമാരും അന്തേവാസികളും കരുതുന്നത്. സമയ ക്ലിപ്തതമൂലം ആ അന്തരീക്ഷത്തില്‍ കൂടുതല്‍ നേരം നില്ക്കാന് പറ്റാത്ത വിഷമം പറഞ്ഞാല്‍ തീരില്ല.
ദക്ഷിണേശ്വരം
ബേലൂര്‍ മഠത്തില്‍ നിന്ന് ദക്ഷിണേശ്വരത്തേക്കായിരുന്നു യാത്ര. അവിടമൊക്കെ കൊല്ക്കത്തയേക്കാള് വൃത്തിയും വെടിപ്പുമുള്ളതായി അനുഭവപ്പെട്ടു. ശ്രീരാമകൃഷ്ണ പരമഹംസര്‍ ഏറെക്കാലം പൂജ ചെയ്തിരുന്ന ദക്ഷിണേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പൊരിവെയിലില്‍ നൂറുകണക്കിനു പേര് വരിനില്ക്കുന്നു. ആരാധന നടത്താനുള്ള കൂടയുമായാണ് നില്‍പ്പ്. ഇവിടങ്ങളിലൊക്കെ ചെമ്പരത്തിപ്പൂവിനുള്ള പ്രാധാന്യം വളരെയേറെയാണ്. കാളീസാന്നിധ്യത്തിന്റെ മേമ്പൊടിയായി അത് തോന്നിയത് ഒരു പക്ഷേ, അജ്ഞതയാവാനും മതി. എന്നാല്‍ കൊല്‍ക്കത്തയിലെ ഓരോ കോണിലും കാളിയുടെ അദൃശ്യസാന്നിധ്യമുണ്ടെന്നു തന്നെയാണ് എന്റെ ദൃഢമായ വിശ്വാസം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ ചൊല്ല്. ദക്ഷിണേശ്വരത്തെ സ്നാനം വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം. ഗംഗയുടെ മാതൃവാത്സല്യം നിറഞ്ഞു കവിഞ്ഞു കിടക്കുന്നു അവിടെ. അതിനാല്‍ തന്നെ സ്നാനം നടത്തിയിട്ടേ അവിടെയെത്തുന്നവര്‍ ദര്‍ശനത്തിനു പോകൂ. സമയക്കുറവ് അവിടെയും വിലങ്ങുതടിയായതിനാല്‍ ആ ജലം കൊണ്ട് സ്നാനം ശ്ലോകത്തില്‍ കഴിച്ചു. അഞ്ചുതരം സ്നാനമുണ്ടെന്നല്ലോ വെപ്പ്.
അതിര്‍ത്തിയിലെ ആഹ്ലാദം
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയായ പെട്രാപോളിലെ അനുഭവം ഹൃദ്യമായിരുന്നു. ഒരു തോടിന്റെ അക്കരയും ഇക്കരയുമായി രണ്ടു രാജ്യങ്ങള്‍. അവിടെ ഭാരത പോസ്റ്റിനോട് ചേര്‍ന്ന് ചെറിയൊരു ദുര്‍ഗാക്ഷേത്രം. ബിഎസ്എഫ് പോസ്റ്റിലെ സുഭാഷ് ചന്ദ്രദാസ് കാര്യങ്ങള്‍ വിവരിച്ചു തന്നു. അടുത്തിടെ ഭാരത-ബംഗ്ലാദേശ് കരാര്‍ യാഥാര്‍ത്ഥ്യമായതോടെ എങ്ങും ആഹ്ലാദം തിരതല്ലുകയാണ്. സംഘര്‍ഷത്തിന്റെ വിദൂര സാധ്യത പോലുമില്ല. വാഗാ അതിര്‍ത്തിയുമായി അജഗജാന്തര വ്യത്യാസം. പതാക താഴ്ത്തല്‍ ചടങ്ങ് അവിടെയുമുണ്ട്. ബംഗ്ലാദേശിന്റെ ബിസിഎഫ് ഭടന്മാരും നമ്മുടെ ബിഎസ്എഫ് കാരും സൗഹൃദം പങ്കിടുന്നു. ആദ്യം ഫോട്ടോ എടുക്കരുതെന്ന് സ്നേഹപൂര്‍വം പറഞ്ഞെങ്കിലും പിന്നീട് ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ അവര്‍ തിരക്കുകൂട്ടി. പലരും ശരിക്ക് ‘അതിര്‍ത്തി ലംഘനം’ നടത്തിയെന്നതാണ് വാസ്തവം. ബംഗ്ലാദേശില്‍ നിന്ന് ജോലി അന്വേഷിച്ചും ചികിത്സയ്ക്കുമായി നിത്യേനെ നൂറുകണക്കിന് പേരാണ് പെട്രാപോളിലെത്തുന്നത്. നീണ്ട വരി അവിടെ കാണാനായി. പാസ്പോര്‍ട്ട് നോക്കി ഉടനെ തന്നെ വിസ അനുവദിക്കുകയാണ്. ഭാരതത്തില്‍ നിന്ന് അവിടേക്ക് വളരെ കുറച്ചു പേരെ പോകുന്നുള്ളൂ. ഞങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് ഒറ്റയാള്‍ പോലും ബംഗ്ലാദേശിലേക്കില്ലായിരുന്നു. എന്നാല്‍ അവിടേക്കുള്ള ട്രക്കുകള്‍ ഊഴം കാത്ത് വരിവരിയായി നില്‍ക്കുന്നത് കൗതുകകാഴ്ചയായി. അതിര്‍ത്തിക്കടുത്തുനിന്ന് ഭക്ഷണവും കഴിച്ചതോടെ ഒരു ദിനത്തിലെ യാത്രക്ക് അവിടെ അന്ത്യമായി. കൊല്‍ക്കത്തയില്‍ നിന്ന് അഞ്ചുമണിക്കൂറിലേറെ യാത്രയുണ്ട് പെട്രാപോളിലേക്ക്. അവിടെയുള്ള ഐബി ഓഫീസര്‍ മാവേലിക്കരക്കാരന് അശോകനെ കണ്ടപ്പോള്‍ വളരെയേറെ ആശ്വാസം. മലയാളിയില്ലാത്ത ഒരു സ്ഥലവും ഇല്ലെന്ന് വെറുതെ പറയുന്നതല്ലെന്ന് അതോടെ മനസ്സിലായി.
ഭരണനേട്ടം
നഗരങ്ങളും ഗ്രാമങ്ങളും പിന്നിടുമ്പോള്‍ 35 കൊല്ലം ഭരിച്ച ഒരു പാര്‍ട്ടിയുടെ അസ്ഥികൂടം പോലും ഒരിടത്തുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എവിടെയെങ്കിലുമൊരു ചെങ്കൊടിയോ ചുമരെഴുത്തോ കണ്ടാല്‍ അതൊരു കൗതുകം മാത്രമായി. എന്തുകൊണ്ടാണ് പാവങ്ങളുടെ ഒരു പാര്‍ട്ടി ഈ പാവങ്ങളില്‍ നിന്ന് അകന്നുപോയതെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ദൈന്യത തുള്ളിത്തുളുമ്പുന്ന വംഗദേശക്കാരുടെ മുഖഭാവം. കൊടിയവേദനയുടെയും ചൂഷണത്തിന്റെയും ദയാരഹിതമായ പെരുമാറ്റത്തിന്റെയും ബാക്കി പത്രമെന്നോണം അവര്‍ ഇപ്പോഴും മനുഷ്യരെ ഇരുത്തി റിക്ഷ വലിച്ചുകൊണ്ടു പോകുന്നു. നഗരത്തിന്റെ നടപ്പാതയില്‍ വെപ്പും തീനുമായി ജീവിക്കുന്നു. ആരോടും പരാതിയില്ലാതെ, കിട്ടിയ അവസരം മുതലാക്കി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വണ്ടികയറുന്നു. പുതുതലമുറയെയെങ്കിലും കിരാത രാഷ്ട്രീയത്തിന്റെ കൂര്മ്പന് ദംഷ്ട്രകളില്‍ നിന്ന് രക്ഷിക്കണമെന്ന് അവര്‍ക്കുണ്ട്.
പക്ഷേ, ഇന്നത്തെ ഭരണകൂടത്തിന് അതുകഴിയുമോ എന്നതാണ് പ്രശ്നം. മുറി ചെറുതായതുകൊണ്ട് റൈറ്റേഴ്സ് ബില്‍ഡിങ്ങിലേക്ക് ഇതുവരെ എത്താത്ത ഭരണാധികാരിക്ക് പാവങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്യാനാവുക. ലളിതമായ ജീവിതമാണ് ഇന്നത്തെ മുഖ്യമന്ത്രിയുടേതെന്ന് പറയുന്നുണ്ടെങ്കിലും പാവങ്ങള്‍ക്ക് ആശ്വാസമാകേണ്ട എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസം. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഹൗറയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും വംഗമക്കള് കേരളം ലക്ഷ്യമിട്ട് വരില്ലായിരുന്നുവല്ലോ. ഭരണാധികാരി ലളിതജീവിതം നയിക്കുന്നത് ഒരുപക്ഷേ, നല്ലതായി വാഴ്ത്താം. എന്നാല്‍ അത് പാവങ്ങള്‍ക്കുവേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നുകൂടി അറിയേണ്ടതല്ലേ? കോര്‍പറേറ്റ് കൊമ്പനാനകള്‍ക്കും രാഷ്ട്രീയമുരട്ടുകാളകള്ക്കുമിടയില് പിടഞ്ഞുവീഴാന്‍ പാവങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഒരു സംവിധാനത്തെ എങ്ങനെ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കാനാവും?
സുഭാഷ്ചന്ദ്രബോസ് വിമാനത്താവളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് വിമാനം പറന്നുയരുമ്പോള്‍ ആ ചോദ്യം നാലുപാടും നിന്ന് ഉയരുന്നുണ്ടായിരുന്നുവോ? പിആര്‍ഡി ഓഫീസറായ ഖാദര്‍ പാലാഴിയുടെയും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദിന്റെയും കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരിന്റെയും മനസ്സില്‍ അത്തരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നോ? ആവോ, അറിയില്ല.
നിലാവായി കെഎംസിസി
ഏതായാലും ബംഗളുരുവില്‍ വൈകിട്ട് വിമാനം പറന്നിറങ്ങുമ്പോള്‍ സ്നേഹത്തിന്റെ നിലാവായി കെഎംസിസിയുടെ പ്രവര്‍ത്തകര്‍. ജനറല്‍ സെക്രട്ടറി എന്‍.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ എത്തിയ അവര്‍ പത്രപ്രവര്‍ത്തക സംഘത്തെ കലാശിപാളയത്തെ ഓഫീസിലെത്തിച്ച് ഭക്ഷണമുള്‍പ്പെടെയുള്ളവ തന്നു സല്കരിച്ചു. ബംഗളുരുവില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തുന്ന കെഎംസിസി കേരളത്തിന് പുറത്ത് മലയാളികള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങാണ്. കലാശിപാളയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് അഷറഫ് പാരഡൈസ് പ്രസിഡന്റും വി.പി. മഷൂദ് ജനറല്‍ സെക്രട്ടറിയും ബി.കെ. ഇസ്മായില്‍ ട്രഷററുമായ കമ്മറ്റിയാണ്. പത്രസംഘത്തെ ബസ്സില്‍ കയറ്റിയിരുത്തിയ ശേഷമാണ് കെഎംസിസി പ്രവര്‍ത്തകര്‍ യാത്ര പറഞ്ഞുപോയത്.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: