ഇരിട്ടി: ആറളം ഫാമില്‍ നടക്കുന്ന കോടികളുടെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇവിടുത്തെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ട്രേഡ് യൂണിയനുകളെക്കുറിച്ച് അതത് പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കണമെന്നും ബിജെപി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കാര്‍ഷിക നേഴ്സറിയുള്ള ഫാമില്‍ വെളിച്ചെണ്ണ ഫാക്ടറി, നീര ഉത്പാദനം, തേനീച്ച കൃഷി, ഔഷധ ത്തോട്ടം, പൈനാപ്പിള്‍ കൃഷി, ഡയറി ഫാം തുടങ്ങിയ നിരവധി പദ്ധതികളുടെ പേരില്‍ നടക്കുന്നത് കോടികളുടെ വെട്ടിപ്പാണ്. സിഐടിയു, ഐഎന്‍ടിയുസി, ട്രേഡ് യൂണിയനുകള്‍ ഫാമില്‍ നടക്കുന്ന ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. ആറളം ഫാമിനെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഇത്തരം ട്രേഡ് യൂനിയനുകല്ക്കുള്ളൂ. ഇത് ഇപ്പോള്‍ ജനങ്ങളും തൊഴിലാളികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് മറ്റു ഫാമിലെ തൊഴിലാളികള്‍ക്ക് നല്കുന്ന വേതനം നല്‍കണം. സര്‍ക്കാര്‍ ഇതിനു തയ്യാറാകാത്തതിനാല്‍ ഇതിന്റെ പേര് പറഞ്ഞു ഇവിടുത്തെ ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളില്‍ നിന്നും പണം പിരിക്കുകയാണ്. തിരുവനന്തപുരത്തു പോകാനും സര്‍ക്കാര്‍ ഇടപെടല്‍ നടത്താനുമാണ് എന്ന പേരിലാണ് ഈ പിരിവു നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിളിക്കുന്ന എല്ലാ ചര്‍ച്ചകള്‍ക്കും യൂണിയന് നേതാക്കള്‍ക്ക് സര്‍ക്കാര്‍ യാത്രക്കും താമസത്തിനും ഭക്ഷണത്തിനുമുള്ള പണം നല്‍കുന്നുണ്ട്. ഈ കാര്യം തൊഴിലാളികള്‍ അറിയുന്നില്ല.
ഇവിടുത്തെ നഴ്സറിയിലും വിവിധ വിധത്തിലുള്ള അഴിമതികളാണ് നടക്കുന്നത്. ഓരോ ഭരണത്തിനനുസരിച്ചും മാറിമാറി നിയമനങ്ങള്‍ നടത്തുന്നു. വിവിധ തസ്തികകളില്‍ വിരമിച്ച ഉദേ്യാഗസ്ഥരെ തിരുകിക്കയറ്റി വന്‍ തുകകളാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ ഫാമിനെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിലെല്ലാം ഇവിടുത്തെ തൊഴിലാളി സംഘടനകള്‍ തുടരുന്ന മൗനം ജനങ്ങള്‍ തിരിച്ചറിയണം.
ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് നിര്‍മ്മിച്ച് നല്കുന്ന വീട്, കക്കൂസ്, കിണര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടക്കുന്നു. ഫാം ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കും ബന്ധുക്കള്‍ക്കുമാണ് ഇവിടുത്തെ കാര്‍ഷിക വിളകളുടെ പാട്ടം, വില്‍പ്പന, കരാര്‍ ജോലികള്‍ എന്നിവ നല്‍കുന്നത്. ലോക്കല്‍ പര്‍ച്ചേസ് എന്ന പേരില്‍ ഗുണ മേന്മയില്ലാത്ത മൊബൈല്‍ ഫോണ്‍, സ്കൂട്ടര്‍, മറ്റു കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ യഥേഷ്ടം വാങ്ങിക്കൂട്ടുന്നു. ഇതിനെതിരേയെല്ലാം സമഗ്രമായ അന്വേഷണം നടക്കണം. ഫാമിനെ നശിപ്പിക്കാനുള്ള തൊഴിലാളി സംഘടനകളുടെയും ഇവിടുത്തെ വെള്ളാനകളായ ഉേദ്യാഗസ്ഥ വൃന്ദത്തിനെതിരേയും ശക്തമായ സമരങ്ങളുമായി ബിജെപി മുന്നോട്ടു വരുമെന്ന് നേതാക്കള്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്, എം.ആര്.സുരേഷ്, ടി.പുരുഷോത്തമന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: