കണ്ണൂര്‍: കോണ്‍ഗ്രസുമായുളള ബന്ധം മറച്ചുവെയ്ക്കാന്‍ കുപ്രചരണവുമായി സിപിഎം നേതാക്കള്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് രംഗത്തെത്തി. ഇന്നലെ കണ്ണൂര്‍ പ്രസ് ക്ലബിലാണ് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ചെറുവാഞ്ചേരിയിലെ പുതുസഖാവായ എ.അശോകനുമാണ് രംഗത്തെത്തിയത്. ദേശീയ-സംസ്ഥാനതലങ്ങള് തൊട്ട് പ്രാദേശികമായി പോലും വര്‍ഷങ്ങളായി രഹസ്യവും പരസ്യവുമായി കോണ്‍ഗ്രസുമായുളള ബന്ധം പുലര്‍ത്തിവരുന്ന സിപിഎമ്മിന്റെ ബാന്ധവത്തെ മറച്ചുവെയ്ക്കാനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഇല്ലാ കഥകള്‍ ചമയ്ക്കാനുമുളള തിരക്കഥയുടെ ഭാഗമാണ് പത്രസമ്മേളനമെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ്-ബിജെപി ബന്ധം ആരോപിച്ച് ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിലേക്ക് ആകര്‍ഷിക്കുകയെന്ന ഗൂഢലക്ഷ്യവും കുപ്രചരണത്തിനു പിന്നില്‍ ഉണ്ടെന്നാണ് സൂചന. ദേശീയതലത്തില്‍ അഴിമതിക്കാരായ ഒന്നാം യുപിഎ സര്‍ക്കാറിനെ വര്‍ഷങ്ങളോളം താങ്ങി നിര്‍ത്തി കോണ്‍ഗ്രസിന്റെ വാലായ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനും ബിജെപിക്കും തമ്മില്‍ കണ്ണൂരിലും കേരളത്തിലും വര്‍ഷങ്ങളായി ബന്ധം ഉണ്ടെന്ന കളളപ്രചരണം അഴിച്ചു വിടുന്നത്. മാറി മാറി കേരളം ഭരിച്ച കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളും തമ്മില്‍ തെരഞ്ഞെടുപ്പ് സമയങ്ങളിലും അതിനുശേഷവും ശക്തമായ ബന്ധമാണ് നിലിനിര്ത്തിവരാറുളളതെന്ന് കേരളത്തിലെ ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ സംഘപരിവാര്‍ സംഘടനകള്ക്കെതിരേയുളള പ്രചാരവേലകള്‍ വിലപോവില്ലെന്നുറപ്പാണ്. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താനും സിപിഎം നടത്തിയ സംസ്ഥാനത്തേതും കണ്ണൂരിലേയും കൊലപാതകകേസുകള്‍ ഒതുക്കി തീര്‍ക്കാനും ശിക്ഷയനുഭവിക്കുന്ന സിപിഎമ്മുകാരായ പ്രതികള്‍ക്ക് പരോളും വിട്ടയക്കാന്‍ ഇളവു നല്‍കാനും തുടങ്ങി പല കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസിലെ ചിലരും വര്‍ഷങ്ങളായി രഹസ്യ ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടത്തിയ ടി.പി.വധക്കേസിലെ ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കാതിരുന്നത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് പരക്കേ ആരോപണം ഉയര്‍ന്നിരുന്നു. വോട്ടെടുപ്പു സമയങ്ങളില്‍ മഞ്ചേശ്വരം,കാസര്‍ഗോഡ് മണ്ഡലങ്ങളിലും പ്രാദേശികമായി മറ്റ് പല സ്ഥലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകളും വോട്ടു കച്ചവടവും നടത്തിയ സിപിഎമ്മാണ് 2005ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതാക്കളും കെ.സുധാകരനും ഒന്നിച്ച് ചേര്‍ന്ന് ബിജെപിയുടെ വോട്ട് കച്ചവടം നടത്തിയതെന്ന പച്ചകളളം പടച്ചുവിടുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി സിപിഎം വില കൊടുത്ത് കന്റോണ്‍മെന്റ് മേഖലയില്‍ നായനാര്‍ സ്മാരകം നിര്‍മ്മിക്കാനായി വാങ്ങിയ തിരുവപ്പേതി മില്ലിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാങ്കേതിക പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആന്റണിയുടെ സഹായത്തോടെ പരിഹരിക്കപ്പെട്ട സംഭവവും കോണ്‍ഗ്രസ് സര്‍ക്കാറില്‍ സ്വാധീനം ചെലുത്തി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങള്‍ കൈപ്പറ്റുന്ന സിപിഎം സ്ഥാപനങ്ങളുമെല്ലാം സിപിഎം -കോണ്‍ഗ്രസ് ബാന്ധവത്തിന്റെ മകുടോദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ ചില നേതാക്കളുമായി ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും മറ്റുമുളള ദുരുദ്ദേശപരമായ പ്രസ്താവനകളുമായി സിപിഎം നേതൃത്വം രംഗത്തെത്തുന്നത്. സംഘ പ്രവര്‍ത്തകര്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയ കാര്യാലയങ്ങള്‍ ആരുടെയെങ്കിലും അച്ചാരം വാങ്ങി നിര്‍മ്മിച്ചതാണെന്ന പച്ചക്കളളം പ്രചരിപ്പിച്ചതു കൊണ്ടൊന്നും ഒരൊറ്റ സംഘപ്രവര്‍ത്തകനും വിശ്വസിക്കില്ലെന്ന യാഥാര്‍ത്ഥ്യം പുതുസഖാവും ജില്ലാ സെക്രട്ടറിയും ഇനിയെങ്കിലും തിരിച്ചറിഞ്ഞ് കുപ്രചരണങ്ങള്‍ അവസാനിപ്പിച്ചാല്‍ പാര്‍ട്ടിക്കും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: