കണ്ണൂര്‍: സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീയെയും പഞ്ചായത്ത് രാജിനെയും കുറിച്ച് പഠിക്കാന്‍ ജാര്‍ഖണ്ഡില്‍ നിന്നും 27 പേരടങ്ങുന്ന പ്രതിനിധി സംഘം കണ്ണൂര്‍ ജില്ലയിലെത്തുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര ലഘൂകരണത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും വിജയഗാഥ കുടുംബശ്രീ വനിതകളില്‍ നിന്നും നേരിട്ടറിഞ്ഞ് തങ്ങളുടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലനം നേടുകയെന്നതാണ് ഈ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. അതോടൊപ്പം പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും സംഘത്തിന്റെ പഠനവിഷയമാണ്.
ഇന്ന് കണ്ണൂരിലെത്തുന്ന എത്തുന്ന ജാര്‍ഖണ്ഡ് സംഘത്തിന് കണ്ണൂര്‍ കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ എം.വി. പ്രേമരാജന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കുടുംബശ്രീ മിഷന് പ്രവര്‍ത്തന രീതികളെയും സംഘടനാ സംവിധാനത്തിനെക്കുറിച്ചും പ്രതിനിധി സംഘത്തിന് പരിചയപ്പെടുത്തും. തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ അതിഥികളായി ചെമ്പിലോട്, കൊളച്ചേരി എന്നി ഗ്രാമ പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെയും പഞ്ചായത്തും കുടുംബശ്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. വിവിധ കുടുംബശ്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കാര്‍ഷിക കാര്‍ഷികേതര സംരംഭങ്ങള്‍ അടുത്തറിയുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഭരണസമിതി , സ്ഥിരം സമിതി, കുടുംബശ്രീ സിഡിഎസ്സ്, എഡിഎസ്സ്, അയല്‍ക്കൂട്ടം എന്നിവയുടെ പ്രത്യേകം യോഗങ്ങള്‍ ചേരും. യോഗങ്ങളിലുള്ള പഞ്ചായത്തിലുള്ള കുടുംബശ്രീയുടെ പ്രാധാന്യവും സംഘടനാ സംവിധാനവും പ്രവര്‍ത്തന രീതിയും പഞ്ചായത്ത് രാജ സംവിധാനവും കുടുംബശ്രീയും തമ്മിലുള്ള ബന്ധവും പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്നതിനുള്ള ഒരവസരമാണ് ജാര്‍ഖണ്ഡ് പ്രതിനിധി സംഘത്തിനായി ഒരുക്കിയിരിക്കുന്നത്. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡ് സംഘം കണ്ണൂരില്‍ എത്തുന്നത്. 27 വരെ പ്രതിനിധി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: