മഞ്ചേശ്വരം: ~ഒടുവില്‍ നാട്ടുകാരുടെ സമരം ലക്ഷ്യം കണ്ടു. ടിപ്പര്‍ ലോറികളുടെ അനിയന്ത്രിതമായ പോക്കിനെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ റോഡിന് ശാപമോക്ഷമായി. മണല്‍ കടത്ത് ലോറികള്‍ അനിയന്ത്രിതമായും, അമിത ഭാരവും കയറ്റി ദിവസവും നൂറു കണക്കിനു ലോഡുകള്‍ ചെക്ക് പോസ്റ്റ് വെട്ടിച്ച് വരുന്നത് മൂലം മഞ്ചേശ്വരം തൂമിനാട് റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. രണ്ടര വര്‍ഷം മുമ്പ് 1.65 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഇവിടത്തെ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ കര്‍ണാടകയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി മണല്‍ കടത്ത് ലോറികള്‍ ചീറിപ്പായുന്നത് കാരണമാണ് റോഡ് തകരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്ന് മണല്‍ മാഫിയക്കെതിരെ തൂമിനാട് രക്ഷനേ വേദികെയുടെ നേതൃത്വത്തില്‍ പ്രദേശ വാസികള്‍ സമരവുമായി രംഗത്ത് വരികയായിരുന്നു. നാട്ടുകാര്‍ മണല്‍ മാഫികളുടെ വാഹനം തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കാന്‍ തുടങ്ങിയതോടെ മണല്‍ സംഘം നാട്ടുകാരുമായി ഒത്തുതീര്‍പ്പിനെത്തി. തൂമിനാട് ജംഗ്ഷന് മുതല്‍ വാട്ടര്‍ ടാങ്ക് വരെയുള്ള 750 മീറ്റര്‍ റോഡ് ഗതാഗതയോഗ്യമാക്കി തരാമെന്നു മണല്‍ സംഘം ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. ധാരണ പ്രകാരം ഇന്നലെ രാവിലെ മുതല്‍ റോഡിന്റെ നിര്‍മാണം മണല്‍ കടത്തു സംഘം ഏറ്റെടുത്തു. തൂമിനാട് രക്ഷനേ വേദികെ പ്രവര്‍ത്തകരായ രവീന്ദ്ര ഷെട്ടി, അഷ്റഫ് തൂമിനാട്, ശ്രീധരന്, രാജേഷ് എന്നിവരുടെ നേത്രത്വത്തിലാണ് നാട്ടുകാര്‍ സമരവുമായി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: