മയ്യില്‍: പെരുമാച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. പെരുമാച്ചേരി സ്കൂളിന് സമീപത്തെ ബിജെപി പ്രവര്‍ത്തകനായ അജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സഹോദരനും ജന്മഭൂമി ഏജന്റുമായ അജയ് ഘോഷിന്റെ കെ.എല്‍ 11 പി 5260 നമ്പര്‍ ബൈക്കാണ് കഴിഞ്ഞദിവസം ഒരു സംഘം തീവെച്ച് നശിപ്പിച്ചത്. കത്തുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തുവരുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തിന് ശേഷം വീട്ടിന് സമീപത്തെ ഇടവഴിയിലൂടെ മൂന്നുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി അജേഷ് പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ബൈക്ക് മെക്കാനിക്കായ അജേഷിനെ അറ്റകുറ്റപ്പണിക്കായി സഹോദരന് അജയ് ഘോഷ് ഏല്‍പ്പിച്ച ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. കഴിഞ്ഞദിവസം മൂന്നുപേര്‍ അജേഷിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നും കൊളച്ചേരി മേഖലയില്‍ സമാധാനം വേണമെന്ന് പൊതുവേദികളില്‍ പറയുകയും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയുമാണ് സിപിഎം ചെയ്യുന്നതെന്നും ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രഭാനു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കൊളച്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: