തലശ്ശേരി: ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുകയും കുരിശിലേറ്റി അപമാനിക്കുകയും എസ്എന്‍ഡിപിയോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുകയും ചെയ്യുന്ന സിപിഎമ്മിന് അപ്രഖ്യാപിതമായ ലക്ഷ്യമുണ്ടെന്ന് വ്യക്തമാകുന്നു. എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുള്ളതും മോശമല്ലാത്ത ജനസാന്നിധ്യമുള്ളതും ദക്ഷിണ കേരളത്തിലാണ്. ആ ഭാഗത്തുതന്നെയാണ് പിണറായിയുടെ മുഖ്യശത്രുവായ വി.എസ്.അച്ചുതാനന്ദനെ പിന്തുണക്കുന്നവര്‍ എറെയുള്ളതും. ആ ഭാഗങ്ങളില്‍ എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണെന്ന് മാത്രമല്ല, അച്ചുതാനന്ദനോട് ഏറെ കൂറുള്ളവരുമാണ്. ഇക്കാര്യം വ്യക്തമാക്കി മനസ്സിലാക്കിയ പിണറായി സിപിഎം കണ്ണൂര്‍ ലോബിയെ ഉപയോഗിച്ചുകൊണ്ട് അച്ചുതാനന്ദനെ മൂലക്കിരുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് എസ്എന്‍ഡിപി വിരുദ്ധ നിലപാടുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ അച്ചുതാനന്ദന് വളരെ സമര്‍ത്ഥമായാണ് കരുനീക്കം നടത്തിയത്. കണ്ണൂരില്‍ ഗുരുദേവനെ കുരിശിേലറ്റിയപ്പോഴും പിണറായി വെള്ളാപ്പള്ളിയെ അപമാനിച്ചുകൊണ്ടിരിക്കുമ്പോഴും മൗനം പാലിച്ചിരുന്ന വിഎസിനെ സഖാക്കള്‍ക്കിടയില്‍ എസ്എന്‍ഡിപി അനുകൂലിയാണെന്ന് രഹസ്യമായി പ്രചരിപ്പിക്കാന്‍ പിണറായി ഗ്രൂപ്പ് നീക്കം തുടങ്ങി. എന്നാല്‍ ഇത് മുന്നില്കക്കണ്ട് വിഎസ് അടുത്ത ദിവസം എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളിയെയും തള്ളിപ്പറയാന്‍ തുടങ്ങി. അതോടെ എസ്എന്‍ഡിപിക്കാരായ സഖാക്കള്‍ സിപിഎമ്മിനെതിരെ തിരിയാനാരംഭിച്ചു. മാത്രമല്ല, പല എസ്എന്‍ഡിപിക്കാരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറാനും തുടങ്ങിക്കഴിഞ്ഞു. വിഎസിന്റെ ജനനായകന്റെ മുഖം പിച്ചിച്ചീന്തിക്കൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെയും ഭൂരിപക്ഷം നേടി മുഖ്യമന്ത്രിക്കസേരയിലെത്തുക എന്ന സ്വപ്നമാണ് പിണറായിയുടേത്. എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ആ സ്വപ്നം പൂവണിയിക്കില്ലെന്ന ദൃഡശ്ചയത്തിലാണ് വി.എസ് മുന്നോട്ട് പോകുന്നത്. അതിനാവശ്യമായ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും അണിയറയില്‍ ഒരുക്കുകയാണ് ഇപ്പോള്‍ വിഎസ് ചെയ്യുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വസ്തനും ജനകീയ നേതാവും ഇപ്പോഴും താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരവും വിഎസ് പാഴാക്കാറില്ല. അതുതന്നെയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയെ അസ്വസ്ഥരാക്കുന്നതും.
വിഎസിനെതിരെ ഈഴവ വിഭാഗത്തിന്റെ വോട്ട് ബാങ്ക് തനിക്കനുകൂലമായി മാറ്റുവാന്‍ ഗൗരിയമ്മയെ രംഗത്തിറക്കാന്‍ ആവുന്നതെല്ലാം ചെയ്തതാണെങ്കിലും ഗൗരിയമ്മ ഇടക്കുവെച്ച് വഴുതിമാറുകയായിരുന്നു. കൂടാതെ കണ്ണൂര്‍ ലോബിയുടെ അഹങ്കാരവും പാര്‍ട്ടിയിലെ മേല്‍ക്കോയ്മയും ഐസക്കിനും ബേബിക്കും സുധാകരനും മറ്റും സഹിക്കാവുന്നതിലധികമായിരിക്കുന്നു. അതിനാല്‍ അടുത്ത കാലത്തായി പിണറായിയുടെ പല നീക്കങ്ങളിലും അവര്‍ സജീവത കാണിക്കാറില്ല. കഴിഞ്ഞ അരുവിക്കര തെരഞ്ഞെടുപ്പിലും ഇക്കാര്യം വ്യക്തമായതാണ്. വിഎസിനെ തിരശ്ശീലക്ക് പിന്നിലാക്കാനുള്ള ശ്രമം പാഴായതും തിരശ്ശീലക്ക് പിന്നിലേക്ക് പിണറായി മാറ്റപ്പെട്ടതും തോറ്റപ്പോള്‍ അച്ചുതാനന്ദന് കുറ്റവാളിയാകാതെ വോട്ടുപിടുത്തക്കാരനായ പിണറായി കുറ്റക്കാരനായതും കണ്ടുകഴിഞ്ഞു.
മറ്റൊരു പ്രധാനകാര്യം കഴിഞ്ഞ 9 ദിവസമായി മുന്നാറില്‍ ടാറ്റാ ടീ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ശ്രീമതിയെയും ശൈലജയെയും തൊഴിലാളികള്‍ കൈവെച്ചതും സിപിഎം എംഎല്‍എ രാജേന്ദ്രനെ ചെരിപ്പെറിഞ്ഞ് ഓടിച്ചതും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തൊഴിലാളികള്‍ ബഹിഷ്കരിച്ചതും പാര്‍ട്ടിക്ക് ഏറെ നാണക്കേടാണ് വരുത്തിയത്. മുന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ താന്‍ സന്ദര്‍ശിക്കുമെന്ന് അച്ചുതാനന്ദന് പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയും സംഘവും ശനിയാഴ്ച മുന്നാറിലെത്തിയത്. എന്നാല്‍ അച്ചുതാനന്ദന് മുന്നാറിലെത്തിയപ്പോള് സമരം ചെയ്യുന്ന തൊഴിലാളികള്‍ ഒന്നടങ്കം അദ്ദേഹത്തെ സ്വീകരിച്ചതും എംഎല്‍എ രാജേന്ദ്രന്റെ സമരപ്പന്തല്‍ അദ്ദേഹം സന്ദര്‍ശിക്കാതിരുന്നതും സിപിഎമ്മിനെ സംബന്ധിച്ച് ഏറെ അപമാനകരവുമായി. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കൂടെ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇടുക്കി ജില്ലയിലെ സിപിഎം നേതാക്കളെല്ലാം വിഎസിനെ ബഹിഷ്കരിക്കുകയായിരുന്നു. കോടിയേരിയുടെ പ്രസംഗം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അതേ തൊഴിലാളികള്‍ തന്നെയാണ് വിഎസിനെ സ്വീകരിച്ച് തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാന്‍ തയ്യാറായത്. കോടിയേരിയുടെ പ്രസംഗം ശ്രദ്ധിക്കാതെ മുദ്രാവാക്യം വിളി തുടര്‍ന്ന തൊഴിലാളികളോട് നിശബ്ദരാകാന്‍ പി.കെ.ശ്രീമതി ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ കണ്ടഭാവം നടിക്കാതെ മുദ്രാവാക്യം വിളി തുടരുകയായിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് വി.എസ്.അച്ചുതാനന്ദന് മുന്നില്‍ പിണറായിയും കോടിയേരിയും അടിയറവു പറയുന്നു എന്നു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: