ഇരിട്ടി: കേരളത്തിലെ മറ്റു ഫാമുകളില്‍ തൊഴിലാളികള്‍ക്ക് നല്കുന്ന വേതനത്തിന് തുല്യമായ വേതനം ആവശ്യപ്പെട്ടു നിരവധി തവണ ആറളം ഫാമിലെ തൊഴിലാളികല്‍ നടത്തിയ സമരത്തോടനുബന്ധിച്ചു സര്‍ക്കാര്‍ നല്കിയ ഉറപ്പു പാലിച്ചില്ലെന്ന് ആരോപിച്ചു ആറളം ഫാമിലെ തൊഴിലാളികള്‍ ഒന്നടക്കം 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആറളം ഫാം ഏറ്റെടുത്തത് മുതല്‍ ഇവിടുത്തെ തൊഴിലാളികളുടെ ആവശ്യമായിരുന്നു ഇത്. ആറോളം തവണ തൊഴിലാളികള്‍ ഇതിനായി സമരവും നടത്തി. സമരം അനിശ്ചിതമായി തുടരവേ ഉണ്ടാവുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ വരുന്ന തീരുമാനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ സമരം നിര്‍ത്തിവെക്കാറാണ് പതിവ്. എന്നാല്‍ ഇതിനെ തുടര്‍ന്നുണ്ടാവുന്ന ഉന്നതതല തീരുമാനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ഏറ്റവും ഒടുവിലായി ട്രേഡ് യൂണിയന് നേതാക്കളും, പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും മുഖ്യമന്ത്രി യുമായും പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ.ജയലക്ഷ്മി, കൃഷിമന്ത്രി കെ.പി.മോഹനന് എന്നിവരുമായി വകുപ്പ് പ്രിന്‍സിപ്പല്‍ സിക്രട്ടറിയുടെ സാനിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 2015 ജനുവരി മുതല്‍ ശമ്പളം പുതുക്കി നല്‍കാമെന്ന ഉറപ്പു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പു പ്രിന്‍സിപ്പല്‍ സിക്രട്ടറി അട്ടിമറിക്കുകയാണ് ഉണ്ടായതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 21മുതല്‍ ആറളം ഫാമിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്താനാണ് സംയുക്ത ട്രേഡ് യൂണിയന് തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വിവിധ ട്രേഡ് യൂണിയന് നേതാക്കളായ കെ.കെ.ജനാര്ദ്ദനന്, കെ.ടി.ജോസ്, കെ.വേലായുധന്, ആര്.ബാലകൃഷ്ണ പിള്ള, ആന്റണി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: