ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് തില്ലങ്കേരി ശാഖാ കാര്യവാഹകിന്റെ വീടിനു നേരെ ബോംബേറ്. ബോംബേറില്‍ പരിക്കേറ്റും സ്ഫോടനത്തിന്റെ പുക ശ്വസിച്ചും സ്ത്രീയും ഒന്നര വയസ്സുള്ള കുട്ടിയുമടക്കം ആശുപത്രിയില്‍ ചികിത്സ തേടി. തില്ലങ്കേരി അരീച്ചാലിലെ അംബുജത്തില്‍ പി.വിജേഷിന്റെ വീട്ടിനു നേരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ബോംബേറുണ്ടായത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് പരിക്കേറ്റ വിജേഷിനേയും ശക്തമായ സ്ഫോടനത്തിലും പുക ശ്വസിച്ചും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ ജിഷ്ന, ഒന്നരവയസ്സുകാരി മകള്‍ വിനായക എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ പ്രദേശത്തെ തന്നെ സിപിഎം ക്രിമിനലുകളാണ് സംഭവത്തിനു പിന്നില്‍ എന്ന് ആര് എസ്എസ് ബിജെപി നേതാക്കള്‍ ആരോപിച്ചു. രാത്രി 12.30 ഓടെയായിരുന്നു ബോംബാക്രമണം നടന്നത്. വീടിന്റെ മുന്നിലത്തെ ജനല്പ്പാളിയില് തട്ടി ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു. ജനലിന് വാതിലുകള്‍ ഇല്ലായിരുന്നു. ബോംബിന്റെ ചീളുകള്‍ ജനല്‍ പാളിയില്‍ തറച്ചു നില്‍ക്കുന്നത് കാണാം. കൂടാതെ വീടിന്റെ നടുത്തളം മുഴുവന്‍ ബോംബിന് ചീളുകള്‍ ചിതറിക്കിടക്കുകയാണ്. കസേരകള്‍ സ്ഫോടനത്തില്‍ തെറിച്ചു വീണു. ചുവരില്‍ തൂക്കിയിരുന്ന ക്ലോക്ക് നിലംപതിച്ചു പൊട്ടിച്ചിതറി. വീടിന്റെ ചുവരുകള്‍ വിണ്ടു കീറിയിട്ടുണ്ട്.
കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇവിടെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വര്‍ണ്ണാഭമായ ഘോഷയാത്ര സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജേഷിനെതിരെ വധഭീഷണിയും സിപിഎമമുകാര് മുഴക്കിയിരുന്നതായി പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകുന്നേരം നടത്തിയ പ്രതിഷേധ പ്രകടനമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത് എന്നാണു നിഗമനം. ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. വിജേഷിന്റെ പരാതിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുന്നു. സംഭത്തില്‍ പ്രതിഷേധിച്ചു സംഘപരിവാറിന്റെ നേതൃത്വത്തില്‍ തില്ലങ്കേരിയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: