ദാ പുതുക്കപ്പെടുന്നതാണ് കല. കല ഏതായാലും അതിന്റെ ജീവൻ ഈ നവീകരണ യജ്ഞം തന്നെയാണ്. എഴുത്തും വരയും വായനയുമെല്ലാം ഈയൊരു യജ്ഞപ്രക്രിയയിലൂടെ പുതുപുത്തൻ അഭിരുചികൾ സ്വന്തമാക്കി അനുവാചകർക്കിടയിൽ അഭിരമിച്ചുകൊണ്ടേയിരിക്കുന്നു.
കലാത്മകതയുടെ കാര്യത്തിൽ ശാസ്ത്രത്തിനുപോലും ഈ പുതുക്കപ്പെടലാണ് ജീവാത്മാവ്. ഇത് സ്വാഭാവികമാണ്. സദാ തുടർന്നുകൊണ്ടേയിരിക്കും. കാരണം മനുഷ്യജീവിതം തന്നെ നിലനിന്നു പോരുന്നത് മാറ്റത്തിലൂടെ സംഭവിക്കുന്ന നവഭാവുകത്വങ്ങളുടെ ജീവിതാവിഷ്കരണത്തിലൂടെയാണ്. അതുകൊണ്ട് അതിൽ വേരൂന്നി ഉണ്ടാകുന്ന കലാത്മകതയുടെ പുത്തനുണർവുകൾക്ക് ജീവിതത്തിന്റെ സ്വാഭാവികത തുടർച്ചയായി തുടർന്നുകൊണ്ടേയിരിക്കും. ഈ തുടർച്ചയിൽ അനവാചകനെ പിടിച്ചുനിറുത്തുന്ന അഥവാ പിടിച്ചുലയ്ക്കുന്ന പുതുപുത്തൻ ആവിഷ്കാരങ്ങളുടെ അനുഭവതലങ്ങൾ സ്വയം വന്നുചേരും. നൈസർഗികമാണത്.
ഇത്തരത്തിൽ കഴിഞ്ഞ ഏഴെട്ടു ദശകങ്ങളായി നമ്മുടെ രസവാസനകളെ നിറംചേർക്കാത്ത വെറും കറുത്ത രേഖകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വരയുടെ പെരുന്തച്ചനാണ് കരുവാട്ടുമനയിലെ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി. ഇന്ന് കേരളീയർക്ക് നമ്പൂതിരി എന്നത് ഒരു സമുദായപ്പേരല്ല. രേഖാചിത്രത്തിലെ ‘നമ്പൂതിരിപ്രസ്ഥാന’മായ നമ്പൂതിരി എന്ന വ്യക്തിയാണ്. അത്രത്തോളം അർത്ഥഗരിമ അദ്ദേഹത്തിന്റെ ജീവിതത്തിന് വന്നപെട്ടു; സ്വന്തം കലാജീവിതത്തിലൂടെ.
കലാലോകത്ത് നമ്പൂതിരി എന്ന കയ്യൊപ്പ് പ്രസ്ഥാനമായി പരിണമിച്ചത് ഇന്നോ ഇന്നലെയോ അല്ല. ദശകങ്ങളുടെ പഴക്കമുണ്ടതിന്. ആ കയ്യൊപ്പിലൂടെ അദ്ദേഹം പണിപ്പെട്ടു പുതുക്കിയെടുത്തത് കലാസ്വാദനത്തിന്റെ അദൃശ്യമാനങ്ങളെയായിരുന്നു. അതും പണ്ഡിതപാമര ഭേദമില്ലാതെ.
മലയാളികൾക്കിടയിൽ മാത്രമല്ല, ഭാഷാഭേദം കൂടാതെ തന്നെ കാഴ്ചയുടെ ആസ്വാദനത്തിന് അദ്ദേഹം പുതിയ സംഗീതം നൽകി. കാഴ്ചയുടെ വായനയിൽ വാചാലമായ മൗനസംഗീതമൊരുക്കിയ വരയുടെ ഈ വരിഷ്ഠ വ്യാസൻ നവതിയുടെ വാർദ്ധക്യത്തിലും വരയുടെ യൗവ്വനത്തിൽ അഭിരമിക്കുന്നത് ലോകത്തിന് കിട്ടുന്ന മഹാപുണ്യം.
എഴുത്തിനും വായനയ്ക്കുമൊപ്പം വരയുടെ സർഗാത്മകതയെ ഇത്രത്തോളം ആഘോഷമാക്കിമാറ്റിയ മറ്റൊരു ചിത്രകാരൻ നമുക്കില്ല. ചിത്രരേഖയെന്ന കലയ്ക്ക് വൈകാരികമായ ഒരു ജനകീയത സമ്മാനിക്കാൻ നമ്പൂതിരിയുടെ വരകൾ എത്രകണ്ട് ഉപകരിച്ചുവെന്നത് കലാചരിത്ര രേഖയായി അടയാളപ്പെട്ടിരിക്കുന്നു.
ധാരാളിത്തമല്ല; മിതത്വമാർന്ന ഔചിത്യത്തിന്റെ നൈസർഗികതയാണ് നമ്പൂതിരിയുടെ കറുത്തവരകളുടെ നിറക്കൂട്ട്. കണ്ണിന്റെ വായനയെ ഭ്രമിപ്പിക്കുന്നതല്ല നമ്പൂതിരിയുടെ വരകൾ. ആസ്വാദകമനസ്സിന്റെ അകക്കണ്ണിൽ നിതാന്ത സൗന്ദര്യത്തിന്റെ ആത്മീയത വർഷിക്കുകയാണ് നമ്പൂതിരിയുടെ കറുത്തരേഖകൾ. അദ്ദേഹത്തിന്റെ വർത്തുളവും അവർത്തുളവുമായ ചെറുരേഖകൾ ധ്വനിപ്പിക്കുന്ന അർത്ഥമെന്നത് രേഖീയ ക്രമങ്ങൾ തീർക്കുന്ന സംഗീതത്തിൽ നിന്ന് ഉണരുന്ന അനാത്മീയാനുഭൂതിയും കൂടിയാണ്. ആസ്വാദനത്തിന്റെ സാധാരണീകരണത്തിന് അത് നിമിത്തമായിത്തീരുകയും ചെയ്യുന്നു.
ജഡമായ വസ്തുചിത്രണത്തെ ചിത്രകല എന്ന നിലയിൽ വിലയിരുത്തപ്പെട്ടിരുന്നിടത്താണ്; ചിത്രകലയെ മൗലികമായ സർഗാത്മകതയായി വെളിപ്പെടുത്താൻ രേഖാചിത്രങ്ങളിലൂടെ നമ്പൂതിരി ശ്രമിച്ചത്. ഈ സർഗാത്മക പ്രയത്നത്തിന് ഇന്ന് ലഭിച്ചിട്ടുള്ള അംഗീകാരം തന്നെയാണ് നമ്പൂതിരിയുടെ ജീവിതത്തിന്റെ ഫലശ്രുതിയും. ദ്രാവിഡമായ സമകാലികതയെ ആധുനികമായ സമകാലികതയുമായി ബന്ധപ്പെടുത്തിയിട്ടുള്ള നമ്പൂതിരിയുടെ വരയുടെ ചിന്തയിൽ സാംസ്കാരിക സമന്വയത്തിന്റെ ഏകീഭാവം സംഭവിക്കുന്നു. മഹാഭാരത കഥാപാത്രങ്ങളെ എന്നപോലെ ദ്രാവിഡദേശസംസ്കൃതിയെ പുനർനിർമിക്കുമ്പോഴും നമ്പൂതിരിയുടെ രേഖകൾ സ്വീകരിക്കുന്ന ധ്വനീരീതികളുടെ ഔചിത്യത്തിൽ ഈ സമന്വയപ്രഭാവം കാണാനാവും.
സ്വന്തം കാലദേശങ്ങളിലൂന്നിക്കൊണ്ടുള്ള നമ്പൂതിരിയുടെ വരകൾ കാഴ്ചയുടെ വായനയിൽ അവയെ അതിക്രമിച്ചു സ്വതന്ത്രമാക്കുന്നു. ഒപ്പം അനുവാചകരുടെ അഭിരുചികളെ സ്വയം സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഈ അവസരങ്ങളിലാണ് എഴുത്തിനുവേണ്ടി നമ്പൂതിരി വരച്ച വരകളിലൂടെ എഴുത്തുകാർക്ക് ജീവിക്കേണ്ടി വരുന്നത്. എഴുത്തിനേക്കാളും അതിന് അലങ്കാരമായി വരച്ച വരകൾ മികച്ചതാവുന്നിടത്ത് നടന്ന മത്സരം സർഗാത്മകതകൾ തമ്മിലായിരുന്നു. നിശബ്ദമായ ഇത്തരം മത്സരങ്ങളിലൂടെ സമ്പന്നമായത് എഴുത്തും വരയുമാണ്. അതിന് മുഖ്യനായകത്വം വഹിച്ചത് നമ്പൂതിരിയും.
നമ്പൂതിരിയുടെ കാലഘട്ടത്തിൽ തന്നെ വരയിൽ സജീവമായിരുന്ന എം.വി.ദേവൻ, എഎസ് തുടങ്ങിയ രേഖാചിത്രകാരന്മാരിൽ നിന്ന് നമ്പൂതിരി സൂക്ഷിച്ച മൗലികമായ അകലം ഋജുവായ സുതാര്യതയായിരുന്നു. വരകളിലെ ലാളിത്യമായിരുന്നു. നിഴലും വെളിച്ചവും ഒന്നും കൂടാതെയുള്ള വരകളുടെ നഗ്നസൗന്ദര്യം തീർത്ത രൂപപരമായ താളമായിരുന്നു.
ദാർശനിക ഭാരമില്ലാത്ത സൗന്ദര്യത്തിന്റെ അലൗകികതയായിരുന്നു. വരേണ്യനും ‘അവരേണ്യ’നായ കീഴാളരുമൊക്കെ ഒരേരീതിയിൽ നമ്പൂതിരിയുടെ വരകളിലൂടെ ജാത്യന്യമായ സൗന്ദര്യത്തിന് വിധേയരായി. നമ്പൂതിരിയുടെ വരയിലെ സ്വാഭാവികമായ സ്വഭാവഘടന ഓരോ കഥാപാത്രങ്ങൾക്കും സമ്മാനിക്കുന്നത് അവരവരുടേതായ മൗലികതതന്നെയാണ്. ഇവിടെ ശൈലീകൃതമെന്ന ആക്ഷേപത്തിന് സാംഗത്യമില്ല. ‘ശൈലീകൃത’മെന്ന തോന്നലിന് കാരണം നമ്പൂതിരി ചിത്രങ്ങളിൽ സൂക്ഷമമായി സന്നിവേശിപ്പിച്ചിട്ടുള്ള മൗലികമായ സ്വഭാവഘടനയുടെ രേഖീയതലങ്ങളെ കാണാനാവാത്തതാണ്. കഥാപാത്രങ്ങളുടെ കണ്ണും കൈയും ആഹാര്യസാത്വികാദി ഭാവങ്ങളുമൊക്കെ ശൈലീകൃതമല്ലാത്ത ശൈലീസൗന്ദര്യത്തെയാണ് അഭിവ്യജ്ഞിപ്പിക്കുന്നത്. വികെഎൻ, ബഷീർ, എംടി തുടങ്ങിയവരുടെ രചനകളിൽ ഉണർന്നിരിക്കുന്ന നമ്പൂതിരിയുടെ വരയുടെ മനസ്സ് അമൂർത്തമായ സ്വഭാവ വൈശിഷ്ട്യങ്ങളെ രൂപപരമായ വരകളിലേക്ക് ആവാഹിക്കുന്നതിൽ എത്രത്തോളം ധ്യാനമഗ്നമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.
സ്ത്രീസൗന്ദര്യത്തെക്കുറിച്ചുള്ള നമ്പൂതിരിയുടെ നവീന സങ്കൽപനം വിമർശനങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. കലയും നഗ്നതയും തമ്മിലുള്ള ലാവണ്യപരമായ സ്വരച്ചേർച്ചയെക്കുറിച്ചുള്ള വ്യക്തിഗത സമീപനങ്ങളാണ് അതിലേക്ക് വഴിവച്ചത്. കലയുടെ ദൈവീകതയിൽ ഏറ്റവും സൗന്ദര്യമിയന്ന സ്ത്രീശരീരത്തെ ലാവണ്യാത്മകമായി കാണുന്നതിന് പകരം ലൈംഗികഭോഗവസ്തുവായി വിലയിരുത്തിയിടത്തായിരുന്നു നമ്പൂതിരിക്ക് പഴികേൾക്കേണ്ടി വന്നത്. ഇതുവഴി ചിത്രകലയിലെ സ്ത്രൈണ സൗന്ദര്യത്തെക്കുറിച്ചും ‘സദാചാരകലാ’ ചിന്തകളിലെ ഇരുൾ അൽപമെങ്കിലും മാറുകയും ചെയ്തു.
ദൈവസങ്കൽപത്തെ സൗന്ദര്യബോധത്തിന്റെ ഭാഗവും കാൽപനികതയുമായി വിലയിരുത്തുന്ന നമ്പൂതിരി തന്റെ വരയിലൂടെ ആ സങ്കൽപത്തെ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. അമൂർത്തമായ ചൈതന്യത്തെ ദൈവമായി കാണുന്ന നമ്പൂതിരി വരകളിലൂടെ സൃഷ്ടിക്കുന്ന സൃഷ്ടിചൈതന്യവും മറ്റൊന്നാകാനിടയില്ലല്ലോ.
ഇന്നും വരയുടെ വരിഷ്ഠജീവിതത്തിൽ കർമനിരതമാണ് നമ്പൂതിരി. മലയാളത്തിന്റെ വാക്കിലും വരയിലൂടെയും ചിത്രലോകത്തിന് ലഭിച്ച വരയുടെ മഹാപുണ്യം. കറുത്ത വരകളിലൂടെ പ്രകൃതിയേയും മനുഷ്യജീവിതത്തേയും കാല-ദേശാന്തര ഭേദങ്ങളേതുമില്ലാതെ സാംസ്കാരികമായി കൂട്ടിയിണക്കിയ സാരസ്വതാത്മാവ്. തൊണ്ണൂറാം പിറന്നാളിന്റെ ആഘോഷവേളയിലും കർമണ്യതയുടെ യൗവനപ്രസരിപ്പിലാണ് അദ്ദേഹം. അദ്ദേഹത്തിലൂടെ ഇനിയുമിനിയും കലാലോകം വിസ്മയപ്പെട്ടുകൊണ്ടേയിരിക്കും. നമ്പൂതിരിക്ക് കിട്ടിയ ദൈവത്തിന്റെ വിരലുകളിൽ നിന്ന് സദാവരകളുടെ സംഗീതം ഉണർന്നുകൊണ്ടേയിരിക്കും. ആ സാത്വികാത്മന് ആയുരാരോഗ്യത്തിന്റെ നവതിപ്രണാമങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: