കാളിഘട്ടില്‍ നിന്ന് പേര് കൊല്ക്കത്തയായപ്പോള് കാളിയുടെ സൗമ്യസാന്നിധ്യവും രൗദ്രചടുലതയും എങ്ങുമുണ്ടാകുമെന്നതില് എന്ത് സംശയം. ഭാരതത്തിലെ എല്ലാ സംസ്കാരവും എല്ലാ ഭാവവും കൊല്‍ക്കത്തയിലെ ഗലികളിലും ഇടറോഡുകളിലും സജീവം. ഒരുവേള സ്വന്തം നാടുപോലുള്ള അനുഭവവും ഉണ്ടായേക്കും.
അതാണ് കൊല്‍ക്കത്ത. മുപ്പത്തഞ്ചു വര്‍ഷം ആ നാട് ഭരിച്ച പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അവിടത്തെ അടിസ്ഥാനവര്‍ഗത്തിനു വേണ്ടി എന്തു ചെയ്തു എന്നതിന്റെ ഉത്തരമാണ് ആ പാര്‍ട്ടിയെ ഭരണത്തില്‍ നിന്ന് ദയനീയമായി എടുത്തുമാറ്റിയത്. പണക്കാരനും പാര്‍ട്ടിക്കാരനും ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തങ്ങള്ക്കൊരുപോലെയെന്ന് പ്രസംഗത്തില്‍ പറയുന്ന പാര്‍ട്ടിയുടെ അടിവേരില്‍ എന്താണുള്ളതെന്ന് ബംഗാളികള്‍ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ ചൂടുംപുകയും ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള 40 ഓളം വരുന്ന പത്രപ്രവര്‍ത്തകര്‍ നാലു ദിവസം കൊല്‍ക്കത്തയിലെ ഹൃദ്സ്പന്ദനങ്ങളിലേക്ക് ചെവിയോര്‍ത്തപ്പോള്‍ എന്തുകൊണ്ട് ബംഗാളികള്‍ കേരളത്തിലേക്ക് തുടരത്തുടരെയെത്തുന്നു എന്നതിന്റെ പൊരുള്‍ അറിഞ്ഞു.
അന്ന് നഗ്നപാദര്
പതിനാലുവര്‍ഷം മുമ്പ് കൊല്‍ക്കത്തയിലെത്തിയപ്പോള്‍ കണ്ടതില്‍ നിന്ന് എന്ത് മാറ്റമാണ് ഇപ്പോഴുള്ളതെന്ന തികച്ചും ലളിതമായ ചോദ്യത്തിന് അതിനെക്കാള്‍ ലളിതമായ ഉത്തരമിതാണ്. ആളെയിരുത്തി റിക്ഷ വലിക്കുന്നവന് ബസു സര്‍ക്കാര്‍ ഒരു ചെരിപ്പുപോലും നല്കാഞ്ഞപ്പോള് മമത ബാനര്‍ജി അത് നല്കിയിരിക്കുന്നു. പ്രധാന റോഡുകളിലേക്ക് ചെന്നെത്തുന്ന സകല റോഡുകളിലും നിങ്ങള്‍ക്ക് റിക്ഷാവാലകളെ കാണാം. ബ്രഹ്മപുത്ര ആസാമിന്റെ ദുഃഖമെന്ന് പറയുന്നതുപോലെ ഈ റിക്ഷാവാലകള്‍ വംഗനാടിന്റെ ദുഃഖമാണ്. അവരുടെ മുഖത്ത് ആഴത്തില്‍ ചാലിട്ടൊഴുകുന്നത് ജീവിതത്തിന്റെ നിസ്സഹായതയില്‍ നിന്നുള്ള കണ്ണീരാണ്.
അത് കാണുന്ന അടുത്ത നിമിഷം മേഘങ്ങളെ പുണരാന്‍ കുതിച്ചുയരുന്ന രമ്യഹര്‍മ്യങ്ങളും കാണാം. റോഡിനോരത്ത് ഒരു ജീവിതം സജീവമാകുന്നതിന്റെ ആശ്ചര്യത്തിലേക്ക് കണ്ണുകൂര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ തികച്ചും സാധാരണം എന്ന നിസ്സംഗതയാണ് പാവങ്ങള്‍ക്കുള്ളത്. വെപ്പും തീനും കുടിയും കുളിയും അലക്കും ഷേവു ചെയ്യലും എന്നുവേണ്ട സകലതും റോഡിനോരത്ത് തന്നെ! ആ കാഴ്ചയ്ക്കൊപ്പം തന്നെ കോട്ടും ടൈയും കെട്ടിയ ന്യൂജന്‍ സമൂഹവും ഉരുമ്മിനീങ്ങുന്നു. ഒരു ഭാഗത്ത് മെട്രോ കുതിച്ചുപായുമ്പോള്‍ മറുഭാഗത്ത് ആളെയും കയറ്റി റിക്ഷാവാലകള്‍ കിതച്ചും ചുമച്ചും പോകുന്നതാണ് കൊല്‍ക്കത്തയുടെ രീതി. ഇവരുടെ ജീവിതത്തെ അധികൃതര്‍ അവഗണിക്കുന്നതാണോ, അവര്‍ അധികൃതരെ അവഗണിക്കുന്നതാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
പ്രാചീനസൗന്ദര്യം
പഴഞ്ചന്‍ ബസ്സുകളും ട്രാമും മഞ്ഞച്ചായമടിച്ച ടാക്സികളും കൊല്‍ക്കത്തയെ അതിന്റെ പ്രാചീന സൗന്ദര്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുമ്പോള്‍ മെട്രോയും കൂറ്റന്‍ കെട്ടിടങ്ങളും അതുമായി ബന്ധപ്പെട്ട സകല സംഗതികളും ആധുനിക സൗന്ദര്യസങ്കല്‍പ്പത്തിന്റെ നേര് ചിത്രമാവുകയാണ്. അതുകൊണ്ട് തന്നെ റിക്ഷാവാലകളുടെ കണ്ണീരിലേക്ക് ആര്‍ദ്രതയോടെ നോക്കുന്ന അതേ നിമിഷം നവസൗന്ദര്യത്തിന്റെ ധവളിമയില്‍ പകച്ചു നില്‍ക്കുകയും ചെയ്യും.
മഹാനഗരത്തിന്റെ ഗാംഭീര്യതയില്‍ അഭിരമിക്കുന്നവര്‍ക്ക് ഏതു തരത്തിലും അവിടെ ജീവിക്കാമെന്ന കാര്യം എടുത്തുപറയേണ്ടതാണ്. നഗരത്തിരക്കില്‍ മൂന്നൂ രൂപയ്ക്ക് ഒരു ചെറിയ കപ്പില്‍ ചായ കിട്ടുന്നു.
നൂറ് രൂപകൊണ്ട് ഒരാള്‍ക്ക് ഒരു ദിനം കഴിയാന്‍ സാധിക്കുന്നു. കേരളത്തിലെ ഒരു ഗ്രാമത്തില്‍ പോലും ഇങ്ങനെ സാധിക്കില്ലെന്നതാണ് വാസ്തവം. എന്നാല്‍ പണിക്കൊത്ത കൂലി അവിടെയില്ല. അതുകൊണ്ടുതന്നെ ഹൗറയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലേക്ക് കിതച്ചെത്തുന്ന തീവണ്ടികളില്‍ വംഗബന്ധുക്കള് ഇരമ്പിക്കയറുന്നു. അവരുടെ സ്വപ്നഭൂമിയായി ഈ കൊച്ചുകേരളം മാറുന്നു. ഏതെങ്കിലും കടയില്‍ ചായ കുടിക്കാനോ മറ്റോ കയറിയാല്‍ സംസാരത്തിനിടെ മലയാളികളാണെന്ന് അറിഞ്ഞാല്‍ അടുത്ത ക്ഷണം തങ്ങളുടെ ബന്ധു കേരളത്തിലുണ്ടെന്ന് അവര്‍ ആശ്വാസം കൊള്ളുന്നു. അവിടത്തെ വീടുകളില്‍ പലതിലും നമ്മുടെ നാട്ടിലെ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ കലണ്ടറുകള്‍ തൂങ്ങുന്നുണ്ടെന്നതും കൗതുകകരമായ വസ്തുത!
കാളീസാന്നിധ്യം
കാളിയുടെ സാന്നിധ്യം കൊല്‍ക്കത്തയിലെ ഊടുവഴികളില്‍ പോലും തുടിക്കുന്നുണ്ടെന്ന് നടേ സൂചിപ്പിച്ചുവല്ലോ. ചെമ്പരത്തിപ്പൂവും കുങ്കുമവുമായി ആരാധനയ്ക്ക് എങ്ങും ആളുകള്‍ എത്തുന്നു. പ്രശസ്തമായ കാളിഘട്ടിലാണെങ്കില് കാളി തന്റെ രൗദ്രഭാവം എല്ലാ അര്‍ത്ഥത്തിലും വെളിപ്പെടുത്തുകയും ചെയ്യുന്നു. കാളിദേവിയുടെ ശക്തി അപാരമാണെന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ മത-സംസ്കാരങ്ങളൊക്കെ മാറ്റിവെച്ച് കാളിക്ക് അര്‍ച്ചന നടത്തുന്നു. ചെമ്പരത്തിപ്പൂവും പേടയും കുട്ടയിലാക്കി കച്ചവടക്കാര്‍ തന്നെ വിശ്വാസികളെ മുഖമണ്ഡപത്തിലേക്ക് നയിക്കുന്നു.
മലയാളികള്‍ക്ക് ഇന്നും ഞെട്ടലോടെ മാത്രം കാണാന്‍ കഴിയുന്ന മൃഗബലിയും ഇവിടെ സജീവം. കറുത്ത ആടിനെ കൈയും കാലും കൂട്ടിപ്പിടിച്ച് അറുക്കുന്ന കാഴ്ച ഒരുവേള ഭീകരമായ ഒരു അനുഭവം തന്നെ. അതിന്റെ നിലവിളിയില്‍ ഏതോ ഭക്തന്റെ ഐശ്വര്യം കലര്‍ന്നിരുന്നോ എന്ന സംശയം വല്ലാത്തൊരു മാനസികാവസ്ഥയുണ്ടാക്കി. കാളിദേവിയുടെ ചോരവാര്‍ന്ന നിറമുള്ള നാക്കിന് അടുത്തിടെ മാറ്റം വരുത്തിയത് പലര്‍ക്കുമുണ്ടായ ഭയം കൊണ്ടാണെന്ന് ഞങ്ങളുടെ വഴികാട്ടിയായ കൈലാസ് പറഞ്ഞു. കാളിഘട്ടില്‍ ഭക്തിയാണോ ഭയമാണോ നിറഞ്ഞിരുന്നതെന്ന് ഒറ്റയടിക്കു പറയാനാവില്ല. ആ ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്ന വലിയൊരു സമൂഹത്തിന് അത്താണിയാണ് കാളി. കാളീപൂജയില്‍ അവര്‍ അത്രമാത്രം ഇഴുകിച്ചേരാനുള്ള കാരണവും മറ്റൊന്നല്ല.
കുതിച്ചുപായും മെട്രോ
കൊല്‍ക്കത്തയിലെ ഗതാഗത സ്തംഭനം അസഹനീയമായ അനുഭവമാണ്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പോലും ചിലപ്പോള്‍ മണിക്കൂര്‍ തന്നെയെടുത്തെന്നിരിക്കും. രണ്ട് മിനിട്ട് ഇടവേളയില്‍ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ കുതിച്ചു പായുമ്പോഴും ഇതാണ് അവസ്ഥയെങ്കില്‍ അതില്ലാഞ്ഞാലുള്ള സ്ഥിതിയെപ്പറ്റി പറയാതിരിക്കുകയാവും ഭേദം. അഞ്ചുരൂപയ്ക്ക് സുഖസമൃദ്ധമായ ഒരു സവാരിയാണ് മെട്രോയില്‍ ലഭിക്കുക. ലക്ഷങ്ങള്‍ ഒരു ദിനത്തില്‍ മെട്രോ ഉപയോഗിക്കുന്നു. വൃത്തിയും വെടിപ്പോടെയും മെട്രോ കുതിച്ചുപായുന്നതിന്റെ ഒരു കാരണം യാത്രക്കാര്‍ തന്നെ. അത്തരമൊരു സംസ്കാരം വല്ലാതെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും കുളിയും കുടിയും റോഡിനോരത്ത് തന്നെയായവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍. ആര്‍ക്കും ടിക്കറ്റ് എടുക്കാതെ അതില്‍ യാത്ര ചെയ്യാനാവില്ല.
മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിക്ക് മിനിറ്റുകള്‍ മതിയെന്നതും ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയാണ് ടിക്കറ്റ് നിരക്കെന്നതും മെട്രോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. തിരക്കു കൂടിയ ഹൗറയിലേക്കും ബേലൂരേക്കും മെട്രോ ദീര്‍ഘിപ്പിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നു. കേരളത്തെ അപേക്ഷിച്ച് വിസ്തൃതി കൂടിയ സംസ്ഥാനമെന്ന നിലയ്ക്ക് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതിന് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ല. മെട്രോയ്ക്ക് വേണ്ടി നിലവിളികൂട്ടുന്ന കേരളത്തിന്റെയും മെട്രോ കുതിയ്ക്കുന്ന കൊല്‍ക്കത്തയുടെയും ചിത്രങ്ങള്‍ ഒരുവേള മനസ്സിലൂടെ മിന്നിമറഞ്ഞു.
പണിമുടക്കിലെ പണി
കൊല്‍ക്കത്ത ഹര്‍ത്താലുകളെയും പണിമുടക്കിനെയും എങ്ങനെ കാണുന്നുവെന്ന് അടുത്തറിയാന്‍ കഴിഞ്ഞു എന്നത് പ്രത്യേക അനുഭവമായി. ദേശീയ പണിമുടക്ക് ദിനമായ സപ്തം. 2 നാണ്് ഞങ്ങള്‍ നഗരവും കാളിഘട്ടും മറ്റും കാണാനിറങ്ങിയത്. ഊര്‍ജസ്വലനായ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ് എന്നിവരാണ് 40 പേരടങ്ങുന്ന സംഘത്തെ നയിച്ചിരുന്നത്. അവര്‍ക്ക് കരുത്തുപകരാന്‍ വിവേകാനന്ദ ട്രാവല്‍സിന്റെ എം.ഡി. നരേന്ദ്രനും. നരേന്ദ്രന്റെ ചുറുചുറുക്ക് അത്ഭുതപ്പെടുത്തുന്നതായി. സംഘത്തിലെ പലരും ക്ഷീണിതരാവുമ്പോള്‍ വര്‍ധിത വീര്യത്തോടെ പാട്ടും കളിയുമായി നരേന്ദ്രന് മുമ്പില്‍. സാക്ഷാല്‍ വിവേകാനന്ദന്റെ നരേന്ദ്രത്വം എങ്ങനെയോ നമ്മുടെ നരേന്ദ്രനില്‍ നിറഞ്ഞതുപോലെ. ഓരോ ഭാഗത്തേക്കുറിച്ചും ചടുലമായ വിവരണങ്ങള്‍; ഇടക്കിടെ ‘ഇവിടെ ശ്രദ്ധിക്ക്യാ’ എന്ന പ്രയോഗം സകലരേയും ചിരിപ്പിച്ചു.
വിക്ടോറിയാ രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച വിക്ടോറിയ ടെര്‍മിനസ്, ഈഡന് ഗാര്ഡന്, ഇന്ത്യന്‍ മ്യൂസിയം, എക്കോളജിക്കല്‍ മ്യൂസിയം എന്നിവിടങ്ങളിലൊക്കെ സന്ദര്‍ശനം നടത്തി. ഹൗറാപാലത്തിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനായി ലോഞ്ചില്‍ പോയത് കുളിര്യുള്ള അനുഭവമായിരുന്നു.
സുന്ദരവനം
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു സ്ഥലമാണ് ദ്വീപസമൂഹമായ സുന്ദര്‍ബന്‍. 38 ലധികം ദ്വീപുകള്‍. നാലെണ്ണത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. കടുവസംരക്ഷണ പ്രദേശമാണ് കണ്ടല്‍ച്ചെടികള്‍ കാവല്‍ നില്ക്കുന്ന, ഹെക്ടര്‍ കണക്കിന് സ്ഥലമുള്‍ക്കൊള്ളുന്ന സുന്ദര്‍ബന്‍. മീന്‍പിടിച്ചും തേന്‍ ശേഖരിച്ചും ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ കഴിയുന്നിടം. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന പ്രദേശത്ത് വികസനത്തിന്റെ നേരിയ പ്രകാശം വിടര്‍ന്നിട്ട് അധികം കാലമായിട്ടില്ല. ദൈന്യത മുഖമുദ്രയായ കുറെ ആളുകള്‍. സ്ത്രീകളടക്കം വലയെറിഞ്ഞ് മീന്‍ പിടിക്കുന്നു. സ്കൂളും മറ്റുമുണ്ടെങ്കിലും അവിടെ പോകുന്ന കുട്ടികളെക്കാള്‍ കൂടുതല്‍ പുറത്താണ്.
ലോക ടൂറിസ ഭൂപടത്തില്‍ സുന്ദര്‍ബന്‍ വന്നതോടെയാണ് ചെറിയ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഒന്നൊന്നര മണിക്കൂര്‍ ജലയാത്ര നടത്തിയാല്‍ മ്യൂസിയവും കണ്ടല്‍ ചെടി ഗവേഷണ കേന്ദ്രവും ഉള്‍പ്പെടുന്ന വനം വകുപ്പ് ഓഫീസിലെത്താം. കടുവയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നയിടം പ്രത്യേകം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പണ്ട് കാട്ടില്‍ നിന്ന് കടുവയിറങ്ങി തടാകം നീന്തിക്കടന്ന് ആളുകളെ കൊന്നു തിന്നുമായിരുന്നുവത്രെ. കടുവയെ തെറ്റിദ്ധരിപ്പിക്കാന്‍ ആള് രൂപം വയ്ക്കാറുണ്ടായിരുന്നുപോലും. സുന്ദര്‍ബന്റെ ഒരു ഭാഗം ബംഗ്ലാദേശിലാണ്. വനം വകുപ്പ് ഓഫീസിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനായി പ്രദേശവാസികളായവരെ ഗൈഡുകളായി നിര്‍ത്തിയിട്ടുണ്ട്.
വനം വകുപ്പ് തുച്ഛമായ വല്ലതും നല്‍കിയാലായി. വിനോദസഞ്ചാരികള്‍ മനസ്സറിഞ്ഞ് നല്‍കുന്നതാണ് ഇവരുടെ ജീവിത മാര്‍ഗ്ഗം. സുന്ദരി എന്ന് പേരായ ഒരു കണ്ടല്‍ച്ചെടിയില്‍ നിന്നാണ് സുന്ദര്‍ബന്‍ (ഒരുപക്ഷേ, സുന്ദരവനം എന്നാവാം) എന്ന് സ്ഥലത്തിന് പേരുണ്ടായതെന്ന് ഗൈഡ് സൂചിപ്പിച്ചു. വലിയ കാതലുള്ള ആ മരം ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സുന്ദര്‍ബന്റെ സംരക്ഷണത്തിനാവാം ഇവിടെയും ഒരു ചെറിയ ക്ഷേത്രമുണ്ട്. ബന്ദേബതാ ക്ഷേത്രം എന്നാണറിയപ്പെടുന്നത്.
ഗുലാം അലിക്ക് ഇനി സുഖമായി പഠിക്കാം
സുന്ദര്‍ബനിലേക്കുള്ള യാത്രയില്‍ ഹൗസ്ബോട്ടിലാണ് അവനെ കണ്ടത്. പതിനൊന്നിനടുത്ത പ്രായം. ദാരിദ്ര്യത്തിന്റെ വേദന ഉറഞ്ഞുകൂടിയ മുഖഭാവം. അവന്റെ ചിരിയില്‍ പോലും നിസ്സഹായതയുടെ നിലവിളി. അവന് ഗുലാം അലി. നാലാം ക്ലാസില്‍ പഠിക്കുന്നുവെന്നാണ് പറഞ്ഞത്. സ്കൂള്‍ ദിവസമായിട്ടും പോകാതെ ബോട്ടില്‍ കയറിയതെന്തേ എന്ന ചോദ്യത്തിന് വെറുതെയെന്ന് മറുപടി. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അവനോട് കാര്യങ്ങള്‍ തിരക്കി. പിതാവിന് മീന്‍പിടിത്തം. ഇളയവരില്‍ ഒന്നനുജത്തി. അമ്മയ്ക്ക് വീട്ടുപണി. ബോട്ടില്‍ വെള്ളം കോരിയൊഴിക്കാനും കയറ് വലിച്ചുകെട്ടാനും മറ്റും നില്ക്കുന്നു. കൂലി വല്ലതും കിട്ടുമോ എന്നാരാഞ്ഞപ്പോള്‍ ഇല്ല എന്ന് മറുപടി. ഭക്ഷണം കിട്ടും. ടൂറിസ്റ്റുകള്‍ ബോട്ടില്‍ പോകുമ്പോള്‍ അവര്‍ക്കുള്ള ഭക്ഷണത്തിന്റെ പങ്കാണ് ഗുലാം അലിയുടെ പ്രലോഭനം.
സുന്ദര്‍ബനില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കമാലിന്റെ നേതൃത്വത്തില്‍ അംഗങ്ങളില്‍ നിന്നൊരു ചെറിയ പിരിവ്. അത് അവന്റെ പോക്കറ്റില്‍ വെച്ച് നന്നായി പഠിക്കണമെന്നൊക്കെ പറഞ്ഞപ്പോള്‍ അവിശ്വസനീയമായി അവന്റെ ഭാവപ്പകര്‍ച്ച. കണ്ണില്‍ നക്ഷത്രത്തിളക്കം. യാത്ര തീര്‍ന്നിട്ടും അവന്റെ മുഖം എല്ലാരിലും നൊമ്പരമുണര്ത്തിക്കിടക്കുന്നു.
ഇനി ഇതിന്റെ ഫലശ്രുതി കൂടി. ബോട്ട് കരയോടടുക്കുമ്പോള്‍ കമാല്‍ വരദൂരിന്റെ ഒരു പ്രഖ്യാപനം. ബംഗളുരുവിലെ കെഎംസിസി ഗുലാം അലിയുടെ പഠനച്ചെലവ് ഉള്‍പ്പെടെയുള്ളവ എറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് എല്ലാവര്‍ക്കുമുണ്ടായത്. ദൈവം കൈയൊപ്പിട്ടു കൊടുത്ത സ്വഭാവ വൈശിഷ്ട്യം കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റിനുണ്ടെന്ന് അനുഭവിച്ചറിഞ്ഞു. ഈ യാത്രയുടെ ഏറ്റവും സഫലമായ ഒരവസ്ഥയായി എന്നെന്നും അത് നില നില്ക്കും. ദൈവം എത്ര കരുണാമയന്‍.
(അവസാനിക്കുന്നില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: