കണ്ണൂര്‍: ‘ടിപി 51’ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടാല്‍ മതിയായ പോലീസ് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിനിമക്കെതിരെ നടക്കുന്ന വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. സിനിമയെ സിപിഎം എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എതിര്‍പ്പുകളുണ്ടെങ്കില്‍ അവര്‍ക്കും സിനിമയെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അരുംകൊല ചെയ്യപ്പെട്ട ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതവുമായി ബന്ധപ്പെട്ട് മൊയ്തു താഴത്ത് സംവിധനം ചെയ്ത ടിപി 51 എന്ന സിനിമക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. സിനിമ കേരളത്തിലെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ടിപി വധവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെയുള്ള രോഷം കേരളത്തില്‍ വീണ്ടും ഉയരുമെന്ന ഭയമാണ് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. നേരത്തെ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് നിരവധി ടാക്കീസുകള്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ തിയ്യറ്ററുകളില്‍ മാത്രമേ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: