കെ.കെ.പത്മനാഭന്
കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ക്കു പിന്നിലെ ക്രമക്കേടുതള്‍ മൂടിവെച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതായി വ്യക്തമായ അറിവ് ലഭിച്ചിട്ടും അതില്‍ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കിയാണ് തദ്ദേശ സ്വയംഭരണം, വിജിലന്‍സ് തുടങ്ങിയ വകുപ്പുകള്‍ കുറ്റവാളികളെ സംരക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ചീഫ് ടൗണ്‍ പ്ലാനറുടെ മേല്‍ നോട്ടത്തില്‍ മൂന്ന് ടൗണ്‍ പ്ലാനര്‍ (വീജിലന്‍സ്) മാരും, ജില്ലാ ടൗണ്‍ പ്ലാനര്‍മാര്‍ കണ്‍വീനര്‍മാരായുള്ള പ്രത്യേക സ്ക്വാഡുകളും ചേര്‍ന്ന് സംസ്ഥാനത്ത് നടത്തിയ വിവിധ പരിശോധനകളില്‍ അനധികൃതമെന്നു കണ്ടെത്തി സമര്‍പിച്ച റിപോര്‍ട്ടുകളില്‍ പറയുന്ന 2000ത്തോളം കെട്ടിടങ്ങളില്‍ ഭൂരിഭാഗം കെട്ടിടങ്ങളിലും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു കെട്ടിടത്തിനെതിരെപ്പോലും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരം അന്വേഷണം നടത്താനായി വിജിലന്‍സ് വകുപ്പിനു കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല.
വിജിലന്‍സ് അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ 1992 മെയ് 12 നു പുറപ്പെടുവിക്കപ്പെട്ട ജിഒ.(പി)നം.65/92.വിജി നമ്പര്‍ ഉത്തരവിലെ ഖണ്ഡിക 12ല്‍ ഉപഖണ്ഡിക(ബി) പ്രകാരം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് സംശയമുള്ള കേസുകള്‍ തുടര്‍ നടപടികള്‍ക്കായി വിജിലന്‍സിനു കൈമാറാന്‍ വകുപ്പു തലവന്മാരും, വകുപ്പുതല വിജിലന്‍സ് ഓഫീസര്‍മാരും ബാധ്യസ്ഥരാണ്. ഈ ഉത്തരവിന്റെ നാലാം ഖണ്ഡികയിലെ ഒന്നാം ഉപഖണ്ഡിക ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധന നിയമപ്രകാരവും പ്രകാരമുള്ള കുറ്റങ്ങള്‍ വിജിലന്‍സ് വകുപ്പ് മാത്രമേ അന്വേഷിക്കാവുയെന്നും അത് ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരവും മാത്രമേ ആകാവൂയെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ നിയമവ്യവസ്ഥയാണ് തദ്ദേശ സ്വയംഭരണ വകുപ്പും വിജിലന്‍സ് വകുപ്പും മറ്റും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരെ സംരക്ഷിക്കുന്നതിനായി അട്ടിമറിച്ചിരിക്കുന്നത്.
പാര്‍ക്കിങ്ങ് സ്ഥലത്ത് മറ്റേതെങ്കിലും മുറിയുടെ നമ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജരേഖ ഉപയോഗിച്ച് നമ്പര്‍ നേടിയതും, താഴത്തെ നിലയ്ക്കു മാത്രം നമ്പര്‍ ലഭിച്ച കെട്ടിടത്തില്‍ ഒന്നിലധികം മുറികള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരുമുറിയുടെ നമ്പറില്‍ ലൈസന്‍സ് നേടുകയും, മറ്റു മുറികളുടെ നമ്പര്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടായി മറ്റു നിലകളിലേക്ക് വ്യാപാര ലൈസന്‍സ് നേടുകയും ചെയ്തതുള്‍പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തി ടൗണ്‍ പ്ലാനര്‍മാര്‍ നല്കിയ റിപോര്‍ട്ടില്‍ പോലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാതെ കെട്ടിടത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അയക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
നിയമം ലംഘിച്ച് നിര്‍മാണം നടത്തുന്നവരുടെ സ്വാധീനം കാരണം നടപടി കൈക്കൊള്ളാന്‍ തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാര്ക്ക് പലപ്പോഴും കഴിയാറില്ല. ടൗണ്‍ പ്ലാനിങ്ങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാനുള്ള എഴുത്തിനു തൊട്ടുപിന്നാലെ തന്നെ കെട്ടിട നിര്‍മാണ ചട്ട ലംഘനത്തിനുള്ള പ്രൊവിഷനല്‍ കല്പന മാത്രമേ അയക്കാവൂ എന്ന കല്പന ഫോണിലൂടെ മുകളില്‍ നിന്നെത്തും. ഇത്തരത്തില്‍ പാര്‍ക്കിങ്ങ് സ്ഥലം കൈമാറ്റം ചെയ്ത കെട്ടിടങ്ങള്‍ പോലും ഇന്നും അതേപടി നിലനില്‍ക്കുന്നുണ്ട്. ഈ കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റ് നേടിയ കണ്ണൂരിലെ ബില്‍ഡേര്‍സിന്റെ ഉടമ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്ത ബന്ധുവാണ്.
വിജിലന്‍സ് ഡയരക്ടര്‍ക്കോ, അഡീഷണല്‍ ചീഫ് സെക്രട്ടറിക്കോ, മന്ത്രിക്കു തന്നെയോ നല്കുന്ന വ്യാജരേഖ ചമയ്ക്കലും വിശ്വാസവഞ്ചനയും നടന്നതായി തെളിയിക്കുന്നതിന്, വിവരാവകാശ നിയമപ്രകാരം ലഭിച്ച വ്യാജരേഖയുടെ കോപ്പി സഹിതം നല്കുന്ന പരാതിയില്‍ പോലും വിജിലന്‍സ് നേരിട്ട് നടപടി സ്വീകരിക്കാതെ വകുപ്പുതല അന്വേഷണത്തിന് അയക്കുകയാണ് ചെയ്യുന്നത്. മുറികള്‍ വ്യാജരേഖയുണ്ടാക്കി വില്പന നടത്തിയ സംഭവത്തില്‍ പോലും വ്യജ ഫയലുകളുടെ നമ്പറും ഫയലുകളും സഹിതം അന്ന് വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ പരാതി നിയമം ലംഘിച്ച് തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് വകുപ്പ് തല അന്വേഷണത്തിന് അയക്കുകയായിരുന്നു. ഇത്തരത്തില്‍ അന്വേഷണം നടത്തി പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഫയല്‍ വിജിലന്‍സിന് കൈമാറാതെ കെട്ടിടത്തിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററില്‍ ലഭിച്ച പരാതിക്കുള്ള മറുപടിയിലും വ്യാജ രേഖചമയ്ക്കലും വിശ്വാസവഞ്ചനയും ക്രിമിനല്‍ ഗൂഡാലോചനയും നടന്നകാര്യം സമ്മതിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉതകുന്നതല്ലായെന്ന നിലപാടാണ് വിജിലന്‍സ് വകുപ്പ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: