കരുവാരക്കുണ്ട്: രേഖകളുണ്ടായിട്ടും നികുതി സ്വീകരിക്കാത്തിനെ തുടര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കേരള എസ്റ്റേറ്റ് നിവാസികള്‍.
എസ്റ്റേറ്റിലെ സിടു ഡിവിഷനിലെ 49 കുടുംബങ്ങളാണ് സമരരംഗത്തേക്ക് എത്തുന്നത്. 15 വര്‍ഷത്തിലധികമായി ഇവര്‍ കൈവശം വെച്ചിരിക്കുന്ന മൂന്നും നാലും സെന്റ് ഭൂമികളുടെ നികുതിയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാന്‍ മടികാണിക്കുന്നത്. ഭൂമിയുടെ ആധാരം, പട്ടയം തുടങ്ങി എല്ലാ രേഖകളും ഇവരുടെ പക്കലുണ്ട്. എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2011 ജനുവരിയില്‍ 156 ബ്ലോക്ക് നമ്പറില്‍പ്പെട്ട ഭൂമിയുടെ പോക്കുവരവ് റവന്യൂ അധികൃതര്‍ തടഞ്ഞത്. ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് ലഭിച്ച തോട്ടം ഭൂമി തരംതിരിക്കാനോ മുറിച്ചുവില്ക്കാനോ പാടില്ലെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.
എന്നാല്‍ മൂന്നും നാലും സെന്റ് ഭൂമിയില്‍ വീടുവെച്ച് താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് പിന്നീട് ഇറങ്ങിയ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഈ ഭൂമിയുടെയും നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
മുമ്പ് സമാനമായ സംഭവം ഉണ്ടായപ്പോള്‍ ഈ കുടുംബങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി എംഎല്‍എ അഡ്വ.എം.ഉമ്മര്‍ നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ അന്ന് ആ ചോദ്യത്തിന് റവന്യൂ മന്ത്രി നല്കിയ മറുപടി ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും കേരള എസ്റ്റേറ്റ് വില്ലേജില്‍ ഇല്ലായെന്നായിരുന്നു. തുടര്‍ന്ന് കുടുംബങ്ങള്‍ വില്ലേജ് ഓഫീസില്‍ നികുതി അടക്കാനായി ചെന്നെങ്കിലും നികുതി സ്വീകരിച്ചില്ല.
നികുതി സ്വീകരിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടിലാണ് ഈ കുടുംബങ്ങള്‍. വീട് നിര്‍മ്മാണം നടത്താനോ രേഖകള്‍ ഹാജരാക്കി വായ്പ എടുക്കാനോ സാധിക്കാത്ത അവസ്ഥ. വൃക്ക രോഗിയുടെ ചികിത്സപോലും നികുതി ശീട്ടില്ലാത്തതിനാല് മുടങ്ങിയിരിക്കുകയാണ്.
ഇവിടുത്തെ താമസക്കാരായ ഹൈദര്‍ തോട്ടുങ്ങല്‍, എളായി ചൂലന്‍, എ.കുട്ടിഹസന്, കല്ലന് മുഹമ്മദലി, കെ.ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണം സംസ്ഥാനപാത ഉപരോധം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: