മലപ്പുറം: ശ്രീകൃഷ്ണജയന്തിയുടെ പേരുപറഞ്ഞ് ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി. ഇത്രയും മതേതരത്വം പറഞ്ഞ് ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരുന്ന സിപിഎം ഹൈന്ദവ ആഘോഷങ്ങളില്‍ കൈകടത്തുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇരുട്ടിലാണ്ടുപോയ ഒരു ജനതയെ നന്മയിലേക്ക് കൈപിടിച്ച് നടത്തിയ ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്നതിലൂടെ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സിപിഎമ്മിന്റെ അവഗണനയിലും ന്യൂനപക്ഷ പ്രീണനത്തിലും മനം മടുത്ത് ഹിന്ദുക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിലെ അസഹിഷ്ണുത കൊണ്ടാണ് ഹൈന്ദവ ആഘോഷങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്കാരവും അറിയാത്ത സിപിഎമ്മിന് തമാശ കാണിക്കാനുള്ളതല്ല ഹൈന്ദവരെന്ന് ഓര്‍മിക്കണമെന്നും ഹിന്ദുഐക്യവേദി പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ പോലുള്ള മഹാത്മാവിനെ കുരിശില്‍ തറക്കാന്‍ കാണിച്ച കരളുറപ്പ് സിപിഎമ്മിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്. നാല് പതിറ്റാണ്ടായി ബാലഗോകുലം ആഘോഷിക്കുന്ന ശ്രീകൃഷ്ണജയന്തിയെ ജനകീയവത്ക്കരിക്കാനുള്ള ശ്രമമാണെന്നാണ് സിപിഎം പറയുന്നത്. ഹൈന്ദവ ആഘോഷങ്ങളില്‍ മാത്രം കൈകടത്തുന്ന സിപിഎമ്മിന് മറ്റ് മതങ്ങളുടെ ആഘോഷങ്ങളും മതേതരമായി ചിത്രീകരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ഐക്യവേദി ചോദിക്കുന്നു.
ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതികളുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറിമാരായ പി.വി.മുരളീധരന്, വി.എസ്.പ്രസാദ്, ജില്ലാ പ്രസിഡന്റ് ടി.വി.രാമന്, ഏറനാട് മണ്ഡലം ഭാരവാഹികളായ സുധീഷ് ആമയൂര്‍, ടി.അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: