മട്ടന്നൂര്‍: ചാവശ്ശേരി-മോച്ചേരി മേഖലയില്‍ വീണ്ടും സിപിഎം അക്രമം. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് ആഭരണവും, പണവും മോഷ്ടിച്ചു. കുറുങ്കുളം-കരക്കാട് പുതുക്കുടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്ത്തകന് ആദിഷ് നിവാസില്‍ ടി.കെ.വിനോദ്കുമാറിന്റെ വീട് അക്രമിച്ച് തകര്‍ത്ത ശേഷം പണവും ആഭരണവും കവരുകയായിരുന്നു. പുലര്‍ച്ചെ 5.30ഓടെ വയലാരമ്പ് മധുസൂദനന്റെ മകന് വൈശാഖ് (23) പുതുക്കുടിയിലെ കണ്ട്യന്‍ മുകുന്ദന്റെ മകന് ദിപിന് (23) പുതുക്കുടിയിലെ നടുക്കണ്ടി വിജേഷ് (28), ഷാന്‍ നിവാസില്‍ പുതുക്കുടി ഷിനോജ് (23), പുതുക്കുടിയിലെ സുജിത്ത് (23) എന്നിവരടങ്ങുന്ന സിപിഎം സംഘം വീടിന്റെ അടുക്കളവശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് വിനോദ്കുമാറിനായി തിരച്ചില്‍നടത്തിയെങ്കിലും മുന്‍ വശത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ കയ്യില്‍ വടിവാള്‍, കൈമഴു, കമ്പിപ്പാര തുടങ്ങിയവ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട വിനോദ്കുമാര്‍ പറഞ്ഞു. വിനോദ് കുമാറിനെ കിട്ടാതെ വന്നപ്പോള്‍ ക്രിമിനല്‍ സംഘം വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സ്റ്റൗ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. അലമാര കുത്തിത്തുറന്ന് അതുലുണ്ടായിരുന്ന ഒരുപവന്‍വരുന്ന വളയും 15,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്. വിനോദ്കുമാറിന്റെ ഭാര്യയും മകനും ഒരു വിവാഹ ചടങ്ങിനായി ബന്ധുവീട്ടിലായിരുന്നതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. കവര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അക്രമിസംഘം വീടിന്റെ ജനലുകള്‍ അടിച്ചു തകര്‍ക്കുകയും പ്ലംബിംഗ് സംവിധാനം നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അലങ്കരിച്ച പതാകയും മറ്റും തൊട്ടടുത്ത സ്ഥലമായ കട്ടേങ്കണ്ടത്ത് സിപിഎം സംഘം നശിപ്പിക്കുകയും ആര്‍എസ്എസ് മോച്ചേരി ശാഖാ ശിക്ഷക് നയന നിവാസില്‍ മിനേഷിനെയും അമ്മയെയും വീട്ടില്‍ കയറി കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്ത് പിടികൂടുന്നതിന് പകരം പ്രശ്നം സിപിഎമ്മിന് വേണ്ടി ഒതുക്കിത്തീര്പ്പാക്കാനാണ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സിപിഎം പ്രവര്‍ത്തകനായിരുന്ന വിനോദ്കുമാര്‍ അടുത്തകാലത്താണ് പാര്‍ട്ടി നയത്തില്‍ മനംമടുത്ത് പാര്‍ട്ടി വിട്ട് സംഘപരിവാര്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.
ശ്രീകൃഷ്ണ ജയന്തി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്ത് നേതൃത്വംകൊടുത്തത് വിനോദായിരുന്നു. ഇതിന്റെ പേരില്‍ വിനോദ്കുമാറിന്റെ നേരെ സിപിഎം ഭീഷണിയുണ്ടായിരുന്നു. സിപിഎം വിലക്ക് മറികടന്ന് നിരവധിപേരാണ് കരക്കാട് പുതുക്കുടി പ്രദേശങ്ങളില്‍ നിന്ന് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ അണിനിരന്നത്. ഇതില്‍ അങ്കലാപ്പിലായ പ്രദേശത്തെ സിപിഎം നേതൃത്വം ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് കട്ടേങ്കണ്ടത്തെ വായനശാല അക്രമ നുണക്കഥകളും സംഘപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമ പരമ്പരകളും. സിപിഎം ഏകപക്ഷീയമായി നടത്തുന്ന അക്രമപരമ്പരക്കെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: