കണ്ണൂര്‍: അഴീക്കല്‍ സില്കില് നടക്കുന്ന കപ്പല്‍ പൊളി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സ്റ്റേ നീട്ടി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ച് അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സില്‍ക് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സില്‍കിന്റെ വാദം തള്ളിയ കോടതി പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്ന് അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ കപ്പല്‍ പൊളിക്ക് അനുമതി നല്കാവു എന്ന് കോടതിവിധിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ സമര്പിക്കാന് സില്‍ക് അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് സെക്രട്ടറിയും പൊല്യുഷന്‍ കണ്ട്രോള് ബോര്‍ഡും അനുമതി നല്‍കിയത് ക്രമവിരുദ്ധമാണെന്നും സമരസമിതിക്കാര്‍ വാദിക്കുന്നു.
കപ്പല്പൊളിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കലക്ടറോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെയും രേഖകള്‍ ഹാജരാക്കിയില്ല. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കപ്പല്‍പൊളി കേന്ദ്രത്തിന്റെ സ്റ്റേ പുന:പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ജില്ലാഭരണ കൂടം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിലും ദുരൂഹതയുണ്ട്. എന്നാല്‍ കോടതി സ്റ്റേ ചെയ്തിട്ടും കപ്പല്‍പൊളി ഭാഗികമായി നടക്കുന്നതായി സമരസമിതിക്കാര്‍ ആരോപിക്കുന്നു. കേന്ദ്രത്തിനകത്തുള്ള അന്യസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ച് രാത്രികാലങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്. പോലീസിന്റെ ~ഒത്താശയോടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: