ഗ്രീഷ്മം കനല്‍വാരിയെറിയുന്ന
വീഥിയിലാരെത്തിരയുന്നു ബാലികേ നീ?
കണ്‍കളിലൂറും വിഷാര്ദ്ര കണങ്ങള്‍ നിന്
കുഞ്ഞുമനസ്സിന്റെ നൊമ്പരമോ?
പഴമതന്‍ ഗന്ധവും പേറി നില്ക്കുന്നോ-
രനാഥാലയത്തിന്റെ മുകളിലെ നിലയതില്‍
നിന്നു താഴെ പൂഴിവീഥിയില് കണ്ണുനട്ടാരെ
തിരയുന്നു ബാലികേ, ഓമലേ?
ഒരുനാള്‍ വരും മാതാവൊരുനാള് വരും, വന്നു
കവിളില്‍ പൊന്മുത്തങ്ങള് നല്‍കുന്നതും
ഒരുനാള്‍വരും പിതാവൊരുനാള് വരും, വന്നു
സ്നേഹക്കരങ്ങളാല് ലാളിപ്പതുമോര്ത്തു
നേര്‍ത്ത നെടുവീര്‍പ്പിടുന്നുവോ ബാലികേ
കോമള വദനേ കുരുന്നുപൂവേ…
വേനല്പുകയുന്നുചുട്ടു നീറുന്നിതാ
പ്രകൃതിയും നിശ്ചലം നിന്നിടുന്നു.
ചെറുകാറ്റലയില്ല, ദളമര്മ്മരമില്ല
ചീര്‍ത്ത വിഷാദം പൊതിയുന്നു ഭൂമിയെ.
കണ്‍കളില്‍ പൂത്ത പ്രതീക്ഷയും വറ്റിയാ
ബാലിക നിശ്ചലം നടന്നിടുന്നു.
വാടിത്തളര്‍ന്നൊരു താമരയായ്പിന്നെ,
താഴെ നിലത്തങ്ങിരുന്നിടുന്നു.
എങ്കിലും കാണാമാകണ്കളില് മിന്നുന്ന
വര്‍ണ്ണ പ്രതീക്ഷതന്‍ സ്വര്ണ്ണരാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: