മറുനാട് നല്കുന്ന ആഹ്ലാദത്തിനും സൗകര്യത്തിനും മേലെയാണ് കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ജന്മനാടു നല്കുന്ന സ്നേഹമെന്ന വെമ്പലും ആവേശവും കൊണ്ടു രചിച്ചതാണ് പി. എം. മുരളീധരന്റെ എന്റെ കൊച്ചി എന്റെ കേരളം. കൊച്ചി കണ്ടവന് അച്ചി വേണ്ടെന്ന പ്രാസമൊപ്പിച്ച പഴമൊഴിക്കപ്പുറം പ്രലോഭനീയമായ ആഴങ്ങള്‍ ഒളിപ്പിച്ച കൊച്ചിയെക്കുറിച്ചുള്ള എഴുത്തുകള്‍ അനേകമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വാനുഭവ വെളിച്ചത്തില്‍ ഇങ്ങനെയൊരു രചന. പഴമയിലെ പുതുമയും പുതുമയിലെ ഭാവിയും കൊണ്ടു ജാഗ്രതയായ കൊച്ചിയുടെ ചരിത്ര സാംസ്കാരിക സാമൂഹ്യ ഭാവങ്ങളുടെ നേര്‍മ ഈ പുസ്തകത്തില്‍ കാണാം.
ചെറു ലേഖനങ്ങളുടെ ഈ ചെറു പുസ്തകം ചില വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ജനിച്ചു വളരുകയും പ്രശസ്തമായൊരു പൈതൃകത്തില്‍ വളരുകയും ചെയ്ത മുരളീധരന് രാഷ്ടീയ സാമൂഹ്യ സാംസ്ക്കാരിക വ്യാവസായിക വിജ്ഞാന തലങ്ങളില്‍ പ്രവര്‍ത്തിച്ച് കൊച്ചിയെ അറിയാന്‍ ശ്രമിച്ചതിന്റെ അനുരണനങ്ങള്‍ ഈ രചനയിലുണ്ട്. കൊച്ചി തുറമുഖത്തിന്റെ ഇന്നത്തെ മരവിപ്പും മട്ടാഞ്ചേരിയുടെ വാണിജ്യ തകര്‍ച്ചയും സര് റോബര്‍ട്ട് ബ്രിസ്റ്റോയുടെ ഐലന്റ് നിര്‍മ്മാണവുമൊക്കെ ഓര്‍മിപ്പിക്കുന്ന ലേഖനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതിലേക്കാണ്് വെളിച്ചം വീശുന്നത്.
ആധുനീക ശാസ്ത്രവും ടെക്നോളജിയും അത്രയ്ക്കൊന്നും വളരാത്ത ഒരു നൂറ്റാണ്ടിനു മുന്‍പ് ബ്രിസ്റ്റോ സായ്പ് കേവലം പതിനാറു വര്‍ഷം കൊണ്ട് തൊള്ളായിരം ഏക്കറോളം വരുന്ന ഐലന്റ് ജലത്തില്‍നിന്നും പണിഞ്ഞെടുത്തതിന്റെ ധീരവും സാഹസികവുമായ ത്യാഗം ആദരവിന്റെ കാഹളം ഉയര്‍ത്തുന്നതാണ്. എല്ലാം തികഞ്ഞ ഇക്കാലത്തുപോലും ഇങ്ങനെയൊണ് നമ്മെക്കൊണ്ടാവുമോയെന്ന് മുരളീധരന് ചോദിക്കുന്നു. ലോകത്തിലെ തന്നെ പ്രകൃതി ദത്തമായ കൊച്ചി തുറമുഖത്തെ സമരം ചെയ്തും പണിമുടക്കിയും നശിപ്പിക്കുകയാണെന്ന് ധാര്‍മ്മിക രോഷം കൊള്ളുന്നു.കൂടുതല്‍ കൂലിയും കുറവു ജോലിയും ആവശ്യപ്പെടുന്ന തൊഴിലാളികള്‍ നാടിന്റെ ശാപവും തൊഴില്‍ രഹിതരുടെ വഞ്ചകരുമാണെന്ന് തുറന്നടിക്കുന്നു. ചൂഷണ മനസുള്ള ട്രേഡ് യൂണിയന് നേതാക്കളാണ് ഇതിനുത്തരവാദികളെന്ന് പറയാനും മുരളീധരന് മടിക്കുന്നില്ല.
ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ സാരഥിയും മറ്റുമായിരുന്ന ഈ എഴുത്തുകാരന് വ്യവസായ,വാണിജ്യമണ്ഡലത്തെക്കുറിച്ചു ചില ഉള്‍ക്കാഴ്ചകള്‍ കാര്യകാരണ സഹിതം പങ്കുവെക്കുന്നു.
ആയിരത്താണ്ടുകള്‍ക്കു മുന്‍പു തന്നെ വന്‍ വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചി ഇന്ന് ലോക ഭൂപടത്തില്‍ ആധുനികതയുടെ കുതിപ്പാകുമ്പോഴും തികച്ചും സങ്കീര്‍ണ്ണവും ഉള്ളിലേക്കു വലിയുന്നതുമായ ഒരു അധോഗതിയുടെ പരിതോവസ്ഥ ഉണ്ടെന്ന് മുരളീധരന് സൂചിപ്പിക്കുന്നു.കറുത്ത പൊന്നായ കുരുമുളകു തേടിയും മറ്റും ഇവിടെയെത്തിയ യൂറോപ്യന്മാര് പരസ്പ്പരം അങ്കം വെട്ടി കൊച്ചിയുടെ ചരിത്രത്തിനും സംസ്ക്കാരത്തിനും മീതെ ഏച്ചുകെട്ടലുണ്ടാക്കിയിട്ടും ഇവിടത്തെ തനതായതൊന്നിനും അടിസ്ഥാനമായി മാറ്റമുണ്ടായിട്ടില്ലെന്നും മുരളീധരന് തുറന്നു പറയുന്നു.
വിജനവും ഏകാന്തവും നിശബ്ദവുമായ തെരുവുകളും അടഞ്ഞ പാണ്ട്യശാലകളും കൊണ്ട് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന മട്ടാഞ്ചേരിയുടെ അന്നത്തെ അവസ്ഥ ആര്‍ക്കും വേദനയുണ്ടാക്കും.
ആഡംബര ഭാരമില്ലാത്ത ലളിതമായ ഭാഷയാണ് മുരളീധരന്റേത്. കൊച്ചിയോടു പ്രണയമുള്ള ഒരു കൊച്ചിക്കാരന്റെ ആശങ്കകളുടെ അക്ഷരം കൊണ്ടു തീര്‍ത്തതാണ് ഈ പുസ്തകം. ഇതു പക്ഷേ ഒരു പഠനമല്ല,ചൂണ്ടുപലകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: