കോട്ടയം: മലയാളിയുടെ ഓണഓര്‍മ്മകളില്‍ നിറഞ്ഞുനിന്നിരുന്ന ‘ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയ്‌ക്ക് പൂട്ടുകച്ചവടവും’ താല്‍ക്കാലികമായി നിലച്ചെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷമായി ആ വിടവ് നികത്തിയ മാവേലിയും ,ഡ്യൂപ്പും, മറ്റ് കഥാപാത്രങ്ങളും കൂടുതല്‍ പകിട്ടോടെ ഇന്ന് കേരളത്തില്‍ വീണ്ടും എത്തും.
കണ്ണനുണ്ണിയുടെയും രാജന്‍ സോമസുന്ദരത്തിന്റെയും ശബ്ദത്തിലൂടെ. ഓണക്കാല പാരഡി സീഡികളുടെ വ്യാജപ്പകര്‍പ്പുകള്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ഭീമമായ സാമ്പത്തികത്തകര്‍ച്ച നേരിട്ട് പിന്‍വാങ്ങേണ്ടിവന്നത് മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആകാശവാണിയുടെ യൂത്ത് ചാനല്‍ റെയിന്‍ബോ എഫ് എം 107.5 കൊച്ചിയിലെ അവതാരകരും മിമിക്രിയെ ഏറെ സ്‌നേഹിക്കുന്നവരുമായ കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും ഇന്ന് രാത്രി 7ന് മാവേലിയെയും ഡ്യൂപ്പിനെയും കേരളത്തില്‍ തിരിച്ചുകൊണ്ടുവരും.
പാരഡി ഗാനങ്ങളുടെ സുല്‍ത്താനും ഓണപ്പാരഡികളുടെ തുടക്കക്കാരനുമായ നാദിര്‍ഷ തന്നെ പരിപാടികേട്ട് കണ്ണനെയും രാജനെയും അഭിനന്ദിച്ചു. കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും 2013ല്‍ മാവേലിയും ഡ്യൂപ്പും പിന്നെ ഓണവും എന്നപേരിലും 2014ല്‍ വാട്ട്‌സ്ആപ്പ് മാവേലി എന്നപേരിലുമാണ് മലയാളിക്ക് മുന്നിലെത്തിയത്. ഈ വര്‍ഷം മാവേലി പൊളിച്ചുട്ടാ ഗഡി എന്ന പേരിലാണ് കോമഡി സ്‌കിറ്റ്.
പാഠപുസ്തകവിവാദവും, തെരുവ്‌നായ ശല്യവും, ഓണപ്പരസ്യങ്ങളും, ടിവി റിയാലിറ്റി ഷോയും, അന്യസംസ്ഥാനതൊഴിലാളികളും , വിഷപച്ചക്കറികളും ഉള്‍പ്പടെയുള്ള ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യരൂപത്തില്‍ നര്‍മ്മത്തില്‍ചാലിച്ച് അവതരിപ്പിക്കുകയാണ് കണ്ണനുണ്ണിയും രാജനും സ്‌കിറ്റിലൂടെ. ഇന്നസെന്റിന്റെ മാവേലിയായും, കമ്മത്തായും, വിനയന്‍മാഷായുമെല്ലാം രാജന്‍ പകര്‍ന്നാടിയപ്പോള്‍ ജഗതിയുടെ ഡ്യൂപ്പിനും, ബീരാന്‍ ഇക്കയ്‌ക്കും, സ്‌കൂള്‍കുട്ടിക്കും, ആമിനത്താത്തക്കും, മദ്യപാനിക്കും, അപ്പിഹിപ്പിക്കും കണ്ണനുണ്ണി ശബ്ദം പകര്‍ന്നു. റെയിന്‍ബോ എഫ് എമ്മിലെ മസാലബൈറ്റ്‌സ് എന്ന പ്രതിവാര കോമഡി പരിപാടിയുടെ അവതാരകരാണ് ഇരുവരും.
മികച്ച കാര്‍ട്ടുണിസ്റ്റുകള്‍ കൂടിയാണ് കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും. രാജേട്ടന്‍ കാര്‍ട്ടൂണ്‍സ് എന്ന പേരില്‍ രാജനും കണ്ണേട്ടന്‍ കാര്‍ട്ടൂണ്‍സ് എന്ന പേരില്‍ കണ്ണനും മൂന്ന്് വര്‍ഷമായി ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പേജ് കൈകാര്യം ചെയ്യുന്നു. കാര്‍ട്ടൂണിനെ സ്‌നേഹിക്കുന്ന അനവധി ഫോളോവേഴ്‌സും മുതല്‍ക്കൂട്ടായുണ്ട്. കേരളത്തിലെ ആദ്യത്തെ കോമഡി റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റ് പ്ലസ്സിലെ സ്‌മൈല്‍ പ്ലീസിലെ(2007) ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളാണ് കണ്ണനുണ്ണിയും രാജന്‍ സോമസുന്ദരവും.
ആലപ്പുഴ വളവനാട് വിജയാനിവാസില്‍ ഗോപാലകൃഷ്ണന്റെയും വിജയകുമാരിയുടെയും മകനായ കണ്ണനുണ്ണി ആലപ്പുഴ മങ്കൊമ്പ് എസ് എന്‍ കോളേജിലെ ജേര്‍ണലിസം അധ്യാപകനും വളവനാട് അക്ഷയാ ജനസേവനകേന്ദം സംരംഭകനുമാണ്.
കാലടി ശാരുസോമയില്‍ സോമസുന്ദരത്തിന്റെയും ശാരദയുടെയും മകനാണ് രാജന്‍ സോമസുന്ദരം. സൂര്യാ ടിവിയുടെ സിംഫണി , രസികരാജ തുടങ്ങിയ പരിപാടികളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ മിമിക്രി ആര്‍ട്ടിസ്റ്റുകളായ കണ്ണനുണ്ണിയുടെയും രാജന്‍ സോമസുന്ദരത്തിന്റെയും പുതിയ സംരംഭത്തിന് മിമിക്രി, സിനിമ താരങ്ങളായ അബി, സാജു നവോഗയ (പാഷാണം ഷാജി) , സിനിമ ഗാനരചയിതാവായ രാജീവ് ആലുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: