‘….പൂ കൊണ്ടു മൂടും പൊന്നിന് ചിങ്ങത്തില്
പുല്ലാങ്കുഴല്‍ കാറ്റത്താടും ചെമ്പാവിന് പാടം
ഇന്നേ കൊയ്യാം നാളെ ചെന്നാലത്തം, ചിത്തിര, ചോതി
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍…..”
ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്തമായ പാട്ടാണിത്. ഓണത്തെക്കുറിച്ച് മനോഹരമായ ഗാനങ്ങള്‍ എഴുതിയിട്ടുള്ളതും അദ്ദേഹമാണ്. പാട്ടുകേള്‍ക്കുമ്പോഴേ മനസ്സിലേക്ക് ഓണത്തിന്റെ ആഘോഷങ്ങളും ആഹ്ലാദവുമെല്ലാം ഇരമ്പിയെത്തും. ഉത്സവത്തിലേക്ക് ആഴ്ന്നിറങ്ങിയ വര്‍ണ്ണനകളില്‍ നിറയുന്നതേറെയും പ്രകൃതിയാണ്. 1977ല്‍ വിഷുക്കണി എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രീകുമാരന്‍തമ്പി ഈ ഗാനമെഴുതിയത്. മലയാളമറിയാത്ത സലില്‍ ചൗധരി മലയാളിത്തം ഒട്ടും ചോര്‍ന്നുപോകാതെ സംഗീതം നല്‍കുകയും ചെയ്തു.
”പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍…..”
നാടെങ്ങും ഓണത്തിന്റെ ആഘോഷങ്ങള്‍ അലയടിക്കുമ്പോള്‍ ആഘോഷത്തിന്റെ ചൂടും ചൂരും നിറഞ്ഞ നിരവധിപാട്ടുകളും മനസ്സു നിറയ്ക്കുന്നു. ”എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഓണ നിലാവു മാത്രം” എന്നു പറയുമ്പോലെയാണ് എല്ലായിടവും. നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ മുങ്ങുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്‍ ചേക്കേറുകയാണ് ഓണക്കാലത്ത്. ഓണത്തിനു മുന്നേ അതിന്റെ വരവറിയിച്ച് പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കാണാനാകും. പൂക്കള്‍ വിടരും. ഓണവെയില് പരക്കും. ഓണക്കിളികള്‍ ചിലയ്ക്കും. വീട്ടുമുറ്റങ്ങള്‍ക്ക് പൂക്കളങ്ങള്‍ ഐശ്വര്യമാകും. തുമ്പി തുള്ളലും കൈകൊട്ടിക്കളിയും കിളിത്തട്ടും കരടികളിയും ഓണപ്പടയും ഓണത്താറും ഓണപ്പൊട്ടനും…..എല്ലാം വരും.
ഓണം വിപണിയുടെ ഉത്സവമായിമാറി ഇപ്പോള്‍. പണ്ട് സ്വന്തം പുരയിടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കൊണ്ടും സ്വന്തംപാടത്തു നിന്ന് കൊയ്തെടുത്ത നെല്ലുകൊണ്ടുമായിരുന്നു ഓണ സദ്യ ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സദ്യ പോലും റെഡിമെയ്ഡായി ലഭിക്കുന്നു. പച്ചക്കറിയും അരിയുമെല്ലാം അന്യനാട്ടില്‍ നിന്ന് വിരുന്നെത്തി നമ്മുടെ വീടുകളിലെ ഓണത്തിന് മാറ്റു കൂട്ടുന്നു. കാലത്തിന്റെ അനിവാര്യതയോ ഒരു ജനതയുടെ പരാജയത്തിലേക്കുള്ള വഴിയോ ആകാമത്. അഭിപ്രായങ്ങള്‍ നിരവധിയുണ്ടെങ്കിലും ഓണം അനുഭവമാണ്. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്. തിരുവോണം വന്നു പോകുമ്പോള്‍, മനസ്സില്‍ ശൂന്യത. മലയാളി അത്രയ്ക്ക് ഇഷ്ടപ്പെടുന്നു, ഓണത്തെ. ഓണാഘോഷങ്ങളെ.
ഓര്‍മ്മകളാണ് ഓണത്തിന്റെ പ്രത്യേകത. ഓര്‍മ്മയ്ക്കു പേരാണിതോണം എന്ന് കവി പറഞ്ഞതും അതിനാലാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ആരോടുപറഞ്ഞാലും ചെറുപ്പകാലത്തെ ഓണത്തിലേക്കാണ് ഊളിയിടുക. ഊഞ്ഞാലാടിയത്, കുളത്തിലെ വെള്ളത്തില്‍ നീന്തിത്തുടിച്ചത്. ഓണക്കളികള്‍ കളിച്ചത്. പുത്തനുടുപ്പിട്ട് ഗമയില്‍ നടന്നത്. വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് ഇലയിട്ട് ഊണുകഴിച്ചത്….. അങ്ങനെ നൂറുനൂറു കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തും.
ഓണക്കാലത്ത് ബന്ധുക്കളെല്ലാവരും ഒന്നിച്ചു കൂടും. ഉത്രാടം മുതല്‍ ഓണം തുടങ്ങുമെങ്കിലും തിരുവോണമാണ് പ്രധാനം. ഉത്രാടം മുതല്‍ തന്നെ തിരുവോണത്തിനായുള്ള ഒരുക്കങ്ങളാരംഭിക്കും. അച്ചാറും ഉപ്പേരിയുമൊക്കെ നേരത്തെ തയ്യാറാക്കി വയ്ക്കും. അതെല്ലാം പ്രായമായവരുടെ ജോലികളാണ്. ഇഞ്ചിക്കറിയും നാരങ്ങാ അച്ചാറുമെല്ലാം ഭരണിയിലാക്കും. ഭരണി പൊട്ടിക്കുമ്പോഴെ മണം മനസ്സു നിറയ്ക്കും. വായില്‍ വെള്ളം നിറയും….
സദ്യയൊരുക്കുന്നത് സ്ത്രീകളുടെ ജോലിയാണെങ്കിലും ആണുങ്ങളും സഹായിക്കും. പറമ്പില്‍ നിന്ന് ഇലമുറിക്കുന്നതാണ് അവസാനത്തെ ജോലി. ഇലമുറിക്കുമ്പോഴെ അമ്മമാര്‍ വിളിച്ചു തുടങ്ങും. ഊണിനു കാലമായെന്ന് അറിയിക്കും. എല്ലാവരും വലിയവരാന്തയില്‍ ഒന്നിച്ചിരുന്നാണ് സദ്യ. കാലിനുവേദനയുള്ള പ്രായമായവര്‍ മാത്രം ബഞ്ചിലോ കസേരയിലോ ഇരുന്നുണ്ണും. ഊണുകഴിഞ്ഞാല്‍ പ്രായമായവര്‍ക്ക് മയക്കമാണ്. കുട്ടികള്‍ വീണ്ടും തൊടിയേക്കിറങ്ങി ഓണക്കളികളില്‍ വ്യാപൃതരാകും.
ഇതൊരു ഓണക്കാലത്തിന്റെ ഓര്‍മ്മകളാണ്. ഇതെല്ലാം നഷ്ടപ്പെട്ടെന്ന് പറയാറായിട്ടില്ല. ഓണത്തിന്റെ കൂട്ടായ്മകളും ആഹ്ലാദവുമെല്ലാം നശിക്കാതെ നില്ക്കുന്നു എന്നതാണ് ഇക്കാലത്ത് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള പ്രേരണ. ഇരുപതുവര്ഷങ്ങള്ക്ക് മുമ്പ് കുട്ടികളായിരുന്നവര്‍ കളിച്ച കളികളല്ല ഇന്നത്തെ കുട്ടികള്‍ കളിക്കുന്നതെന്നുമാത്രം. ഇന്നത്തെ കുട്ടികളുടെ മനസ്സിലും ഭാവിയില്‍ ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളുണ്ടാകും. പക്ഷേ, ഇന്നത്തെ ആഘോഷത്തിലേക്ക് ടെലിവിഷന്‍ ചാനലുകളും മദ്യവും അതിക്രമിച്ചു കയറിയെന്ന വലിയ വ്യത്യാസം കൂടിയുണ്ട്. ഓണം ടിവിക്കു മുന്നില്‍ ആഘോഷിക്കാനാണ് മലയാളികളിലേറെപ്പേരും ഇഷ്ടപ്പെടുന്നത്. ഓണക്കളികളെ അവര്‍ മറന്നുകഴിഞ്ഞു. ഊണിനുമുമ്പ് രണ്ടു പെഗ്ഗ് കഴിക്കുന്നത് അന്തസ്സായിക്കാണുന്നതും ശീലങ്ങളുടെ ഭാഗമായി.
ആഘോഷങ്ങള്‍ക്ക് ചില്ലറമാറ്റങ്ങള്‍ വന്നെങ്കിലും ഓണത്തെ നിരാകരിക്കാന്‍ മലയാളിക്കു കഴിയില്ല. ഓരോ വര്‍ഷവും ഓണത്തിന്റെ ആഹ്ലാദം ഏറിവരികയാണ്. എല്ലാ ഓണത്തിനും പഴയകാല ഓണത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മലയാളിയുടെ ശീലത്തിനും മാറ്റമുണ്ടായിട്ടില്ല. ഓര്‍മ്മകളില്ലാതെ ഒരോണവും നമുക്കാഘോഷിക്കാനാകില്ല….
”ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം…”
ഓണത്തെക്കുറിച്ച് വര്‍ണ്ണനകള്‍ ചൊരിയാത്ത സാഹിത്യങ്ങളില്ല. കഥകളില്‍, കവിതകളില്‍, നോവലുകളില്‍, സിനിമകളില്‍…എന്നു വേണ്ട സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ സമസ്ത മേഖലകളിലും തൊട്ടു കടന്നു പോയതൊന്നു മാത്രമാണ്, ഓണം. സാഹിത്യത്തിനും ഓണം വിപണി നല്‍കുന്നുണ്ട്. ഓണക്കാലത്തിറങ്ങുന്ന വിശേഷാല്‍ പതിപ്പുകളിലൂടെയാണത് സംഭവിക്കുന്നത്. കോടികള്‍ മറിയുന്ന വലിയ ‘ബിസിനസ്’ ആണത്. ഓരോ ഓണപ്പതിപ്പും ലക്ഷങ്ങളുടെ പരസ്യവരുമാനമാണ് ഓണക്കാലത്ത് നേടുന്നത്. പരസ്യം കൂടുന്നതിനനുസരിച്ച് രണ്ടു മൂന്നും പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്. ഓണപ്പതിപ്പുകളുടെ കച്ചവട താല്പര്യം ഇത്തരത്തിലാണെങ്കിലും അവ നല്ല വായന സമ്മാനിക്കുന്നുണ്ട്. ഓണക്കാലത്തെ സാഹിത്യോത്സവമാണ് ഓണപ്പതിപ്പുകളിലൂടെ നമുക്കനുഭവിക്കാനാകുന്നത്.
മലയാളത്തിലെ പ്രശസ്തമായ പല നല്ല കഥകളും കവിതകളും ഓണപ്പതിപ്പുകളുടെ സമ്മാനമാണ്. അതില്‍ ഏറ്റവും എടുത്തുപറയാവുന്ന ഒന്നാണ് മലയാളിയുടെ ഹൃദയത്തില്‍ വായനയുടെ വസന്തം വിരിയിച്ച, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍. ഒരു വര്‍ഷം ദീപിക ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയതാണ് ദസ്തയേവ്സ്കിയെ കഥാപാത്രമാക്കികൊണ്ടുള്ള ആ നോവല്‍. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം കോപ്പികള്‍ വിറ്റുപോയ കൃതിയായി അതു മാറി.
വികെയെന്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ടി.പദ്മനാഭന്, എം.ടി, എന്‍.എസ്.മാധവന് തുടങ്ങിയവരുടെയെല്ലാം മികച്ച കഥകള്‍ ഓണപ്പതിപ്പുകളിലേറിയാണ് മലയാള വായനക്കാരന്റെ മനസ്സിലിടം തേടാനെത്തിയത്. അക്കിത്തം, ഒ.എന്‍.വി, കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദന്, പി.നാരായണക്കുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളും ഓണവായനക്ക് സ്ഥിരമായി കവിതകള്‍ എഴുതുന്നവരാണ്. അതും ഓണപ്പതിപ്പുകളിലൂടെയാണ് പിറവികൊള്ളുന്നത്.
” കൃഷ്ണപക്ഷ കരിങ്കാവു നീര്‍ത്തിടും
കുറ്റിരുട്ടു പുതച്ചുകൊണ്ടങ്ങനെ
മെല്ലെമെല്ലെ പടിയിറങ്ങുന്നിതാ
കര്‍ക്കിടക കടശ്ശിരാവേകയായ്!….
……………………………………………..
ചിങ്ങമാസപ്പുലര്‍ വെളിച്ചം വന്നു
മുറ്റമെല്ലാം മെഴുകുന്നു നാള്‍കളില്‍
സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്
പൊന്നു വര്‍ഷിച്ചിടുന്നൊരു വേളയില്‍
പൊന്നണിപ്പട്ടുപ തീര്‍ത്ത,പീഠത്തിലാ-
യൊട്ടിടയിങ്ങതിഥിക്ക് തുല്യയായ്
വന്നിരുന്നിടാം ശീവോതി; യസ്തമി-
ക്കുന്ന നേരത്തകന്നുമറഞ്ഞിടാം!….”
ഓണക്കാലത്താണ് പ്രഭാവര്‍മ്മ ‘ആടി’ എന്ന കവിതയെഴുതിയത്. നല്ല കവിതയുടെ നറുനിലാവ് പെയ്യുകയായിരുന്നു പ്രഭാവര്‍മ്മയുടെ വരികളിലൂടെ. ഓണക്കാലത്തിന്റെയും ഓണത്തിന്റെ വരവറിയിക്കുന്ന കര്‍ക്കിടകമാസത്തിന്റെയും നല്ല ഓര്‍മ്മകളെ മനസ്സിലേക്ക് കൊണ്ടു വിരുന്നതാണ് ‘ആടി’
ഓണപ്പതിപ്പുകളിറങ്ങുന്നതുപോലെ തന്നെയാണ് ഓണക്കാലത്ത് ഓണപ്പാട്ടുകളും ഇറങ്ങുന്നത്. 1983ല്‍ ഉത്സവഗാനങ്ങള്‍ എന്നപേരിലിറങ്ങിയ കാസറ്റ് ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്തി നേടിയതാണ്. അതിലെ പാട്ടുകളെല്ലാം മലയാളി ഓണാഘോഷത്തിനൊപ്പം ചേര്‍ത്തുവച്ചു.
”ഉത്രാടപ്പൂനിലാവെ…വാ…
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരപ്പാല് ചുരത്താന്‍ വാ..വാ..!”
ശ്രീകുമാരന്‍ തമ്പിയെഴുതി രവീന്ദ്രന്റെ സംഗീതത്തിലാണ് ഈ ഗാനം പുറത്തു വന്നത്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പാട്ടിന്റെ വരികള്‍ മലയാളി ഓണാഘോഷത്തിനൊപ്പം ചേര്‍ത്തുവയ്ക്കുന്നു.
”..തിരുവോണത്തിന് കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന് മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ രാഗംകേട്ടെ മയങ്ങുന്നാ വാമനന്മാര്
അവര്‍ക്കോണക്കോടിയായ് നീ വാ..വാ..വാ…!”
ഓണത്തിന്റെ വരവറിയിച്ച് നിരവധിക്കാര്യങ്ങള്‍ നമുക്കിടയിലേക്ക് വരുന്നുണ്ട്. തൊടികളില്‍ പൂക്കള്‍ നിറയുന്നതുമുതല്‍ ഓണവെയിലും ഓണനിലാവും തുടങ്ങി…അങ്ങനെ പലതും. കടകളില്‍ ഓണപ്പന്തുകളും കളിപ്പാട്ടങ്ങളും നിറയുന്നതും ഓണത്തിന്റെ വരവ് വിളംബരം ചെയ്യുന്നതാണ്. പലനിറങ്ങളിലുള്ള ചെറിയ പന്തുകള്‍ കടകളില്‍ തൂങ്ങിക്കിടക്കുന്നതുകാണുമ്പോള് കുട്ടികള്‍ക്കുണ്ടാകുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതാണ്. ഓണത്തിന്റെ വരവറിയിക്കുന്ന അടയാളങ്ങള്ക്കൊപ്പമാണ് ഇപ്പോള്‍ ഓണപ്പതിപ്പുകളുടെ സ്ഥാനം. മിക്കവാറും എല്ലാ പത്രങ്ങളും ഓണപ്പതിപ്പുകളിറക്കുന്നുണ്ട്. സാഹിത്യത്തിന്റെ സദ്യയൊരുക്കുകയാണവര്. ഓണം വായനാ സമ്പന്നമാക്കുകകൂടി ചെയ്യുന്നു മലയാളി. പുത്തന്‍ വസ്ത്രങ്ങളും പലഹാരങ്ങളുമൊക്കെ വാങ്ങുന്നതിനൊപ്പം ഓണപ്പതിപ്പു കൂടി വാങ്ങുന്നു. ഓണത്തിന്റെ ശീലമാണ് ഓണം വിശേഷാല്‍ പ്രതികള്‍. ഓണം വിശേഷാല്‍ പ്രതികളെ കുറിച്ച് വൈലോപ്പിള്ളി ഓണക്കാഴ്ച എന്നൊരു കവിതതന്നെ എഴുതിയിട്ടുണ്ട്.
പേരറിയാത്ത നാടോടിക്കവികള് മുതല്‍ ആധുനിക കവികള്‍ വരെ ഓണത്തെ കുറിച്ച് പാടിയിട്ടുണ്ട്. ഓണത്തോളം തന്നെ പഴക്കമുണ്ട് ഓണപ്പാട്ടുകള്‍ക്കും.
”പത്തുനാള്‍ തൊട്ടേ ഞാനോണം തൊട്ടേ
അത്തത്തിപത്ത് തിരുവോണമേ
എന്റുള്ളകം വെന്തങ്ങുരുകുന്നൊണ്ടേ
ഇന്നുവീട്ടിച്ചെലവിനൊന്നുമില്ലേ
ആളുകള്‍ക്കോണം കൊടുക്കവേണം
വെന്തുക്കള്‍ വീട്ടിലും പോകവേണം
കയ്യിലൊരുവശോം ഇല്ലെനിക്ക്
എന്റുള്ളകം വെന്തങ്ങുരുകുന്നൊണ്ടേ
വെന്തുക്കള്‍ വീട്ടില്‍ പോയില്ലെങ്കില്‍
വെന്തുക്കാരെന്നെ വീടുവെലക്കും
എന്നുടെ പെങ്ങളെ! കൊച്ചുപൊറോതി!
ഓണച്ചടുതി ചടുതി തന്നെ…..”
പേരറിയാത്ത കവിയെഴുതിയ ഓണപ്പാട്ടാണിത്. ഓണം വരുമ്പോഴും ദാരിദ്ര്യത്തിന്റെ സങ്കടങ്ങളാണ് കവി പങ്കുവയ്ക്കുന്നത്. വാമൊഴിയായി ചൊല്ലിവന്ന നാടന്‍ പാട്ടു ശേഖരത്തില്‍ നിന്നാകാം ഈ കവിതയെന്നാണ് ഗവേഷക പക്ഷം.
വയലാര്‍ രാമവര്‍മ്മയുടെ മഹാബലിക്കൊരു കത്ത് വെറുമൊരു ഓണക്കവിതയായിരുന്നില്ല. മലനാട്ടമ്മ വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരുന്നുവരുന്ന മഹാബലിക്ക് മനംനൊന്തേഴുതുന്ന കത്താണത്.
‘മാനുഷരെല്ലാരുമൊന്നുപോലാവുന്ന
മാനവധര്‍മ്മം പുലര്ന്നില്ലിതുവരെ’ എന്ന ദുഃഖ സത്യമാണ് മലനാട്ടമ്മയിലൂടെ വയലാര്‍ അറിയിക്കുന്നത്.
”ആരറിയുന്നു നീ വന്നതും പോവതും?
ആരുനിനക്കിറ്റു പാഥേയമേകുവാന്?
ആരെ തിരിഞ്ഞൊന്നു നില്ക്കുവാന്? ജീവിത-
ഭാരം ചുമന്നങ്ങു തിടുക്കില്‍ നടക്കവേ,
ഞങ്ങള്‍ മറന്നുപോയ് പാടുവാന്‍, തേനൂറു-
മന്നത്തെയോണപ്പുതുമലര്‍പ്പാട്ടുകള്‍.
എന്നേ മറന്നുപോയ് പൂക്കളം തീര്‍ക്കുവാന്‍!
എന്നേ മറുന്നുപോയ് നിന്മനമോമനെ…!”
ഓണത്തിന്റെ തിരുവരവറിയിക്കുകയാണ് സുഗതകുമാരി. ഓണം സന്തോഷമാണ് സമ്മാനിക്കുന്നതെങ്കിലും എവിടെയൊക്കയോ വിഷാദത്തിന്റെ കനലെരിയുന്നു. ഓണത്തെയോര്ത്ത് കവി മനസ്സ് വിഷാദാത്മകമാകുന്നു.
ഓണം ഇപ്പോള്‍ ടെലിവിഷന്‍ പെട്ടിക്കു മുന്നിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് കാലത്തിന്റെ അനിവാര്യതയാണ്. ചാനലുകള്‍ മലയാളത്തിലേക്ക് അധിനിവേശം നടത്തിയതിനു ശേഷം ഓണം എല്ലായിടത്തും അങ്ങനെയാണ്. നഗരത്തിലാണെങ്കില്‍ വീട്ടില്‍ സദ്യയൊരുക്കാന്‍ പോലും ആരും മെനക്കെടാറില്ല. ഒന്നു ഡയല് ചെയ്യേണ്ട കാര്യമേയുള്ളു, ഒന്നാന്തരമൊരു സദ്യ വീട്ടിലെത്തും. അരി വാങ്ങാനും പച്ചക്കറികള്‍ വാങ്ങാനും കടകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടാനുമാര്ക്കുനേരം. ഉള്ള സമയം മുഴുവന്‍ ടിവിയ്ക്കു മുന്നിലിരിക്കാമല്ലോ. ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന സമൂഹമാണുള്ളത്. ഇതെല്ലാം അനിവാര്യതയാണെന്ന് പറയുന്നതിത്തിരി ക്രൂരതയാണ്. ഉള്ളു നിറയുന്നൊരു വേദന…
ഇതിനിടയില്‍ ഓണ സാഹിത്യവും വായനയുമെങ്കിലും നശിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയാണുള്ളത്. അതിന് ഓണപ്പതിപ്പുകള്‍ സഹായിക്കും. ഓണം വന്നുകൊണ്ടേയിരിക്കട്ടെ. ഇടപ്പള്ളിയുടെ പ്രശസ്തമായ ഓണക്കവിതയുണ്ട്. അത് അവസാനിക്കുന്നതിങ്ങനെയാണ്:
”……ഉത്സാഹമാരുതനീവിധത്തില്‍
ഉത്സവപ്പൊന്‍കൊടി പാറിക്കുമ്പോള്‍
‘മാവേലി’ തന്നുടെ നാടു കാണ്മാന്
താവും മുദമോടെഴുന്നള്ളുന്നൂ;
ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: