കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവില്‍ അന്തരിച്ച മുതിര്‍ന്ന സംഘപ്രചാരകന് എന്‍.കൃഷ്ണപ്പാജി ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും സൗമ്യനായ സംഘാധികാരിയായാണ് അനുഭവപ്പെട്ടിട്ടുള്ളത്. 1958 മുതല്‍ അദ്ദേഹത്തെ അറിയാന്‍ അവസരമുണ്ടായിട്ടുണ്ട്. ഒരിക്കലും അദ്ദേഹത്തെ ക്ഷുഭിതനായി കണ്ടിട്ടില്ല എന്നുപറയാം. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയുമ്പോഴും കേള്‍ക്കുന്നവര്‍ക്ക് മനസ്സില്‍ നോവുണ്ടാവാത്ത രീതിയില്‍ പറയുവാന്‍ കൃഷ്ണപ്പാജിക്കു കഴിഞ്ഞിരുന്നു.
സംഘപ്രവര്‍ത്തനത്തിന്റെ മൗലികമായ സംഗതികളില്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍. അതേസമയം പ്രവര്‍ത്തകരുടെ പെരുമാറ്റവും നടത്തയും ശ്രദ്ധിക്കുകയും ഉചിതമായ സമയത്തു ഉചിതമായി ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു.
മാരകമായ അര്‍ബുദരോഗത്തിന്റെ പിടിയിലായിരുന്നു ഏതാണ്ട് 20 വര്‍ഷങ്ങളായി കൃഷ്ണപ്പാജി. തീരെ കലശലായിരുന്ന കാലത്തു മാത്രമേ അദ്ദേഹം വിശ്രമമെടുത്തുള്ളൂ.
തന്റെ അപാരമായ മനശ്ശക്തികൊണ്ട് അര്‍ബുദത്തെ അദ്ദേഹം അടക്കിനിര്‍ത്തി. ആധുനികവൈദ്യശാസ്ത്രത്തിന്റെ അത്ഭുതൗഷധങ്ങളെക്കാള് ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം ഉപയോഗിച്ചു. ദുര്‍വാദളം എന്ന കറുകനാമ്പിന്റെ നീരിലാണ് അദ്ദേഹം മരുന്നു സേവിച്ചത്. കൃഷ്ണപ്പാജിയുടെ പ്രവാസമുണ്ടെന്നറിയുമ്പോള് കാര്യകര്‍ത്താക്കള്‍ കറുകയുടെ കെട്ടുകള്‍ തന്നെ സംഭരിച്ചുവെക്കാമായിരുന്നു. ഇപ്പോഴും ഇന്നും കറുക തഴച്ചുനില്ക്കുന്ന വയല്‍വരമ്പുകളും തോട്ടിറമ്പുകളും കാണുമ്പോള്‍ അദ്ദേഹത്തെയാണ് ഓര്‍മവരിക. ഒരവസരത്തില്‍ മാത്രമേ അദ്ദേഹം തന്റെ അസുഖം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി സംസാരിച്ചുള്ളൂ.
പേരാമ്പ്ര ഹൈസ്കൂളില്‍ സംഘശിക്ഷാവര്‍ഗ് നടന്നപ്പോള്‍ ഒരു ദിവസം എനിക്കവിടെ പോകേണ്ടിവന്നു. രാത്രിയില്‍ ഞങ്ങള്‍ അടുത്തടുത്താണ് ഉറങ്ങിയത്. എന്റെ ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ് തുടര്‍ന്നുള്ള ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വിസ്തരിച്ചന്വേഷിച്ചു. ആയുര്‍വേദ ചികിത്സ പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള പ്രയാസത്തെയും മരുന്നുകളെയും കുറിച്ച് പറഞ്ഞപ്പോള്‍ അതു തന്റെ ക്യാന്‍സര്‍ ശല്യം ചെയ്യുന്നതായിരിക്കാമെന്നു അഭിപ്രായപ്പെട്ടു.
അദ്ദേഹവുമായി ആദ്യം അടുത്തു ഇടപഴകിയത് 1958 ല്‍ ഹോസ്ദുര്‍ഗില്‍ വെച്ചായിരുന്നു. അന്ന് പ്രാന്തകാര്യവാഹ് ആയിരുന്ന അണ്ണാജി (മധുരയിലെ എ.ദക്ഷിണാമൂര്‍ത്തി) കണ്ണൂര്‍ ജില്ലയിലെ പ്രവാസത്തിനുശേഷം പയ്യന്നൂര്‍ വഴി ഉഡുപ്പി, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ആസൂത്രണം ചെയ്തിരുന്നു. അദ്ദേഹത്തെ ഹോസ്ദുര്‍ഗില്‍ കൊണ്ടുപോയിവിടുന്നതിന് കണ്ണൂര്‍ ജില്ലാ പ്രചാരകനായിരുന്ന വി.പി.ജനാര്‍ദനനും പോയി. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ സ്വീകരിക്കാന്‍ വന്നത് മംഗലാപുരം പ്രചാരകനായിരുന്ന കൃഷ്ണപ്പാജി ആയിരുന്നു. ഹോസ്ദുര്‍ഗിലെ ഉമാനാഥറാവുവിന്റെ വീട് അണ്ണാജിക്കു താമസിക്കാന്‍ തയ്യാറാക്കിയിരുന്നു. കൃഷ്ണപ്പാജി ചിരപരിചിതനെപ്പോലെയാണ് പുതിയ പ്രചാരകനായിരുന്ന എന്നോട് പെരുമാറിയത്. നമ്മെ പിടിച്ചടുപ്പിക്കുന്ന ഒരു ആകര്‍ഷണീയത അദ്ദേഹത്തില്‍ കണ്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘ ചുമതലകള്‍ ലഭിച്ചപ്പോള്‍ കാസര്‍കോടു താലൂക്കിലും എനിക്കു പോകേണ്ടിവന്നു. അവിടം സംഘദൃഷ്ട്യാ കര്‍ണാടക പ്രാന്തത്തിലായിരുന്നതിനാല്‍ പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമന്വയ കാര്യങ്ങള്‍ക്ക് മംഗലാപുരത്തെ സംഘാധികാരികളുമായി സമ്പര്‍ക്കം ആവശ്യമായി വന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കാസര്‍കോട് താലൂക്കിന്റെ ജനസംഘപ്രവര്ത്തനങ്ങള്ക്കു മേല്‍നോട്ടം വഹിച്ചത് കെ.കുഞ്ഞിക്കണ്ണനായിരുന്നു. കാസര്‍കോട്ടെ അതിക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കുശേഷം അവിടെ പോയപ്പോള്‍, മംഗലാപുരത്ത് കൃഷ്ണപ്പാജിയുണ്ടെന്നും അദ്ദേഹം കാണാന്‍ താത്പര്യപ്പെട്ടിട്ടുണ്ടെന്നും അറിഞ്ഞ് ഞങ്ങള്‍ പോയി അദ്ദേഹം താമസിച്ച വീട്ടില്‍ ചെന്നു. കണ്ടാല്‍ പുരോഹിതനെന്നു തോന്നുന്നവിധമാണദ്ദേഹം അവിടെയിരുന്നത്. വളരെ വിശദമായിത്തന്നെ ഒളിപ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞ തടവുകാരുടെ പ്രശ്നങ്ങളും അവരുടെ കാര്യത്തില്‍ മാരാര്‍ജി എടുത്ത താത്പര്യങ്ങളും അദ്ദേഹം സംസാരിച്ചു.
സംഘപഥത്തിലൂടെ എന്ന ഈ പംക്തിയെപ്പറ്റി വളരെ താല്‍പ്പര്യപൂര്‍വം കൃഷ്ണപ്പാജി അന്വേഷിക്കുമായിരുന്നു. മാത്രമല്ല മറ്റു ഉയര്‍ന്ന സംഘാധികാരികളോട് അതേപ്പറ്റി പറയുകയും ചെയ്തു. ചെറുകോല്‍ പമ്പാ മണപ്പുറത്ത് നടന്ന പ്രാന്തീയ ബൈഠകില്‍ വച്ചു മാ:സൂര്യനാരായണ റാവുജി അതേപ്പറ്റി അന്വേഷിച്ചിരുന്നു. സര്‍വസാധാരണ സംഘപ്രവര്‍ത്തകര്‍ ചെയ്ത കാര്യങ്ങള്‍ പലപ്പോഴും വിസ്മരിക്കപ്പെട്ടുന്നു. അവയെ രേഖപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് ധരിപ്പിച്ചപ്പോള്‍ കൃഷ്ണപ്പാജിക്ക് അതു വളരെ നന്നായിത്തോന്നി. എല്ലാവര്ക്കും ആവേശകരമാവുന്ന കാര്യങ്ങള്‍ എഴുതണമെന്നദ്ദേഹം താല്‍പ്പര്യപ്പെട്ടു.
നമ്മുടെ വീടുകളും ചുറ്റുപാടുകളും കുടുംബാംഗങ്ങളുടെ പെരുമാറ്റവുമൊക്കെ ഹിന്ദുസംസ്കാരത്തിന്റെ അന്തരീക്ഷമുള്ളവയായിരിക്കാന് ശ്രദ്ധിക്കണമെന്നു കൃഷ്ണപ്പാജി ഓര്‍മിപ്പിക്കുമായിരുന്നു. കാസര്‍കോട്ടുനിന്നും ഏതാണ്ട് 20 കി.മീ. അകലെ കുംബഡാജെ സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്ന ശ്രീഗണപതിഭട്ട്, ആ ഭാഗത്തെ പ്രമുഖ സ്വയംസേവകനായിരുന്നു. സാമാന്യം കൃഷി നടത്തുന്ന ഗൃഹസ്ഥന്. അദ്ദേഹത്തിന്റെ വിവാഹത്തിന് പോയപ്പോള്‍, അവിടെ കൃഷ്ണപ്പാജി ഗൃഹസ്ഥധര്മത്തെപ്പറ്റി അതിഥികളോട് സംസാരിക്കുകയായിരുന്നു. കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും ഉള്ള കര്‍ത്തവ്യങ്ങള്‍ ഉത്തമപൗരനെന്ന നിലയ്ക്ക് നിര്‍വഹിക്കാനുള്ള പങ്കാളിയെ ലഭിച്ചതിനാല്‍, കൂടുതല്‍ മെച്ചമാക്കാന്‍ കഴിയുമെന്നദ്ദേഹം ഉദ്ബോധിപ്പിച്ചു. സംഘ സ്വയംസേവകര്‍ എന്നനിലയ്ക്കു ഒരിക്കലും ആ കര്‍ത്തവ്യങ്ങള്‍ വിസ്മരിക്കാതിരിക്കണമെന്നതായിരുന്നു ഉപദേശം.
വീടുകള്‍ കണ്ടാല്‍ത്തന്നെ ഐശ്വര്യമുള്ള ഹിന്ദുഭവനമാണെന്നറിയത്തക്കതാവണം അന്തരീക്ഷം. രാവിലെ മുതല്‍ രാത്രി വരെ ചെയ്യുന്ന ഓരോ കാര്യത്തിലും നമ്മുടെ ധാര്‍മികമായ ഉള്ളടക്കം ഉണ്ടായിരിക്കണം. സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതിന്റെ ഒരംശം സമാജത്തിനായി മാറ്റിവെക്കുന്ന നിധികുംഭംപോലത്തെ ഒരു കരുതല്‍ ഉണ്ടാക്കണം തുടങ്ങിയ ഒട്ടേറെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു.
ഒരു സംഘശിക്ഷാവര്‍ഗില്‍ പൂജനീയ ഗുരുജി കേരളത്തില്‍ എന്ന വിഷയത്തെപ്പറ്റി സംസാരിക്കാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചു. സാധാരണനിലയില്‍ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ വിവരണമാവും പ്രതീക്ഷിക്കപ്പെടുക എന്ന് ധരിച്ചതിനാല്‍, അന്നു ശിബിരത്തിലുണ്ടായിരുന്ന കൃഷ്ണപ്പാജിയെ ഉപദേശത്തിനായി സമീപിച്ചു. അദ്ദേഹം നല്കിയ അഭിപ്രായം ഉല്ബോധകമായിരുന്നു. യേശുക്രിസ്തു മോസ്കോയില്‍ എന്നൊരു പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് സോവിയറ്റ് യൂണിയനില്‍ ക്രിസ്തുമതത്തിനും ക്രിസ്തുമത തത്വങ്ങള്‍ക്കും നേരിടേണ്ടിവന്ന ദുരിതങ്ങളും അതിനെതിരായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, പൂജനീയ ഗുരുജിയുടെ ആശയവും സന്ദേശവും കേരളത്തില്‍ എന്തു സ്വാധീനമുണ്ടാക്കി എന്ന് വിശകലനം ചെയ്യുകയാവും ഉചിതം എന്ന് അഭിപ്രായപ്പെട്ടു.
കൃഷ്ണപ്പാജിയോടൊപ്പം യാത്ര ചെയ്യാന്‍ എനിക്കവസരം വളരെ കുറച്ചേ കിട്ടിയിട്ടുള്ളൂ. ഒരിക്കല്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ട് പോകാന്‍ അവസരമുണ്ടായി. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നതിനാല്‍ മുന്‍ സീറ്റ് നന്നായി ചരിച്ചുവെച്ച് അതില്‍ കിടക്കുകയായിരുന്നു. ഒപ്പം അന്ന് പ്രാന്തശാരീരിക് പ്രമുഖ് ആയിരുന്ന കെ.സി.കണ്ണനുമുണ്ടായിരുന്നു. അദ്ദേഹത്തെ അധികം സംസാരിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശമെങ്കിലും ഓരോ കാര്യങ്ങള്‍ നമ്മോട് അന്വേഷിച്ചുതുടങ്ങി.
ജന്മഭൂമി പത്രം അക്കാലത്ത് വന്‍ നഷ്ടത്തിലാണ് നടത്തിവന്നത്. അത് അടച്ചുപൂട്ടുകയായിരിക്കും നല്ലതെന്ന് പറഞ്ഞത് വലിയ വിഷമമുണ്ടാക്കി. അതിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു. മംഗലാപുരത്തുനിന്ന് ആരംഭിച്ച ‘ഹൊസദിഗന്ത’ (പുതിയ ചക്രവാളം) ഭംഗിയായി നടക്കുന്നുണ്ടെന്നും, അതിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ അവിടെ ചെലവുവ്യവസ്ഥകള് ഉണ്ടാക്കിയിട്ടുണ്ടെന്നും ജന്മഭൂമിയുടെ കാര്യത്തില്‍ അതുപോലെ എന്തെങ്കിലും ആവണമെന്നും കൃഷ്ണപ്പാജി പറഞ്ഞു. മംഗലാപുരത്തെ സംവിധാനത്തിനു സമമായി കേരളത്തില്‍ പ്രയാസമായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഒരു കാര്യം ഏറ്റെടുത്തു ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധ വെച്ച് മറ്റെല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ശീലത്തെപ്പറ്റി യാത്രക്കിടെ അദ്ദേഹം പറഞ്ഞു. അങ്ങിനത്തെ ഒരുദാഹരണമായി തളിപ്പറമ്പിലെ പഴയ സ്വയംസേവകന് കപാലി നമ്പൂതിരി മറ്റെല്ലാ ചിന്തകളുംവിട്ട് ഒരുവര്‍ഷക്കാലം ജ്യോതിഷം പഠിക്കാന്‍ ഒരു ഗുരുവിന്റെ അടുക്കല്‍ പോയതും നല്ല ദൈവജ്ഞനായതും അദ്ദേഹത്തെ അറിയിച്ചു. കപാലി തെക്കന്‍ കര്‍ണാടകത്തിലാകെ പ്രസിദ്ധനാണെന്നും അദ്ദേഹത്തെ കിട്ടാന്‍ തന്നെ പ്രയാസമാണെന്നുമദ്ദേഹം പറഞ്ഞു.
ഏതു കുഴഞ്ഞ മാനസികാവസ്ഥയിലും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. നമ്മുടെ മനസ്സിനെ തണുപ്പിക്കുകയും പ്രശ്നങ്ങളെ സമീപിക്കാനുള്ള മാര്‍ഗം തെളിഞ്ഞുകിട്ടുകയും ചെയ്യുമായിരുന്നു. പനിനീര് തളിച്ചാല്‍ കിട്ടുന്ന സുഖാനുഭവമാണദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നു ലഭിച്ചത്. ആയിരക്കണക്കിന് കുടുംബാംഗങ്ങളും ആ വിയോഗവ്യഥ അനുഭവിക്കുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: