പാലാ: ഗവ. സ്കൂള്‍ കെട്ടിടനിര്‍മ്മാണം നിലച്ചിട്ട് ഏഴ് മാസമാകുന്നു. മൂന്നരക്കോടി രൂപ മുടക്കിയിട്ടും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച സ്കൂള്‍ കെട്ടിടത്തിന്റെ പണിതീര്‍ക്കുവാന്‍ നടപടികള്‍ വൈകുകയാണ്.
പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് മൂന്ന് നിലകളിലുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന് അനുവദിച്ച എസ്റ്റിമേറ്റ് ഫണ്ട് തികയാതെ വന്നതോടെയാണ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്ന് നിലകളുടെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തി പാതിവഴിയിലെത്തിയിരിക്കുകയാണ്. ഏഴ് മാസത്തോളമായി നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചമട്ടിലാണ്. 45 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുള്ള മൂന്ന് നില കെട്ടിടത്തിന് മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. പെയിന്റിംഗ്, ടൈല്‍, സാനിട്ടറി ജോലികള്‍ക്കായി 78 ലക്ഷം രൂപകൂടി വേണം. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ട് മാസങ്ങളായെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. 78 ലക്ഷത്തിന്റെ ഭരണാനുമതിയും തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായെങ്കില്‍ മാത്രമേ കെട്ടിടത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. സ്കൂളിന്റെ പിന്‍വശത്ത് ളാലം പള്ളി റോഡിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടി വന്നതിനാലാണ് തുക തികയാതെ വന്നത്. കെട്ടിടത്തിന്റെ മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി മൂന്ന് കോടിയോളം രൂപയുടെ എസ്റ്റിമേറ്റും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഇതിനുള്ള ഭരണാനുമതി കൂടി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ബ്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങും. വൈദ്യുതീകരണ ജോലികളും പൂര്‍ത്തിയാകേണ്ടതുണ്ട്. നഗരസഭ മുന്‍കൈയെടുത്താണ് വിശാലമായ സൗകര്യങ്ങളോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി കെട്ടിടം നിര്‍മ്മിച്ചു നല്കുവാന് പദ്ധതിയിട്ടത്. ലാബ്, ലൈബ്രറി, വിശാലമായ ക്ലാസ്മുറികള്, സ്റ്റാഫ് റൂം, എല്ലാ നിലകളിലും ശുചിമുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളോടെയുമാണ് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്നും അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പെങ്കിലും നിര്‍മ്മാണം പൂര്‍ത്താക്കി ക്ലാസുകള്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ശോചനീയാവസ്ഥയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ ഗവ. എല്‍പിഎസിന്റെ ഓടിട്ട കെട്ടിടത്തിലാണ് ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നത്.
മഴക്കാലമായതോടെ ചോര്‍ന്നോലിക്കുന്ന കെട്ടിടത്തില്‍ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടാണ് സഹിക്കേണ്ടിവരുന്നത്. കൂടാതെ ചുറ്റും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്തുള്ള കെട്ടിടത്തിന്റെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കളുടെയും എലികളുടെയും ശല്യവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: