രാജേഷ് ദേവ്
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവള വികസനം ഇടവകയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നു. ആഭ്യന്തര ടെര്‍മിനല്‍, റണ്‍വെ, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ വികസനങ്ങളാണ് ശംഖുംമുഖം തോപ്പ് ഇടവകയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്.
ആഭ്യന്തര വിമാനത്താവളം ശംഖുംമുഖത്ത് നിന്നും മാററുന്നതിനെതിരെയാണ് ഇടവകയുടെ പ്രതിഷേധം ഇപ്പോള്‍ നടക്കുന്നത്. പ്രദേശം കേന്ദ്രീകരിച്ചുള്ള ലോഡ്ജുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്നും നിരവധിപേരുടെ തൊഴില്‍ നഷ്ടമാവുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനത്താവള വികസനത്തിനു സ്ഥലമെടുക്കാന്‍ തീരുമാനമായ വയ്യാമൂല സ്വദേശികളെയും കൂട്ടി ഇവര്‍ ആഭ്യന്തര വിമാനത്താവളത്തിന് മുന്നില്‍ സമരത്തിലായിരുന്നു. സ്ഥലമെടുപ്പ് മരവിപ്പിക്കണമെന്ന് പറഞ്ഞാണ് വയ്യാമൂല നിവാസികളെ സമരക്കാര്‍ ഒപ്പം കൂട്ടിയത്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വരെ സെക്രട്ടേറിയറ്റ് ധര്‍ണ്ണയ്ക്ക് സമരക്കാര്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ വിമാനത്താവള വികസനത്തിന് പ്രതികൂലമായ ഉറപ്പാണ് ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. ശംഖുംമുഖത്ത് നിന്നു ടെര്‍മിനല്‍ മാറ്റുകയില്ലെന്നും വയ്യാമൂലയില്‍ സ്ഥലമെടുപ്പ് ഉണ്ടാവുകയില്ലെന്നുമാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യാന്തര ടെര്‍മിനലിനോട് ചേര്‍ന്ന് ആഭ്യന്തര ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം അവതാളത്തിലായി.
രാജ്യാന്തര വിമാനത്താവളം ചാക്കയിലേക്ക് മാറ്റുന്ന സമയത്ത് ആഭ്യന്തര ടെര്‍മിനല്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട വികസനത്തിന് 80 ഏക്കര്‍ സ്ഥലമാണ് വിമാനത്താവള സൊസൈറ്റിയോട് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും സ്ഥലമെടുക്കുന്നതിന് സര്‍ക്കാര്‍ വിയോജിപ്പ് അറിയിക്കുകയും തുടര്‍ന്ന് വയ്യാമൂലയില്‍ നിന്നു 18.53 ഏക്കര്‍ സ്ഥലമെടുപ്പിന് സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ സ്ഥലമെടുക്കുന്നതിനു സമ്മതപത്രവും കളക്ടറേറ്റില്‍ നല്കി.
വിമാനത്താവളം മാറ്റുന്നതിന് മുന്നോടിയായി നിലവിലെ ആഭ്യന്തര വിമാനത്താവളത്തില്‍ നിന്നു നടത്തിയിരുന്ന സര്‍വ്വീസുകളില്‍ ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ പിഗാസസ് എന്നീ മൂന്നു വിമാനങ്ങളൊഴിച്ച് മറ്റുള്ളവയെല്ലാം തന്നെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ മൂന്നു വിമാനങ്ങള്‍ കൂടി മാറ്റിയാല്‍ ആഭ്യന്തര സര്‍വ്വീസ് പൂര്‍ണ്ണമായും ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തില്‍ നിലയ്ക്കും. വല്ലപ്പോഴുമെത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള വിമാനത്താവളമായി ഇവിടം മാറും. ഇത്തരത്തില്‍ ആഭ്യന്തര വിമാനത്താവളം മാറ്റുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ ഇടവകയുടെ പ്രതിഷേധം അതോറിറ്റിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: