കല്ലറ: കാഞ്ചിനടയില്‍ പിടിമുറുക്കുന്ന മണല്‍ മാഫിയയ്ക്ക് സിപിഎം-കോണ്‍ഗ്രസ്സ് ഒത്താശ. പഞ്ചായത്ത് നല്കിയ സ്റ്റേ ഓര്‍ഡറിനെതിരെ മണല്‍മാഫിയ വാങ്ങിയ കോടതി ഉത്തരവിനെ എതിര്‍ക്കാതെ സിപിഎം പഞ്ചായത്ത് ഭരണസമിതിയും മാഫിയയ്ക്കെതിരെ നടപടി എടുത്ത എസ്ഐയെ സ്ഥലംമാറ്റാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്സും മണല്‍മാഫിയയ്ക്ക് ഓത്താശ ചെയ്യുന്നു.
മാഫിയയ്ക്കെതിരെ സമരം ചെയ്യുന്ന സമരസമിതിയിലെ യുവാക്കളെ കേസില്‍പ്പെടുത്തി മണല്‍മാഫിയയെ സംരക്ഷിക്കുന്നതോടൊപ്പം എസ്ഐയെ സ്ഥലംമാറ്റിക്കാനുള്ള നീക്കമാണ് പ്രദേശത്തെ കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നത്. തണല്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ മണല്‍മാഫിയയ്ക്കെതിരെ സമരംചെയ്തപ്പോള് സഹായിക്കാന്‍ കൂട്ടാക്കാതെ നിന്നവര്‍ ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ രംഗത്തുവന്നു. എന്നാല്‍ സമരത്തെ അട്ടിമറിച്ച് മണല്‍മാഫിയയ്ക്ക് ഒത്താശ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
പാറ ക്വാറി വേസ്റ്റ് കഴുകാനുള്ള മൈനിംഗ് ആന്‍ഡ് ജിയോളജി ലൈസന്‍സ് നേടിയശേഷം മണല്‍ കടത്താനുള്ള മാഫിയയുടെ നീക്കം നാട്ടുകാരാണ് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ കൊടുത്ത ലൈസന്‍സ് പഞ്ചായത്ത് പിന്‍വലിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍നിന്നു പഞ്ചായത്ത് നടപടിക്കെതിരെ സ്റ്റേ നേടിയശേഷം മണല്‍ നിര്‍മ്മിക്കാന്‍ മാഫിയ ശ്രമം തുടങ്ങി. ഈ നീക്കവും നാട്ടുകാര്‍ തടഞ്ഞു. എന്നിട്ടും പഞ്ചായത്തിനെതിരെയുള്ള സ്റ്റേക്കെതിരെ അപ്പീല്‍ പോകാന്‍ സിപിഎം ഭരണസമിതി തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം മണല്‍കടത്ത് തടഞ്ഞ തണല്‍ പ്രവര്‍ത്തകരെ മണല്‍മാഫിയ ജെസിബി കൊണ്ട് ആക്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുകൂട്ടരിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ ഒത്തു തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഇടതും വലതും ഒരുപോലെ മണല്‍മാഫിയയെ സംരക്ഷിക്കുകയും നാട്ടുകാരുടെ കണ്ണില്പൊടിയിടുകയും ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: