കൊട്ടാരക്കര: എടിഎം തട്ടിപ്പില്‍പെട്ട് കശുവണ്ടി തൊഴിലാളിയായ സ്ത്രീയുടെ 39,000 രൂപ നഷ്ടപെട്ട സംഭവത്തില്‍ തട്ടിപ്പ് നടത്തിയ സ്ത്രീയുടെ ചിത്രം പോലീസിന് ലഭിച്ചു. അവസാനം തട്ടിപ്പ് നടത്തിയ കൊട്ടാരക്കര ചന്തമുക്കിലെ എസ്ബിഐയിലെ ക്യാമറയില്‍ നിന്നുമാണ് പോലീസിന് ഇവരുടെ ചിത്രം ലഭിച്ചത്. ഫോട്ടോ ഉപയോഗിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
20 വയസുള്ള യുവതിയാണ് തട്ടിപ്പിന് പിന്നില്‍. മാന്യമായ വസ്ത്രം ധരിച്ച് എടിഎമ്മുകള്‍ക്ക് മുന്നിലെത്തുന്ന ഇവര്‍ കാര്‍ഡ് ഉപയോഗിക്കാനറിയാത്തവരെയാണ് തന്റെ ഇരയാക്കുന്നത്. സഹായിക്കാനായി എത്തുന്ന ഇവര്‍ അവരില്‍ നിന്നും രഹസ്യകോഡ് മനസിലാക്കി പണം പിന്‍വലിച്ചശേഷം കാര്‍ഡ് മാറി നല്കി സ്ഥലംവിടുന്നു. ഇത് ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കുന്നു. അതിനുശേഷം ഈ കാര്‍ഡ് മറ്റൊരാള്‍ക്ക് നല്കി അവരുടെ കാര്‍ഡ് സ്വന്തമാക്കുന്നു. അന്വേഷണം ആരംഭിച്ച പോലീസ് പറയുന്നത് ഇത് വലിയ ഒരു തട്ടിപ്പാണ്. തട്ടിപ്പിനിരയായ ആളുടെ കാര്‍ഡിലെ അഡ്രസ് തേടി എത്തുമ്പോള്‍ അവരുടെ കയ്യിലുള്ളത് മറ്റൊരാളിന്റെ കാര്ഡാണന്ന് തിരിച്ചറിയും. ഇതിനകം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ തുക നഷ്ടപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം.
ജൂലൈ 31 ന് കോട്ടാത്തല സത്യനിവാസില്‍ സരള (58) തന്റെ ബാങ്ക് അക്കൗണ്ടില്‍ കടന്നിരുന്ന 60,000 രൂപയില്‍ നിന്നും 20,000 രൂപ കൊട്ടാരക്കര ചന്തമുക്കിലെ എസ്ബിഐയില്‍ നിന്നും പിന്‍വലിക്കാന്‍ എത്തി. ബാങ്കില്‍ കയറി പണം പിന്‍വലിച്ച് പുറത്തിറങ്ങിയപ്പോള്‍ 1000 രൂപയുടെ കൂടി ആവശ്യം വന്നതിനാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുവാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സമീപത്തെ എടിഎമ്മിലെത്തി കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാതിരുന്ന സരളയെ പതറിയപ്പോള്‍ സഹായിക്കാന്‍ ഒരു യുവതി അടുത്തെത്തി. സരളയും ഒന്നിച്ച് എടിഎമ്മില്‍ കയറിയ സ്ത്രീ പാസ് വേഡ് വാങ്ങി എടിഎമമില് നിന്നും 1000 രൂപ എടുത്തു നല്കി. എടിഎമ്മില്‍ നിന്നും പുറത്തിറങ്ങിയ യുവതി ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. തന്റെ അക്കൗണ്ടില്‍ നിന്നും 1000 രൂപ വീണ്ടും എടുത്തത് പാസ് ബുക്കില്‍ പതിപ്പിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 39,000 രൂപ കൂടി നഷ്ടപ്പെട്ടതായി സരള അറിയുന്നത്. സമീപത്തെ എസ്ബിടി എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടത്തിയ സ്ത്രീ രണ്ട് പ്രാവശ്യമായി പണം പിന്‍വലിച്ചതെന്ന് ബാങ്കുകാര് കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സരളയുടെ കയ്യിലുണ്ടായിരുന്ന കാര്‍ഡ് പരിശോധിച്ചപ്പോഴാണ് സരളയുടെ എടിഎം അല്ലെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് സരളയുടെ കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സരളക്ക് യുവതി പകരം നല്കിയ കാര്‍ഡ് പുത്തൂര്‍ കാരിക്കല്‍ സ്വദേശിനിയുടേതായിരുന്നു. എടിഎം കാര്‍ഡ് ഉപയോഗിക്കുവാനറിയാത്ത ഇവരും ഇതുപോലെ തട്ടിപ്പിനിരയാകുകയായിരുന്നു. ഇവര്‍ക്കു ലഭിച്ചത് ചവറ സ്വദേശിനിയുടെ മകളുടെ കാര്‍ഡായിരുന്നു. ചവറ സ്വദേശിനിയെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് അവരും തട്ടിപ്പിനിരയാണെന്ന് അറിഞ്ഞത്. പകരം നല്‍കിയത് മുകുന്ദപുരം സ്വദേശിനി നിസയുടെ കാര്‍ഡായിരുന്നു. നിസയ്ക്ക് ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശി അമ്മിണിയുടെ കാര്‍ഡും. അംഗന്‍വാടി അധ്യാപകരനായ തൊടിയൂര്‍ സ്വദേശി ഗിരിജയും കൊട്ടാരക്കര സ്വദേശി ചന്ദ്രമതിയുടെയും കാര്‍ഡുകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. ചന്ദ്രമതിക്കു ലഭിച്ചത് അശോകന് എന്നയാളുടെ കാര്‍ഡാണ്. ഇങ്ങനെ തട്ടിപ്പിനിരയായവരുടെ നിര നീളുകയാണ്. പുത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ പ്രദേശങ്ങളില്‍ കറങ്ങിയാണ് യുവതി തട്ടിപ്പു നടത്തുന്നത്. ഒരുപാടാളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു.
എടിഎമ്മുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന യുവതി പണമെടുക്കാനെത്തുന്ന വയോധികരോട് സഹായം അവശ്യമുണ്ടോ എന്നു ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തട്ടിപ്പിനിരയായ കാരയ്ക്കല്‍ സ്വദേശിയോട് പഴവറ സ്വദേശിയാണെന്നും കൊട്ടാരക്കര എസ്ജി കോളേജില്‍ പഠിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്.
കൊല്ലം റൂറലിലെ ആന്റിതെഫ്റ്റ് സ്ക്വാഡാണ് കേസന്വേഷിക്കുന്നത്. യുവതിയുടെ ചിത്രങ്ങള്‍ കണ്ട് ആരെങ്കിലും തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നതായി എസ്ഐ ബെന്നിലാലു പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചിട്ടുള്ള എടിഎം തട്ടിപ്പ് ശൃംഖലയുടെ കണ്ണിയാണെന്ന് പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: