കൊല്ലം: ബാര്‍ പൂട്ടിയശേഷം 73 ശതമാനം പേരും മദ്യപാനം സ്വന്തം വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആക്കിയതായി മന്ത്രി കെ.ബാബു. ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യാര്‍ത്ഥം ഡോ.വിജയകുമാര്‍ അധ്യക്ഷനായി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.
കൊല്ലത്ത് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
17 വര്‍ഷം മുമ്പ് അന്നത്തെ സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്. തീരദേശമേഖലയിലും ആദിവാസി മേഖലകളിലും 30 ശതമാനം സ്ത്രീകളടക്കം 80 ശതമാനം പേരും മദ്യത്തിന് അടിമകളാണ്. 28നും 40നും മധ്യെ പ്രായമുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. 2005ലെ കണക്ക് പരിശോധിച്ചാല്‍ ഇത് 96 ശതമാനമാണ്. ബാറുകള്‍ അടപ്പിച്ച സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി 18 ശതമാനം ഉപഭോഗമാണ് കുറഞ്ഞത്. അമിതമായ നിയന്ത്രണങ്ങള്‍ വ്യാജമദ്യത്തിന്റെ ഒഴുക്കിന് വഴിവയ്ക്കുമെന്ന് സര്‍ക്കാരിനറിയാം. വീര്യം കുറഞ്ഞ ബിയര്‍, വൈന്‍ പോലുള്ള മദ്യം ലഭ്യമാക്കികൊണ്ട് ക്രമേണ ഉപഭോഗം കുറയ്ക്കാനാകും.
അതേസമയം മദ്യത്തിന്റെ സ്ഥാനത്ത് മയക്കുമരുന്ന് കടന്നുവരുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നര്‍കോട്ടിക് കുറ്റകൃത്യങ്ങളില്‍ ഏറെയും പിടിയിലാകുന്നത് പ്രൊഫഷണല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നത് ആപത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 2014ല്‍ 408 കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് 2015ല്‍ ഇതുവരെ 564 കേസുകളാണ് എടുത്തിരിക്കുന്നത്. പ്രതികളുടെ എണ്ണം 442ല്‍ നിന്നും 564 ആയി ഉയര്‍ന്നു. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച് പിടിയിലായ വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2014ല്‍ 69 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 109 ആയി മാറി. മദ്യഉപഭോഗം കുറഞ്ഞപ്പോള്‍ കഞ്ചാവും ഹെറോയിനും ബ്രൗണ്‍ഷുഗറുമെല്ലാം ലഭ്യമായത് മദ്യനയത്തിന്റെ പാളിച്ചയല്ല. മറിച്ച് ശരിയായ ബോധവല്‍ക്കരണത്തിന്റെ അപാകതയാണെന്നും മന്ത്രി ബാബു ചൂണ്ടിക്കാട്ടി.
പരിമിതമായ സാഹചര്യങ്ങളില്‍ പണിയെടുത്ത് കേരളത്തെ കഴിഞ്ഞ നാലരവര്‍ഷമായി മദ്യദുരന്തങ്ങളില്‍ നിന്നും രക്ഷിച്ചത് എക്സൈസ് വകുപ്പിന്റെയും ജീവനക്കാരുടെയും കാര്യക്ഷമതക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു. എക്സൈസ് ഓഫീസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ചിലയിടങ്ങളില്‍ ഓഫീസ് കെട്ടിടങ്ങളേയില്ല. വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ഓണക്കാലത്ത് സ്പിരിറ്റ് ഒഴുകാതിരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. ഇതിനായി അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും ചെക്ക് പോസ്റ്റുകളില്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്. അനില്‍കുമാര്‍, ശൂരനാട് രാജശേഖരന്, അഡ്വ.എ. ഷാനവാസ് ഖാന്, കെ.രാധാകൃഷ്ണന്, അജിത് ലാല്‍, കെ. ജീവന്‍ബാബു, ആര്യാതമ്പി, എം. ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: