മൂവാറ്റുപുഴ: ഒരുപഞ്ചായത്തിലെ മൂഴുവന്‍ ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സ് നാശത്തിലേക്ക്. പാറമട പൊടികളും സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളും ജലത്തില്‍ കലരുന്നതോടെയാണ് ഈജലസ്രോതസ്സ് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നത്.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലെ പോയാലിചിറ തോടാണ് കുടിവെള്ളം മുട്ടിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തോടുമായി ചേര്‍ന്നു നില്ക്കുന്ന പോയാലി പാറമടകളാണ് ഭീഷണിയുയര്‍ത്തുന്നത്. ദിവസേനയെന്നോണം ആയിരക്കണക്കിന് കരിങ്കല്‍ ലോഡുകളാണ് കയിറ്റിപോകുന്നത്. പാറപൊട്ടുന്നതോടെ ചീളുകളും പൊടികളും ഇതിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ വിഷമാലിന്യവും തെറിച്ചും ഒഴുകിയും എത്തുന്നത് ഈകുടിവെള്ള സ്രോതസ്സിലേയ്ക്കാണ്.
പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള മുളവൂര്‍, പായിപ്ര, തൃക്കളത്തൂര്‍ ജലസംഭരണിയിലേക്ക് ഇവിടുത്തെ വെള്ളം ശേഖരിച്ചാണ് വിതരണം നടത്തിവരുന്നത്. ആവശ്യമായ ശുദ്ധീകരണ സംവിധാനങ്ങള്പോലുമില്ലാത്ത ജലസംഭരണിയില്‍ നിന്നുള്ള കുടിവെള്ളമാണ് ആകെആശ്രയം. ഏതുകാലാവസ്ഥയിലും കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്താണിത്. പാറമടകള്‍ക്കും തോടുകളിലെ മാലിന്യത്തിനുമെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തിന് വര്‍ഷങ്ങളുടെ തന്നെ പഴക്കമൂണ്ട്. ഇടതു-വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്നപഞ്ചാത്തില് ലീഗ്-കോണ്‍ഗ്രസ് സംഖ്യമാണ് ഇപ്പോഴത്തെ ഭരണനേതൃത്വം കൈയാളുന്നത്. കോടികളാണ് പഞ്ചായത്തില്‍ ജലസംഭരണത്തിന് വേണ്ടി ചെലവാക്കിയതെങ്കിലും യാതൊരു പ്രയോജനവുമില്ല.
ജനങ്ങളുടെ പ്രതിഷേധവും ദുരിതവും മനസ്സിലാക്കിയിട്ടും പരിഹാരം കാണാതെ മാഫിയകളെ സംരക്ഷിക്കുന്ന ഭരണമാണ് പഞ്ചായത്തില്‍ നടമാടികൊണ്ടിരിക്കുന്നത്. പാറമട മാഫിയകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുന്നണികളുടെ കാപട്യം വരുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുറന്ന്കാട്ടി വോട്ടിലൂടെ പ്രതികരിക്കാനാണ് ജനങ്ങളുടെ ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: