കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന് പ്രതീക്ഷ നല്കി വീണ്ടും സര്‍ക്കാരിന്റെ ഉറപ്പ്. പൊതുസമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തറക്കല്ലിടലില്‍ ഒതുങ്ങിയ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനിച്ചു.
പദ്ധതി അനിശ്ചിതത്വത്തിലായത് പണമില്ലാത്തതിനാലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടംവാങ്ങി പലിശ സഹിതം തിരിച്ചു നല്കുന്ന ആന്വിറ്റി മോഡലില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് വ്യാപകമായി എതിര്‍ക്കപ്പെട്ടു. യോഗത്തില്‍ ഇതിന് പരിഹാരമായി. സര്‍ക്കാരിന്റെ ഗാരന്റിയിന്മേല് എറണാകുളം ജില്ലാ സഹകരണബാങ്ക് 450 കോടിരൂപ വായ്പയായി നല്‍കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാക്കാനും തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്പേഷ്യന്റ് വിഭാഗവും മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 18നാണ് കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ടത്. ഇതുവരെ ഒരു കല്ല് പോലും സ്ഥാപിക്കാനായില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് ആഹ്ലാദകരമാണെങ്കിലും മുന്‍ അനുഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രഖ്യാപനങ്ങളല്ലാതെ ആത്മാര്‍ത്ഥമായ ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായട്ടില്ല. കേന്ദ്രഫണ്ട് വാങ്ങിയെടുക്കാന്‍ പോലും സംസ്ഥാനം മെനക്കെട്ടില്ല. ജില്ലാ സഹകരണ ബാങ്ക് വച്ചുനീട്ടിയ ധനസഹായവും തിരസ്കരിക്കാനുള്ള ശ്രമം നടന്നതോടെ പൊതുസമൂഹം ശക്തമായ പ്രതിഷേധമുയര്‍ത്തി. തെരഞ്ഞെടുപ്പ് കൂടി അടുത്തതോതടെ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടല്‍. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നാണ് ഇനി കാണേണ്ടത്.
നിര്‍മ്മാണച്ചുമതല ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വ്വീസ് കണ്‍സ്ട്രക്ഷന്‍ ആന്റ് കണ്‍സള്‍ട്ടന്‍സി (എച്ച്എസ്സിസി) ലിമിറ്റഡാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിര്‍മ്മാണച്ചുമതല എച്ച്എസ്സിസിയെ ഏല്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എച്ച്എസ്സിസിയെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനം കൂടിയാണ് കൊച്ചിയില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം ആര്.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മാത്രമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായി പറയുന്നത്.
സ്വാഗതം ചെയ്യുന്നു: കൃഷ്ണയ്യര്‍ മൂവ്മെന്റ്
കൊച്ചി: കാച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റ്.
ആന്വിറ്റി മോഡല്‍ സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും പണമില്ലാത്തതിന് പരിഹാരമായി ജില്ലാ ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കണമെന്നുമുള്ള മൂവ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികളായ ഡോ.എന്‍.കെ. സനില്‍കുമാര്‍, സി.ജി. രാജഗോപാല്‍, കെ.ആര്. വിശ്വംഭരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: