കൊല്ലം: നിയമം കര്‍ശനമായി പാലിക്കേണ്ട മോട്ടോര്‍ വെഹിക്കിള്രംഗത്ത് നടത്തുന്ന വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥന്മാര് യൂണിഫോം അണിയുന്നില്ല. ജില്ലയില്‍ പല ആര്‍ടിഒ പരിധിയില്‍ നടക്കുന്ന വാഹനപരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ യൂണിഫോം അണിയാതെ വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തി പരിശോധിക്കുന്നത്.
എന്നാല്‍ യൂണിഫോം ഇല്ലാത്തതിനാല്‍ പലരും ലിഫ്റ്റ് ചോദിക്കുകയാണ് എന്ന ധാരണയില്‍ വാഹനം നിര്‍ത്താതെ പോകുന്നുണ്ട്. ഈ വാഹനങ്ങളുടെ പിഴതുക ആവശ്യപ്പെട്ട് നോട്ടീസ് വീടുകളില്‍ എത്തും. എന്നാല്‍ വാഹനയാത്രക്കാര്‍ കൈകാണിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് അറിയാത്തതുകൊണ്ടാണ് വാഹനം നിര്‍ത്താത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ തേവള്ളി പാലത്തിന് സമീപവും മതിലില്‍ ഭാഗത്തും യൂണിഫോം ധരിക്കാതെയാണ് പരിശോധന നടത്തിയത്. വാഹനപരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി യൂണിഫോം ധരിക്കണമെന്നിരിക്കെയാണ് ഇത്തരത്തില്‍ വാഹന പരിശോധന നടത്തുന്നത്. ഇതുനിയമം തെറ്റിക്കുന്ന വാഹന ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനു വേണ്ടിയാണെന്നാണ് വാഹനയാത്രക്കാര്‍ ആരോപിക്കുന്നത്.
വാഹനത്തിന്റെ മുഴുവന്‍ പരിശോധനയും നടത്തി പിഴ ചുമത്തുന്ന മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ യൂണിഫോം ധരിക്കാതെ നടത്തുന്ന പരിശോധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: