കരുനാഗപ്പള്ളി: രാവിലെ ക്ഷേത്രദര്‍ശനം നടത്തി വരികയായിരുന്ന കുന്നുംകട കിഴക്കതില്‍ ഗോപിയും കമ്മീഷന്കടയിലെ ജോലിക്കാരനായ കൊച്ചയ്യത്ത് കിഴതക്കതില് സിയാദും ചായകുടിക്കാന്വന്ന കണ്ണമ്പള്ളി കിഴക്കതില്‍ വാവാമോനും ആനന്ദാ ജംഗ്ഷനില്‍ നടന്ന അപകടം കണ്ട് ആദ്യനിമി ഷങ്ങളില് തരിച്ചുനിന്നുപോയി.
ഓടിക്കൂടിയ ആളുകള്‍ അപകടം കണ്ട് ഭയന്നുനിന്നപ്പോഴും ബാക്കിയുള്ളവര്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും സഹജീവികളില്‍ തരിമ്പ് ജീവനുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തണമെന്ന് ഉറപ്പിച്ച് മൂവരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുരുങ്ങികിടന്നവരെ പുറത്തെടുക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് അഞ്ച് പേരും മരിച്ചതായി മനസിലായി.
ഡ്രൈവര്‍ നെബിലിന്റെ വയര്‍ കീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലും മുന്‍സീറ്റിലിരുന്ന മുഹമദ് അജ്മലിന്റെ തലച്ചോറ് പുറത്ത് തെറിച്ച നിലയിലുമായിരുന്നു. പിറകിലിരുന്ന ബാക്കി മൂന്നുപേരുടെയും ശരീരം ഒടിഞ്ഞുതകര്‍ന്ന നിലയിലും. ആന്തരികഅവയവങ്ങള്‍ കവറിലാക്കിയത് ഇവര്‍ തന്നെയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. മൃതദേഹം വാഹനങ്ങളില്‍ കയറ്റുന്നതിനും മറ്റും ഇവര്‍ മുന്നിലായിരുന്നു. ഒരു അപകടം സംഭവിക്കുമ്പോള്‍ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് പകരം മൊബൈലില്‍ പകര്‍ത്താന്‍ എല്ലാവര്ക്കും തിടുക്കമായിരുന്നുവെന്നും ആരും സഹായി ക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.
അപകടം പതിയിരിക്കുന്ന ഹൈവേ
കരുനാഗപ്പള്ളി: നാഷണല്‍ ഹൈവേയില്‍ പുത്തന്തെരുവുമുതല് വവ്വാക്കാവ് വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 25 ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. വാഹനങ്ങളുടെ അമിതവേഗം, രാത്രിയില്‍ ഉറക്കം ഒഴിഞ്ഞുള്ള വാഹനം ഓടിക്കലും റോഡിന്റെ ശോച്യാവസ്ഥയും എല്ലാം കാരണങ്ങളാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ജീവനുകള്‍ നഷ്ടപ്പെടുമ്പോഴും ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ റോഡിന്റെ ഒരു‘ഭാഗം മാത്രം ടാര്‍ ചെയ്യും. മറുഭാഗത്തേക്കാള്‍ രണ്ടിഞ്ചോളം ഉയരത്തിലാണ് ഇത്. വരമ്പ് പോലെ കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം ചെറിയവാഹനങ്ങള്‍ തട്ടി അപകടം സംഭവിക്കുന്നത് പതിവാണ്. ഈ ഭാഗങ്ങളില്‍ പഴയ ഹൈവേ കച്ചവടക്കാര്‍ കയ്യേറി വ്യാപാരം നടത്തുമ്പോഴും ഖജനാവില്‍ നിന്നും പണം നല്കി വാങ്ങിയ സ്ഥലത്ത് ആവശ്യത്തിന് റോഡ് നിര്‍മിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: