കൊച്ചി: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എന്ജിന് ഓയിലുകള്‍ക്ക് പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന തന്റെ കണ്ടുപിടിത്തത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് രാജീവന് ചെറുപുഴ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ചെറുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സന്ദേശ യാത്ര നടത്തുകയാണ് ഇദ്ദേഹം. പൊതുജനങ്ങളില്‍ നിന്നും ഒപ്പ് വാങ്ങി ഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നതിനും തയ്യാറെടുക്കുകയാണ് രാജീവന്.
എന്ജിന് ഓയിലുകളില്‍ വ്യാപകമായ തോതില്‍ മായം കലര്‍ത്തുന്നുവെന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് ചെറുപുഴ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജീവന് ചെറുപുഴ പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ എന്ജിന് ഓയില്‍ കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ ശുദ്ധീകരിച്ച വെളിച്ചെണ്ണയില്‍ നിന്നും ലൂബ്രിക്കന്റ് ഓയില്‍ ഉണ്ടാക്കാമെന്ന് 1999ല്‍ കണ്ടെത്തുകയുണ്ടായി. സ്വന്തം ഓട്ടോയില്‍ പരീക്ഷിച്ച് വിജയപ്രദമെന്ന് കണ്ടതിനെ തുടര്‍ന്ന് 2001 നവമ്പര്‍ മാസത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പുതിയ ഉല്‍പ്പന്നത്തിന്റെ ഗുണങ്ങള്‍ ഭരണാധികാരികളിലും ജനങ്ങളിലും എത്തിക്കാനായി സ്വന്തം ഓട്ടോറിക്ഷയില്‍ പ്രചരണയാത്ര സംഘടിപ്പിച്ചിരുന്നു.
കര്‍ഷക പ്രസ്ഥാനമായ ഇന്‍ഫാമിന്റെ സഹായത്തോടെ നടത്തിയ യാത്രയില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് കെ സി ജോസഫ് എംഎല്‍എയുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ താവന്നൂര് കാര്‍ഷിക എന്‍ജിനീയറിംഗ് കോളജിലെ ഗവേഷണ വിഭാഗത്തോട് പുതിയ കണ്ടുപിടിത്തത്തെ കുറിച്ച് പഠനം നടത്താനും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗവേഷണത്തിനായി 35 ലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനിയര്‍ വിഭാഗം ഡീന്‍ എംആര്‍ ശരത്ചന്ദ്രദാസ് സ്വമേധയാ ഗവേഷണം നടത്തി വെളിച്ചെണ്ണ ഉപയോഗിച്ച് എന്ജിന് ഓയില്‍ ഉപയോഗപ്രദമെന്ന് കണ്ടെത്തുകയുമുണ്ടായി.
2003ല്‍ ഈ റിപ്പോര്‍ട്ട് നാളികേര വികസന ബോര്‍ഡിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. തവന്നൂര്‍ കര്‍ഷിക എന്‍ജിനീയറിംഗ് കോളജിലെ ഗവേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് 2008ല്‍ ആണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. രാജീവന്റെ ഉല്പന്നം തികച്ചും അനുകൂലമാണെന്നും പ്രോല്സാഹിപ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ഈ റിപ്പോര്‍ട്ട് ഫലം. എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടര്‍ന്ന് 2014ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് വിശദമായ പഠനം നടത്തി അന്തിമ തീരുമാനം അറിയിക്കാന്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റിലെ ഏഴംഗങ്ങളെ ചുമതലപ്പെടുത്തി.
ഈ റിപ്പോര്‍ട്ടും അനുകൂലമായതോടെ രാജീവന് ചെറുപുഴയെ അഭിനന്ദിക്കുകയൂം 10,000 രൂപ പാരിതോഷികം നല്കുകയുമുണ്ടായി. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ലെന്ന് രാജീവന് പറയുന്നു. അല്പം പോലൂം പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ഈ ഉല്‍പ്പന്നം ഉപയോഗിക്കാന്‍ അനുമതി നല്കിയാല് വിദേശ വിപണി പോലും കണ്ടെത്താന്‍ സാധിക്കുന്നതിലൂടെ കേര കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. മറ്റേത് ഓയിലിനേക്കാളും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും രാജീവന് പറഞ്ഞു. പുരുഷന് ഏലൂര്‍, സുനില്‍ കുമാര്‍ ചെറുപുഴ, ജോബി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: