മട്ടാഞ്ചേരി: ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് വിനോദനസഞ്ചാരികളുമായി കൊച്ചിയിലേക്കുള്ള ആദ്യ സഞ്ചാരക്കപ്പല്‍ ഒക്ടോബറിലെത്തും. ശ്രീലങ്ക-കേരള ടൂറിസം സംരംഭത്തിന്റെ ഭാഗമായാണ് സഞ്ചാരകപ്പല് സര്‍വീസ് തുടങ്ങുന്നത്. സംസ്ഥാന ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രചരണവുമായി കൊളംബോ, ചൈന എന്നിവിടങ്ങളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ടൂറിസം കപ്പല്‍ സര്‍വീസിന് പ്രാരംഭംകുറിക്കുന്നത്.
രണ്ടുലക്ഷത്തോളം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമേ കേരളത്തിലെത്തുന്നുള്ളുവെന്നാണ് കണക്കാക്കുന്നത്. ജലഗതാഗതം, വിമാനസര്‍വീസ് സംവിധാനങ്ങള്‍ ശക്തമാകുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുമെന്നാണ് ടൂറിസം മേഖല വിലയിരുത്തുന്നത്. കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലും ടൂറിസംകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളൊരുക്കിയാണ് ശ്രീലങ്കന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
കൊളംബോയില്‍നിന്ന് പുറപ്പെടുന്ന ആദ്യ സഞ്ചാരക്കപ്പല്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ കൊച്ചിതീരമണയും. ആദ്യഘട്ടത്തില്‍ സഞ്ചാരകപ്പലുകളും തുടര്‍ന്ന് കൊച്ചി-കൊളംബോ വിമാനസര്വീസുകളുമൊരുക്കാനാണ് പദ്ധതി. പ്രതിവര്‍ഷം പതിനായിരത്തോളം സഞ്ചാരികളെയാണ് ഇരുകേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടമായി ചൈനീസ് വിനോദസഞ്ചാരികള്‍ക്കായി സംസ്ഥാന ടൂറിസംവകുപ്പ് സൗകര്യമൊരുക്കുവാനും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: