ആലുവ: എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 161ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം ആഗസ്റ്റ് എട്ട് മുതല്‍ 30 വരെ തീയതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ശാഖാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.ഡി. ശ്യാംദാസ് അറിയിച്ചു.
ആഗസ്റ്റ് എട്ടിന് രാവിലെ 9ന് യൂണിയന് അതിര്‍ത്തിയിലെ എല്ലാ ശാഖ കുടുംബ യൂണിറ്റ് ആസ്ഥാനങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും പീതപതാകകള്‍ ഉയര്‍ത്തും. യൂണിയന് ആസ്ഥാനത്ത് പി.ഡി. ശ്യാംദാസ് പതാക ഉയര്‍ത്തും. ആഗസ്റ്റ് 16ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ രണ്ട് മേഖലകളായി തിരഞ്ഞ് ഇരുചക്ര വിളംബര ജാഥ സംഘടിപ്പിക്കും. മൊബിന് മോഹനനും അമ്പാടി ചെങ്ങമനാടും നയിക്കുന്ന ജാഥകള്‍ തോട്ടയ്ക്കാട്ടുകര ശാഖയില്‍ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്യും. 20ന് വൈകിട്ട് മൂന്നിന് ജ്യോതി പ്രയാണ വിളംബര റിലേ അദ്വൈതാശ്രമത്തില്‍ സി.എം.ആര്.എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത ഉദ്ഘാടനം ചെയ്യും. റിലേ ക്യാപ്റ്റന്‍ സനോജ് തേവയ്ക്കല്‍ ദീപശിഖ ഏറ്റുവാങ്ങും.
ജേ്യാതി ക്യാപ്റ്റന്‍ എ.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ 21 മുതല്‍ 24 വരെ 61 ശാഖകളിലും ദിവ്യജ്യോതി പര്യടനം നടത്തും. കെ.കെ. മോഹനന് വൈസ് ക്യാപ്റ്റനായിരിക്കും. ആഗസ്റ്റ് 30ന് വൈകിട്ട് മൂന്നിന് അദ്വൈതാശ്രമ കവാടത്തില്‍ നിന്നും ജയന്തി മഹാഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് അദ്വൈതാശ്രമത്തില്‍ നടക്കുന്ന സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്യും. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അന്‍വര്‍ സാദത്ത് എം.എല്‍.എ, നഗരസഭ ചെയര്മാന് എം.ടി. ജേക്കബ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: