ആലുവ: ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന ലോട്ടറി ചില്ലറ വില്പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. ബസ് അപകടത്തില്‍ ചെറുകുടല്‍ മുറിഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ലോട്ടറി ചില്ലറ വില്‍പ്പനയിലേക്ക് തിരിഞ്ഞ കിഴക്കേ കടുങ്ങല്ലൂര്‍ തേറെപ്പറമ്പില് രാധാകൃഷ്ണന് നായര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനശ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന രാധാകൃഷ്ണന് അഞ്ച് വര്‍ഷം മുമ്പാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ ബസില്‍ വീണ രാധാകൃഷ്ണന്റെ ചെറുകുടല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളോളം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലായിരുന്നു. വീടും പറമ്പും വിറ്റ് എട്ട് ലക്ഷത്തോളം രൂപ ചെലവാക്കിയെങ്കിലും ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായില്ല. ഭാരപ്പെട്ട ജോലികള്‍ ചെയ്യരുതെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സബ് ഏജന്‍സിയെടുത്ത് ലോട്ടറി വില്‍പ്പന ആരംഭിച്ചത്.
കാല് വേദനയും ബലക്കുറവും അനുഭവപ്പെട്ടതോടെ നടന്നുവില്പ്പനയും മുടങ്ങുന്ന അവസ്ഥയായി. കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ ഇരുന്ന് ടിക്കറ്റ് വില്ക്കാന് പമ്പ് ഉടമ സഹായം ചെയ്തു. തേജസ് ഏജന്‍സിയില്‍ നിന്നും എടുത്ത ധനശ്രീയുടെ 75 ടിക്കറ്റുകളില്‍ മിച്ചമുണ്ടായിരുന്ന 14 എണ്ണത്തില്‍ ഡി.എസ് 434728 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തേജസ് ഏജന്‍സിയില്‍ നിന്നാണ് ലോട്ടറിയടിച്ച വിവരം അറിയിച്ചത്. ആലുവ കാര്‍ഷിക ബാങ്കില്‍ നിന്നുള്ള വായ്പയുടെ തിരിച്ചടവ് മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. പണമില്ലാത്തതിനാല്‍ ആശുപത്രിയിലെ തുടര്‍ ചികിത്സയും മുടങ്ങിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: