കൂത്താട്ടുകുളം: നാളെ കര്‍ക്കിടകം പിറക്കുമ്പോള്‍ രാമായണ മാസാചരണം ഭക്തി സാന്ദ്രമാക്കുവാന്‍ ജില്ലയിലെ പ്രസിദ്ധമായ നാലമ്പലങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. നാലമ്പലദര്‍ശന തീര്ത്ഥയാത്രക്കെത്തുന്ന ഭക്തജനങ്ങള്‍ക്കായി മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീ ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് നാലമ്പല ദര്ശനതീര്ത്ഥയാത്രക്കാണ് ഒരുക്കങ്ങളാരംഭിച്ചിട്ടുള്ളത്.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ മനുഷ്യാവതാരമായി ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമനും, വിഷ്ണുവിന്റെ പാഞ്ചജന്യം എന്ന ശംഖ് ഭരതനായും, വിഷ്ണു തല്പമായ അനന്തന് ലക്ഷ്മണനായും, സുദര്‍ശന ചക്രം ശത്രുഘ്നനായും രാമസഹോദരന്മാരും, ദശരഥപുത്രന്മാരുമായി സൂര്യവംശത്തില്‍ അവതരിച്ചതായാണ് ഹൈന്ദവവിശ്വാസം.
ത്രേതായുഗത്തിലെ ചൈത്രമാസ ശുക്ലനവമിയില് കര്‍ക്കിടകക്കൂറില്‍ പുണര്‍തം നക്ഷത്രത്തില്‍ കൗസല്യാതനയനായി ഇക്ഷ്വാകുവംശപ്രഭുവായി ശ്രീരാമനും അടുത്ത ദിവസം പൂയം നക്ഷത്രത്തില്‍ കൈകേയി പുത്രനായി ഭരതനും തൊട്ടടുത്ത ദിവസം ആയില്യം നക്ഷത്രത്തില്‍ സുമിത്രാതനയന്മാരായി യഥാക്രമം ലക്ഷ്മണശത്രുഘ്നന്മാരും അവതരിച്ചെന്നാണ് വിശ്വാസം. മനുഷ്യര്‍ക്കായി മനുഷ്യരായി അവതരിച്ച നാല് മാതൃകാസഹോദരന്മാരേയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ത്തന്നെ അവരവരുടെ ക്ഷേത്രസങ്കേതങ്ങളിലെത്തി ദര്‍ശനം നടത്തിയ ശേഷം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരിച്ചെത്തി തീര്‍ത്ഥാടന ചക്രം പൂര്‍ത്തീകരിക്കുന്ന ആത്മീയപരമായ ശാസ്ത്രീയ പ്രക്രിയയാണ് നാലമ്പലദര്‍ശന തീര്‍ത്ഥയാത്ര. എറണാകുളം, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളുടെ സംഗമകേന്ദ്രമായ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മലയോര ഗ്രാമപ്രദേശങ്ങളില്‍ 27 കീ.മീ ദൈര്ഘ്യത്തിലായാണ് നാലമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. രാമായണത്തിലെ മാന്‍വേഷം പൂണ്ട മായാവിയായ രാവണ മാതുലന് മാരീചന് എന്ന രാക്ഷസനെ വധിച്ച് രാവണന്റെ സീതാപഹരണാനന്തരം വിരഹിതനായി വനത്തില്‍ കഴിയുന്ന ശ്രീരാമനാണ് മാമ്മലശ്ശേരി ക്ഷേത്രത്തിലെ വട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി ശിലാവിഗ്രഹത്തില്‍ ചതുര്ബ്ബാഹുവായി കുടികൊള്ളുന്നതത്രെ.
ജ്യേഷ്ഠനായ രാമന്റെ വനവാസയാത്രയറിഞ്ഞ് ശ്രീരാമനെ അയോദ്ധ്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി പുറപ്പെട്ട ഭരതശത്രുഘ്നന്മാര് വനമദ്ധ്യത്തില്‍ സൈന്യവുമായി കൂട്ടം തെറ്റി ഭരതസ്വാമി ഒറ്റപ്പെട്ടു പോയ സ്ഥലമത്രെ, മേമ്മുറി. മാമ്മലശ്ശേരി ക്ഷേത്രത്തില്‍ നിന്നും 5 കീ.മീ ദൂരത്തായാണ് ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം. മുളക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് നാലമ്പലവഴിയിലെ മൂന്നാമത്തേത്. നാലമ്പല ദര്ശനവഴിയിലെ നാലാമത്തേതാണ് നെടുങ്ങാട്ട് ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം. രാമായണവുമായി അഭേദ്യമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാലും, പുരാവൃത്തങ്ങളാലും സമ്പന്നമാണ് രാമമംഗലം. മാന്വേഷത്തിലെത്തിയ മാരീചനെ രാമന് വധിച്ചത് ഇവിടെയാണെന്നാണ് ഐതിഹ്യം. രാമബാണമേറ്റ മാന്‍ മലര്‍ന്നു വീണ പ്രദേശത്തിന് ‘മാന്‍മലച്ചേരി’ എന്നും പിന്നീട് മാമ്മലശ്ശേരിയെന്നും പേരുവീണു.
മാനിന്റെ മേല്‍ഭാഗം തെറിച്ചുവീണ സ്ഥലമാണത്രെ മേമ്മുറി. കീഴ്ഭാഗം വീണ ഇടം കിഴുമുറിയായി. ഊരുക്കള്‍ അഥവാ തുടഭാഗം വീണ സ്ഥലം ഊരമനയും, മാനിന്റെ മുറിഞ്ഞവാല്‍ നിലത്തുവീണ് പാമ്പിനെപ്പോലെ പുളഞ്ഞ സ്ഥലം പാമ്പാക്കുടയായും, വാലിട്ടടിച്ചു മണ്ണ് തെറിച്ച സ്ഥലം മണ്ണത്തൂരായും ഇപ്പോള്‍ അറിയപ്പെടുന്നു. അയോദ്ധ്യയില്‍ നഷ്ടപ്പെട്ട രാജകീയ ദാമ്പത്യം വനത്തില്‍ വീണ്ടെടുത്ത സ്ഥലമാണത്രെ ഇപ്പോഴത്തെ രാമമംഗലം. പണ്ട് കാടായിരുന്ന ഇവിടെ ഒരു പശു സ്വയം പാല് ചുരത്തുന്നത് കണ്ടൊരു സിദ്ധന് അന്നത്തെ രാജാവിനെക്കൊണ്ട് പണികഴിപ്പിച്ചതാണ് ഇന്നത്തെ മാമലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം എന്നും ആണ് തലമുറകളായുള്ള വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: