കോഴിക്കോട്: നിര്‍മാതാക്കളും വിതരണകമ്പനികളും സിനിമാവ്യവസായത്തെ തകര്‍ക്കുകയാണെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിതരണക്കാരും നിര്‍മാതാക്കളും സെന്‍സര്‍ ബോര്‍ഡിനെ പോലും സ്വാധീനിക്കുകയാണ്.
പെരുന്നാള്‍ സീസണില്‍ മൂന്ന് സിനിമകളുടെ റിലീസിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. മന്ത്രി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. തീയേറ്റര്‍ ഉടമകളില്‍ നിന്നും മൂന്‍കൂര്‍ പണം വാങ്ങിയശേഷം സിനിമകളുടെ വൈഡ് റിലീസിംഗ് നടത്താനുള്ള ശ്രമം അനുവദിക്കില്ല. വൈഡ് റിലീസിംഗിന് ഫെഡറേഷന് എതിരല്ലെന്നും തീയേറ്റര്‍ ഉടമകളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങിയ ശേഷം വിശ്വാസവഞ്ചന നടത്തുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീയേറ്റര്‍ ഉടമകളില്‍ നിന്ന് രണ്ടരകോടിയോളം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം പെരുന്നാള്‍ സീസണില്‍ ബാഹുബലി സിനിമ വൈഡ് റിലീസിംഗ് നടത്തി ഫെഡറേഷനെ വഞ്ചിക്കുകയാണ് സെഞ്ച്വുറി ഫിലിംസ് അധികൃതര്‍ ചെയ്തത്. തീയേറ്റര്‍ ഉടമകളോടും ഷോപ്പിംഗ് മാളുകളിലെ മള്‍ട്ടിപ്ലക്സുകളോടും രണ്ട് നിലപാട് സ്വീകരിക്കുന്നത് ശരിയല്ല.
തീയേറ്റര്‍ ഉടമകളില്‍ നിന്ന് ആദ്യ ആഴ്ചയില്‍ കളക്ഷന്റെ അറുപത് ശതമാനം വിതരണക്കാര്‍ ഈടാക്കുമ്പോള്‍ മാള്‍ അധികൃതരില്‍ നിന്ന് അമ്പത് ശതമാനം മാത്രമാണ് വാങ്ങുന്നത്. ഇക്കാര്യത്തില്‍ ഏകീകരണം ഉണ്ടാകണം. കേരളത്തില്‍ മൂന്ന് മാളുകളൊഴിച്ച് ബാക്കിയുള്ളവ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ചട്ടംലംഘിച്ച് മാളുകളില്‍ തീയേറ്ററുകള്‍ നടത്തുന്നതിനെതിരെ ഫെഡറേഷന് ഹൈക്കോടതിയെ സമീപിക്കും.
പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഏഴ് കോടിയോളം രൂപയാണ് നഷ്ടം സംഭവിച്ചത്. അമ്പത് കോടി ക്ലബ്ബില്‍ എത്താന്‍ സാധ്യത കല്‍പ്പിച്ച സിനിമയായിരുന്നു പ്രേമം. അതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെയോ ഭയപ്പെടുന്നതായി സംശയമുണ്ട്. പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. നാല്പത് ദിവസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും അന്വേഷണം എവിടേയും എത്താത്ത അവസ്ഥയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് ഭാരവാഹികളായ കുറ്റിയില്‍ സതീശ്, അഡ്വ. ഷാജു, ഡോ. രാംദാസ്, കെ സി ഇസ്മയില്‍, അഡ്വ. എം രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: