ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിനു സമീപമുള്ള ഏരേകത്താണ് തറവാട്. അച്ഛന് പരമേശ്വരന് വിദേശത്താണ്. അമ്മ സുനിത എല്‍ഐസിയില്‍. വീടിനടുത്ത ഡോണ്‍ബോസ്കോ സ്കൂളിലായിരുന്നു പഠനം. പ്ലസ് വണ്‍, പ്ലസ്ടു പഠനം അച്ഛനും അമ്മയും പഠിച്ച നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍. കോളേജ് ജീവിതം സിഎംഎസ് കോളേജില്‍.
സ്കൂളില്‍ പഠിക്കുമ്പോള്‍ പാട്ടും ഡാന്‍സും ഇഷ്ടമായിരുന്നു. മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. ഏഴാംക്ലാസിലെത്തിയപ്പോള്‍ വീടിനടുത്തെ നാടകക്കളരിയില്‍ പോകുമായിരുന്നു. സ്കൂള്‍ വേദികളില്‍ മുഖം കാണിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുന്നതവിടെ നിന്നാണ്. സ്കൂളില്‍ പഠിത്തത്തില്‍ ഒന്നാമതൊന്നുമല്ലെങ്കിലും കുഴപ്പമില്ലാതെ മാര്‍ക്ക് വാങ്ങുന്ന കുട്ടിയായിരുന്നു. കലയുമായോ മീഡിയയുമായോ ബന്ധപ്പെട്ട ഏതെങ്കിലും രംഗത്ത് ഞാനെത്തുമെന്ന് ഡോണ്‍ ബോസ്കോ സ്കൂളിലെ ടീച്ചര്മാര് പറയുമായിരുന്നു.
നാഷണല്‍ സ്കൂള്‍ എന്നെ ശരിക്കും മാറ്റി മറിച്ചു. അധ്യാപകര്‍ക്കെല്ലാം പരിചയമുണ്ടായിരുന്നതുകൊണ്ട് സ്കൂളില്‍ ശ്രദ്ധിക്കപ്പെടുന്ന കുട്ടിയായി മാറി. പ്രേമത്തിലെ മേരിയാവാന്‍ എന്നെ സഹായിച്ചതും ഈ സ്കൂളിലെ അനുഭവങ്ങളാണ്. സ്കൂളുമായുണ്ടായിരുന്ന വീട്ടുകാരുടെ പരിചയം എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങു തടിയായില്ല. മേരിയുടെ പുറകെ നടന്നതുപോലെ എന്റെ പുറകെ നടക്കാനും കുറെ പേരുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മേരിയില്‍ നിന്നും വ്യത്യസ്തയായിരുന്നു ഞാന്‍. എന്റെ പുറകെ നടന്നവരെ കരയിപ്പിച്ചിട്ടുണ്ട്. അവര്‍ എന്താണോ പറയാനുദ്ദേശിക്കുന്നത് അത് ഞാന്‍ തിരിച്ചു അങ്ങോട്ടു ചോദിക്കും. ചിലര്‍ ടെന്‍ഷന്‍ അടിച്ച് കരഞ്ഞിട്ടുണ്ട്. മേരിയുടെ അച്ഛനെപ്പോലെ പിള്ളാരെ ചീത്തവിളിക്കാനും തല്ലാനും പോകുന്ന അച്ഛനല്ലാത്തതുകൊണ്ട് എല്ലാകാര്യവും ഞാന്‍ വീട്ടില്‍ പറയുമായിരുന്നു.
ബിഎ ഇംഗ്ലീഷിന് കോട്ടയം സിഎംഎസ് കോളേജിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. അമ്പലത്തിന്റെയും നാടന്‍ കലകളുടെയും നാട്ടില്‍ നിന്നും വന്ന ഞാന്‍ ശരിക്കും അടിച്ചുപൊളിച്ചത് കോളേജിലാണ്. ജീവിതത്തിന്റെ പല മേഖലകളിലുള്ളവരെ പരിചയപ്പെടാനായി. സൗഹൃദങ്ങള്‍ സൃഷ്ടിക്കാനായി. കോളേജ് ഹോസ്റ്റലിലായിരുന്നുവെങ്കിലും മാക്സിമം എന്ജോയ് ചെയ്തു. ബഹളമുണ്ടാക്കി നടക്കുന്ന എനിക്ക് സിനിമയോട് കൂടുതല്‍ ഇഷ്ടം തോന്നിയതും അവിടെ വച്ചാണ്.
പ്രേമത്തിലെ മേരിയായത്
കോളേജില്‍ പഠിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ നിവിന്‍പോളി പുതിയ സിനിമയ്ക്കായി നായികയെ തേടുന്നത്. എന്റെ സുഹൃത്താണ് നിന്റെ ഫോട്ടോസ് അയച്ചേക്ക് എന്ന് പറയുന്നത്. കൈയില്‍ ഫോട്ടോസ് ഒന്നും ഇല്ലാത്തതുകൊണ്ട് സെല്‍ഫിയെടുത്താണ് അയച്ചുകൊടുത്തത്. അന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ ഓഡിഷനു വിളിച്ചു. കടവന്ത്രയിലെ ത്രീഡോട്ട്സ് സ്റ്റുഡിയോയിലായിരുന്നു ഓഡിഷന്. ആദ്യമായി ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഇവിടെ വച്ചാണ്.
അല്‍ഫോണ്‍സ് ചേട്ടനെയും നിവില്‍ ചേട്ടനേയുമൊക്കെ പരിചയപ്പെടുന്നതും മേരിയുടെ സീനുകള്‍ ഏറ്റവും അവസാനമാണ് ഷൂട്ട് ചെയ്തത്. സിനിമ ആരംഭിച്ചതു മുതല്‍ ടീം മേരിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ വരവ്. ഓഡിഷന് കഴിഞ്ഞിറങ്ങിയപ്പോള്‍ അവരോടൊപ്പം കൂടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം പ്രൊഡക്ഷന്‍ ടീമിലുള്ളവരാണ് അമ്മയെ വിളിച്ച് സെലക്ട് ചെയ്ത കാര്യമറിയിക്കു
ന്നത്.
‘പ്രേമ’ത്തിനു ശേഷമുള്ള അനുപമ
കോളേജ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ നഷ്ടമായി ‘പ്രേമം’ ഇറങ്ങിയതിനുശേഷം ഒരു ദിവസം മാത്രമാണ് കോളേജില്‍ പോകാന്‍ സാധിച്ചത്. അത് സിനിമയുമായി ബന്ധപ്പെട്ട് ഒരു ഇന്റര്‍വ്യൂവിനായിരുന്നു ചെന്നിറങ്ങിയപ്പോള്‍ അടുത്ത കൂട്ടുകാരൊക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു. മുമ്പ് കണ്ടവരൊക്കെ ഒരു പ്രത്യേകതയോടെയാണ് കാണുന്നത്. കൂട്ടുകാരോടൊത്ത് അടിച്ചുപൊളിച്ച ദിനങ്ങള്‍, തമാശകള്‍, ഒരുമിച്ചുള്ള സിനിമ കാണലുകള്‍, ആ സ്വകാര്യത ഇപ്പോള്‍ നഷ്ടമായിട്ടുണ്ട്.
‘പ്രേമ’ത്തിലെ നായകന്
നിവിന്‍പോളി ചേട്ടന് പൊതുവേ സൈലന്റാണ് എന്നാല്‍ സെറ്റില്‍ എന്നോട് കമ്പനിയായിരുന്നു. തുടക്കത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. പിന്നീടത് മാറി.
‘പ്രേമ’ത്തിലെ മേരിയുടെ ഹെയര്‍ സ്റ്റൈല്‍
അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അല്‍ഫോണ്‍സ് ചേട്ടനാണ്. ചുരുണ്ടമുടി അഴിച്ചിട്ട് അഭിനയിക്കണമെന്നു പറഞ്ഞത് ചേട്ടനാണ്. അന്ന് അതിത്രയും ഹിറ്റാവുമെന്നു കരുതിയില്ല. മേരി കാരണം ചുരുണ്ട പെണ്‍കുട്ടികള്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നതില് സന്തോഷമേറെയുണ്ട്.
‘പ്രേമ’ത്തിനു പിന്നിലെ സൗഹൃദങ്ങള്‍
മഡോണയും സായ് പല്ലവിയും എന്റെ നല്ല സുഹൃത്തുക്കളായി. 18 ദിവസം മാത്രമാണ് എനിക്ക് ഷൂട്ടുണ്ടായിരുന്നത്. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകളില്ലായിരുന്നു. മഡോണയെ നേരത്തെ കണ്ടിരുന്നു. എന്നാല്‍ സായ് പല്ലവിയെ റിലീസിന്റെ അന്നാണ് കാണുന്നത്. കുറേനേരം സംസാരിച്ചു. സായ് റഷ്യയില്‍ പോയ ശേഷവും വിളിക്കാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ മൂവരും പരസ്പരം പങ്കുവയ്ക്കാറുണ്ട്.
‘പ്രേമ’ത്തിലെ നായികയുടെ പ്രേമം
പ്രേമത്തിലെ നായികയ്ക്കും പ്രേമമുണ്ടായിരുന്നു. സ്കൂളില്‍ വച്ചുതന്നെ തകര്‍ന്നടിഞ്ഞു. പ്ലസ്ടുവിന് നാഷണല്‍ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. മേരിയുടെ കാലത്തെപോലെ സൈക്കിളും കത്തുമൊന്നുമില്ലായിരുന്നു. ബൈക്കിന്റെയും ഫേസ് ബുക്കിന്റെയുമൊക്കെ കാലം. രണ്ടുപേരും അത് പ്രായത്തിന്റെ ചാപല്യമാണെന്ന് തിരിച്ചറിഞ്ഞ് കൈകൊടുത്തു പിരിഞ്ഞു. ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.
മേരിയും അനുപമയും
മേരിയും അനുപമയും തമ്മില്‍ മാനറിസങ്ങളില്‍ സാമ്യതയുണ്ട്. അനുപമ ബോള്‍ഡാണ്. പറയാനുള്ളത് പറയും. സെന്‍സിറ്റീവാണ്. പെട്ടെന്ന് സന്തോഷം വരും പെട്ടെന്ന് സങ്കടവും ദേഷ്യവുമൊക്കെ വരും. വായന കുറവാണ്. അതുപോലെ ഉറക്കവും. കൂട്ടുകാരോട് കത്തിവയ്ക്കുക പ്രധാന വിനോദം. യാത്രകള്‍ ഇഷ്ടമാണ്. മടിപിടിച്ചിരിക്കുകയെന്നത് മറ്റൊരു പ്രത്യേകത. ഓരോ നേരത്തും ഓരോ ഇഷ്ടമാണ്. ഗ്രാമീണതയും ആധുനികതയും ഒരു പോലെ ഇഷ്ടമാണ്. സിനിമകളും ശ്രദ്ധിക്കാറുണ്ട്.
ഇഷ്ടകഥാപാത്രങ്ങള്‍
മനസില്‍ ഇപ്പോള്‍ ഏറ്റവും തങ്ങി നില്‍ക്കുന്നത് ‘പ്രേമ’ത്തിലെ മലരാണ്. പിന്നെ മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രം, ആറാം തമ്പുരാനിലെയും കണ്ണെഴുതി പൊട്ടുംതൊട്ടിലെ മഞ്ജുവാര്യരുടെ കഥാപാത്രം, റോജയിലെ മധുബാലയുടെ കഥാപാത്രം, റിഥത്തിലെ മീനയുടെ കഥാപാത്രം.
പുതിയ പദ്ധതികള്‍
ഒന്നും ഏറ്റെടുത്തിട്ടില്ല. മേരിയെ ശരിക്കും ആസ്വദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: