കുന്നത്തൂര്‍: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രധാനപാതയോരങ്ങളില്‍ കൂണുകള്‍ പോലെ മുളച്ച് പൊങ്ങുകയാണ് തമിഴ്നാട് തട്ടുകടകള്‍.വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടുകടകള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.ഭക്ഷണം പാകം ചെയ്ത് നല്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ വേണമെന്നിരിക്കെയാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുമുള്ള പ്രത്യേക സംഘങ്ങളാണ് ഉന്തുവണ്ടികളില്‍ ഇത്തരം തട്ടുകടകള്‍ക്ക് പിന്നിലുള്ളത്.
എല്ലാ കവലകളിലും പ്രധാന പാതയോരങ്ങളിലും തട്ടുകട കച്ചവടം പൊടിപൊടിക്കുകയാണ്. പാതയോരങ്ങളില്‍ അഴുക്കുചാലുകളുടെയും ഓടകളുടെയും സമീപത്ത് വച്ച് തന്നെയാണ് ഭക്ഷണം പാകംചെയ്യലും വില്‍പ്പനയും നടക്കുന്നത്.ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്ഥലത്തിന്റെയും മറ്റ് സാധനങ്ങളുടെയും ശുദ്ധത സംബന്ധിച്ച് യാതൊരുറപ്പുമില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിക്കുന്ന കച്ചവടം രാത്രി 10 മണിക്കാണവസാനിക്കുന്നത്. വിലക്കുറവ് കൊണ്ടും രുചിയിലെ ആകര്‍ഷണം മൂലവും വലിയ രീതിയിലാണ് ആളുകള്‍ ഇത്തരം കടകളില്‍ എത്തിച്ചേരുന്നത്. ഒരാഴ്ച്ചയോളം കേട് കൂടാതിരിക്കുന്ന വളരെ കട്ടി കൂടിയ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന പാലാണ് ചായയ്ക്കായി ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ തട്ടുകടകള്ക്കുമായി ഒരുമിച്ച് ആഴ്ചയിലൊരിക്കലാണ് പാലെത്തുന്നത്.
ഭക്ഷണസാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി അജിനോമോട്ടയും മറ്റ് നിരോധിത രുചിവര്‍ദ്ധക വസ്തുക്കളും കൂടിയ അളവില്‍ ഉപയോഗിക്കുന്നതായാണ് വിവരം. വറുക്കാനുപയോഗിക്കുന്ന എണ്ണയുടെ ഗുണമേന്മ സംബന്ധിച്ചും സംശയവും ഉണ്ട്. ഇത്തരം തമിഴ് തട്ടുകടകളുടെ വരവോടുകൂടി പ്രദേശിക ചായക്കടകളിലെ കച്ചവടത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.
പതിനായിരങ്ങള്‍ വാടകയിനത്തിലും കറണ്ട്, വെള്ളചാര്ജുകള്ക്കുമായി ഉപയോഗിക്കുന്ന സാധാരണ ചായക്കടകള്‍ ഇന്ന് ഭീഷണിയിലാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ലോബിയാണ് ഇത്തരം കുറഞ്ഞ മുതല്‍മുടക്കിലൂടെ കൊള്ള ലാഭം ഉണ്ടാക്കുന്നത്. എന്നിട്ടും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വ്യാപാരികള്‍ തികഞ്ഞ നിസ്സഹായാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: