തിരുവനന്തപുരം:പ്രേമം സിനിമയുടെ വ്യാജപകര്‍പ്പ് ഇറങ്ങിയ സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനോടും സംവിധായകന് അല്‍ഫോണ്‍സ് പുത്രനോടും നേരിട്ട് ഹാജരാകാന്‍ ആന്റി പൈറസി സെല്‍ നിര്‍ദേശം. പരാതിയുമായി ബന്ധപ്പെട്ട്് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയാണ് ഇരുവരോടും ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ എസ്പി രാജ്പാല് മീണ ആവശ്യപ്പെട്ടത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളറിയാനാണ് സംവിധായകനോടും നിര്‍മ്മാതാവിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ ഘട്ടങ്ങളില്‍ ആരെല്ലാം സിനിമയുടെ പ്രിന്റ് കെകാര്യം ചെയ്തെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇ മെയിലിലൂടെ കഴിഞ്ഞ 29ന് അന്‍വര്‍ റഷീദ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല.
അന്‍വര്‍ റഷീദിന്റെ മാനേജര്‍ സുനിലില്‍നിന്ന് അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു. എന്നാല്‍ സാങ്കേതികമായ കാര്യങ്ങളുള്ളതിനാല്‍ കേസ് അന്വേഷണം നീണ്ടുപോകുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. കേസന്വേഷണം നല്ലരീതിയിലാണ് പുരോഗമിക്കുന്നത്. ഉടന്‍ കുറ്റവാളികളെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.ക്രൈംബ്രാഞ്ച് എസ്പി.രാജ്പാല് മീണ,ഡിവൈഎസ്പി എം. ഇക്്ബാല്‍, എസ്ഐ ഡി.കെ.പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി വ്യാജ സിഡിയായി ഇറങ്ങിയതിനെ കുറിച്ചുള്ള അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ച് തിയേറ്ററുടമകള്‍ സിനിമാ ബന്ദിന് ഒരുങ്ങുകയാണ്. അന്വേഷണം നടക്കുന്നത് സിനിമ ഷൂട്ടിംഗ് പോലെയാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: