കൊച്ചി: ചലച്ചിത്രസംഘടനയില് നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ്. രാജി പിന്‍വലിക്കാന്‍ സംഘടനകളില്‍ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയെ പിളര്‍ത്താനല്ല ശക്തിപ്പെടുത്താനാണ് താന്‍ രാജി വച്ചത്.
പുതിയ സംഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംഘടനയിലേക്ക് തിരിച്ചു പോകുമോ എന്നു ഇപ്പോള്‍ പറയാനാവില്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
അതേസമയം ‘പ്രേമം’ സിനിമയുടെ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തയാളെ കണ്ടെത്തിയതായും അന്‍വര്‍ റഷീദ് പറഞ്ഞു. തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്പില് ഹാജരായി തെളിവുകള്‍ കൈമാറും. സിനിമയുടെ കോപ്പി നാലിടത്താണ് നല്‍കിയിരുന്നത്. അതില്‍ എവിടെ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തണം.
പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന് കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അന്‍വര്‍ റഷീദ് ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും രാജിവച്ചത്.
സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ഓണ്‍ലൈനിലൂടെയും വിപണികളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് സുലഭമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സിനിമാ സംഘടനകള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
തിയറ്ററുകളില്‍ നിറഞ്ഞോടുന്ന നിവിന്‍ പോളി ചിത്രം പ്രേമം സിനിമയുടെ നിര്‍മാതാവും കൂടിയാണ് അന്‍വര്‍ റഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: